കൊച്ചി: രണ്ടു വിദേശയാത്രകളുടെ രേഖകള്‍ ഹാജരാക്കാന്‍ മന്ത്രി കെ.ടി. ജലീലിന് കസ്റ്റംസിന്റെ നിര്‍ദേശം. വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഷാര്‍ജയിലേക്കും ദുബായിലേക്കും നടത്തിയ യാത്രകളുടെ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. ഷാര്‍ജയില്‍ നടന്ന പുസ്തകമേളയിലും ദുബായില്‍ നടന്ന തിരൂരങ്ങാടി പിഎസ്എംഒ കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ, അനുമതി പത്രമടക്കമുള്ള രേഖകളാണ് ചോദിച്ചിരിക്കുന്നത്.

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്ത് വിതരണം ചെയ്ത കേസില്‍ ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ യാത്ര രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. മതഗ്രന്ഥം വിതരണം ചെയ്യാന്‍ സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം മാത്രമാണ് തനിക്കെന്നും സിആപ്റ്റിലെത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തിട്ടില്ലെന്നും മന്ത്രി കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

അതേസമയം മന്ത്രിയുടെ മറുപടികളില്‍ കസ്റ്റംസ് വൃത്തങ്ങള്‍ തൃപ്തരല്ലെന്നാണ് വിവരം. മന്ത്രിയുടെ പല മറുപടികളും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. അതുകൊണ്ടാണ് വിദേശയാത്രയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം മന്ത്രിയെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് വിവരം.