എടപ്പാള്‍: തിയേറ്ററില്‍ വെച്ച് പത്ത് വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ മടിച്ച ചങ്ങരംകുളം എസ്.ഐ ബേബിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ സസ്‌പെന്‍ഷനിലാണ്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമത്തിലെ 19, 21, 21 (1), ഐ.പി.സി 166 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എസ്.ഐക്കെതിരെ കേസെടുത്തിരിക്കുന്നത്.

പോക്‌സോ കേസ് പ്രകാരം ഒരു പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് നിയമം. ഇതിന്റെ നഗ്നമായ ലംഘനമാണ് എസ്.ഐയുടെ നടപടി. അറസ്റ്റ് ചെയ്ത ശേഷം എസ്.ഐയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അതിനിടെ പൊലീസിനുണ്ടായ വീഴ്ച ഒരു എസ്.ഐയുടെ അറസ്റ്റിലൂടെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. കൃത്യവിലോപത്തിന് ബേബിയെപ്പോലെ മറ്റ് ഉദ്യോഗസ്ഥരും ഉത്തരവാദിയാണെന്നിരിക്കെ നടപടി വിരമിക്കാനിരിക്കുന്ന എസ്.ഐ ആയ ബേബിയില്‍ ഒതുക്കാനാണ് ശ്രമമെന്നാണ് ആരോപണം.