മോദി സര്‍ക്കാറിന്റെയും ബി.ജെ.പിയുടേയും അഴിമതിവിരുദ്ധ മുഖംമൂടി ഒന്നിനു പിന്നാലെ ഒന്നായി അഴിഞ്ഞുവീണു കൊണ്ടിരിക്കുകയാണ്. ഇതില്‍ ഒടുവിലത്തേതാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും മുഖ്യ നടത്തിപ്പുകാരായ ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന സംഘടന ആയുധ, വിമാന കമ്പനികളില്‍നിന്ന് വന്‍തുക സംഭാവന പറ്റിയെന്ന ‘ദ വയറി’ന്റെ വെളിപ്പെടുത്തല്‍. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, വാണിജ്യമന്ത്രി സുരേഷ് പ്രഭു, വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ തുടങ്ങി മോദി മന്ത്രിസഭയിലെ പ്രമുഖര്‍ ഡയരക്ടര്‍മാരായ സംഘടനയാണ് ഇന്ത്യാ ഫൗണ്ടേഷന്‍. കോര്‍പ്പറേറ്റ് വൃത്തങ്ങളില്‍നിന്ന് സര്‍ക്കാറിതര സംഘടനകള്‍ പ്രവര്‍ത്തന ഫണ്ടിലേക്ക് സംഭാവന പറ്റുന്നതില്‍ നിയമപരമായി അപകാതയുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇതിന് ചില കീഴ്‌വഴക്കങ്ങളും മാനദണ്ഡങ്ങളും നിലനില്‍ക്കുന്നുണ്ട്. കമ്പനീസ് ആക്ട് 2013 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍ അറ്റാദായത്തിന്റെ രണ്ടു ശതമാനം കോര്‍പ്പറേറ്റ് സമൂഹിക ഉത്തരവാദിത്ത(സി.എസ്.ആര്‍) ഫണ്ട് ആയി മാറ്റിവെക്കേണ്ടതുണ്ട്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടനകള്‍ക്ക് തുക കൈമാറിയാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത്. എന്നാല്‍ ഇതില്‍നിന്ന് തീര്‍ത്തും ഭിന്നമാണ് ‘ദ വയര്‍’ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത.

ശാക്തിക, സാമ്പത്തിക നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും പ്രബന്ധങ്ങള്‍ തയ്യാറാക്കുകയും ചെയ്യുന്ന സംഘടന എന്നാണ് ഇന്ത്യാ ഫൗണ്ടേഷന്‍ അതിനെ സ്വയം വിശേഷിപ്പിക്കുന്നത്. നടത്തിപ്പുകാരും ഡയരക്ടര്‍മാരും കേന്ദ്ര ഭരണത്തില്‍ നേരിട്ട് പങ്കാളിത്തം വഹിക്കുന്നവരോ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ളവരോ ആണ്. ആയുധ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള രാജ്യസുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് ബുദ്ധി ഉപദേശിച്ചു നല്‍കേണ്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകനാണ് സംഘടനയുടെ മുഖ്യനടത്തിപ്പുകാരില്‍ ഒരാള്‍. മറ്റൊന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും. എന്തു പേരിലായാലും ആയുധ കമ്പനികളില്‍നിന്ന് ഉള്‍പ്പെടെ ഇവര്‍ സംഭാവന പറ്റുന്നു എന്നു പറഞ്ഞാല്‍ വിരുദ്ധ താല്‍പര്യം പ്രത്യക്ഷമായിത്തന്നെ കടന്നുവരുന്നുണ്ട്.

ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ ഇവര്‍ പറ്റിയ സംഭാവനകള്‍ രാജ്യത്തിന്റെ ആഭ്യന്തര, പ്രതിരോധ നയങ്ങളെ സ്വാധീനിക്കാനുള്ള കുറുക്കുവഴിയായി മാറിയേക്കാം. ആ സംശയങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനും വാര്‍ത്തയില്‍ പേരു വന്നിട്ടുള്ള കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമുണ്ട്. അന്വേഷണം നേരിടുന്ന വിമാനക്കമ്പനിയായ ബോയിങില്‍നിന്ന് ഉള്‍പ്പെടെ സംഘടന സംഭാവന പറ്റിയിട്ടുണ്ട് എന്നത് കാര്യത്തിന്റെ ഗൗരവം പിന്നെയും വര്‍ധിപ്പിക്കുന്നു. നയരൂപീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യാ ഫൗണ്ടേഷന്‍ കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യ നടത്തിപ്പുകാരനായ ശൗര്യ ഡോവല്‍ തന്നെ നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ആയുധ, വിമാന കരാറുകള്‍ നേടിയെടുക്കാന്‍ പിന്‍വാതില്‍ വഴികളായി ഇത്തരം സംഭാവനകളെ കോര്‍പ്പറേറ്റുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടന്നിട്ടുള്ള പ്രതിരോധ, വിമാന ഇടപാടുകള്‍ അന്വേഷണ വിധേയമാക്കിയെങ്കില്‍ മാത്രമേ സത്യം വെളിച്ചത്തു വരൂ. എത്ര തുക പറ്റിയെന്നോ, ആരില്‍നിന്നൊക്കെ സംഭാവനകള്‍ വാങ്ങിയെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവിടാനുള്ള ധാര്‍മ്മികത സംഘടനയും കാണിക്കേണ്ടിയിരിക്കുന്നു.

ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്‍ ജെയ് അമിത് ഷായുടെ കമ്പനികളുടെ ആസ്തിയില്‍, മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ക്രമാതീതമായ വര്‍ധന ഉണ്ടായെന്ന വാര്‍ത്തകള്‍ നേരത്തെ ‘ദ വയര്‍’ പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. വാര്‍ത്തയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ബി.ജെ.പി നേതൃത്വത്തിനോ കേന്ദ്ര സര്‍ക്കാറിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണവും നിയമനടപടികളും നേരിട്ട് അഗ്നിശുദ്ധി വരുത്തുന്നതിനു പകരം മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. അഴിമതിക്കെതിരായ കുരിശുയുദ്ധം പ്രഖ്യാപിച്ച മോദിയുടെ ഇത്തരം വിഷയങ്ങളിലെ മൗനവും എന്‍.ഡി.എ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നുണ്ട്. നോട്ടു നിരോധനം പോലുള്ള നടപടികളിലൂടെ രാജ്യത്തെയൊന്നാകെ അനിശ്ചിതത്വത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും തള്ളിവിടുന്ന സര്‍ക്കാര്‍, ഭരണ സ്വാധീനത്തിന്റെ തണലില്‍ വളരുന്ന ഇത്തിള്‍കണ്ണികള്‍ക്കെതിരെ സൗകര്യപൂര്‍വ്വം കണ്ണടക്കുകയാണ്.

ബി.ജെ.പി ഭരണത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന ഓര്‍ഡിനന്‍സും ഇതിനോട് ചേര്‍ത്തു വായിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, ജഡ്ജിമാര്‍, മുന്‍ മന്ത്രിമാര്‍, റിട്ട. ജഡ്ജിമാര്‍ തുടങ്ങിയവര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കേസെടുക്കാനോ അന്വേഷണം നടത്താനോ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. മാത്രമല്ല, പ്രോസിക്യൂഷന്‍ അനുമതി വരും മുമ്പ് അഴിമതി ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രണ്ടു വര്‍ഷം വരെ ജയിലില്‍ അടക്കാവുന്ന ക്രിമിനല്‍ കുറ്റമായാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ജനാധിപത്യത്തിലെയും ഭരണസംവിധാനത്തിലേയും അഴിമതിയുടെ പുഴുക്കുത്തുകളെ ഭദ്രമായി മൂടിവെക്കുകയാണ് വസുന്ധരരാജെ സര്‍ക്കാര്‍ ഓര്‍ഡിന്‍സ് വഴി ലക്ഷ്യമിട്ടത്. വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് രാജ്യത്ത് ഇപ്പോള്‍ തന്നെ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ നിലവിലുണ്ട് എന്നിരിക്കെ, വ്യാജ വാര്‍ത്തകള്‍ തടയാനാണ് നിയമനിര്‍മാണമെന്ന രാജസ്ഥാന്‍ സര്‍ക്കാറിന്റെ വാദം അടിസ്ഥാനമില്ലാത്തതാണ്. കേന്ദ്ര സര്‍ക്കാറിന്റെയും ബി.ജെ.പിയുടേയും അഴിമതി വിരുദ്ധ നിലപാടുകളിലെ കാപട്യമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്.