നോട്ട് നിരോധനത്തിന്റെയും യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതിന്റെയും പരിണിതഫലമായി രാജ്യം സാമ്പത്തികമായി തകര്‍ന്ന അവസരത്തില്‍തന്നെയാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നത്. പട്ടിണിയുടെ കാര്യത്തില്‍ രാജ്യം മുമ്പോട്ടു കുതിക്കുന്നതായുള്ള റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 2017 ലോക പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് മൂന്ന് പദവികള്‍കൂടി താഴേക്ക് പതിച്ചിരിക്കുകയാണ്. ഐറിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഭക്ഷ്യ ഗവേഷണ സ്ഥാപനവും ജര്‍മ്മനിയിലെ സ്വകാര്യ ഏജന്‍സിയും ചേര്‍ന്നാണ് ലോക പട്ടിണി സൂചിക റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. 119 രാജ്യങ്ങളുടെ പട്ടികയില്‍ രാജ്യത്തിന്റെ പദവി 100ലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 2016ല്‍ ഇത് 97 ആയിരുന്നു. ജിബൂട്ടി, ശ്രീലങ്ക, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് ഒപ്പമുള്ളത്. ഈ രാജ്യങ്ങളില്‍ 20 ശതമാനം കുഞ്ഞുങ്ങളും പട്ടിണി കാരണം ഭാരക്കുറവ് അനുഭവിക്കുന്നവരാണ്. ഇന്ത്യയില്‍ 21 ശതമാനം കുട്ടികളും പട്ടിണി കാരണം ബലഹീനരാവുന്നതായും പട്ടിണി സൂചികയില്‍ വ്യക്തമാക്കുന്നു. 2017 ലെ പട്ടിണി സൂചിക പ്രകാരം അതീവ ഗൗരവമുള്ള പട്ടികയിലാണ് ഇന്ത്യ ഉള്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്തു കഴിക്കണം എന്ന് പറഞ്ഞ് നാം കലഹിക്കുന്നത് ഒന്നും കഴിക്കാനില്ലാത്ത കോടിക്കണക്കിന് ആളുകളുള്ള ഒരു രാജ്യത്താണെന്നാണ് ഇത് ഓര്‍മ്മപ്പെടുത്തുന്നത്. ചുറ്റും ആഹാരത്തിനായി കേഴുന്ന കോടിക്കണക്കിന് ജനങ്ങളുടെ ഒരു നേരത്തെ വിശപ്പെങ്കിലും അകറ്റിയിട്ടു പോരെ ഈ വോട്ട് ബാങ്ക് രാഷ്ട്രീയക്കളിയെന്ന് ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് ജാതി നല്‍കി അതു നിരോധിക്കുന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്. പശുക്കള്‍ക്ക് എ.സി റൂമുകളും ആസ്പത്രികളും ആംബുലന്‍സുകളും ഒരുക്കുന്ന ഒരു രാജ്യത്തു തന്നെയാണ് ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ തോളിലേറ്റി, മകളുടെ കൈപിടിച്ചു നടക്കുന്ന പിതാവിന്റെ ചിത്രം പുറത്തുവന്നത്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ കടുത്ത ദാരിദ്ര്യം അനുഭവപ്പെടുന്നു എന്നതിന്റെ സാക്ഷ്യ ചിത്രമായിരുന്നു ഇത്.

ജനങ്ങള്‍ ദരിദ്രരാകുന്നതിന് പ്രധാന കാരണം അവര്‍ക്ക് തൊഴിലില്ലാത്തതാണ്. തൊഴിലില്ലാത്തതിനാല്‍ വരുമാനവുമില്ല. വരുമാനമില്ലാത്തതിനാല്‍ ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല. ദാരിദ്ര്യവും അസമത്വവും പരസ്പരപൂരകങ്ങളാണ്. ഇതില്‍ ഒരു പ്രശ്‌നം പരിഹാരിച്ചാല്‍ത്തന്നെയും മറ്റേ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നില്ല. ഇന്ന് സമൂഹത്തില്‍ വിവിധ തലങ്ങളില്‍ സങ്കീര്‍ണമായ വിവേചനവും അസമത്വവും അനീതിയും നിലനില്‍ക്കുന്നുണ്ട്. വര്‍ഗം, ലിംഗം, ജാതി, മതം എന്നിങ്ങനെ പല ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ പല തട്ടുകളായി വിഭജിച്ചുനിര്‍ത്തിയിരിക്കുന്നു. ദാരിദ്ര്യത്തിന്റെ നിലവാരത്തിലും വിതരണത്തിലും അസമത്വം നിലനില്‍ക്കുന്നു. ആദിവാസികള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, പിന്നാക്ക ജാതികള്‍, ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍, മുക്കുവര്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍, പൂര്‍ണമായും തൊഴിലില്ലാത്തവര്‍ എന്നിവരൊക്കെ എന്നും ദാരിദ്ര്യത്തിന്റെ പിടിയിലാണ്.

രാജ്യത്തിന്റെ നട്ടെല്ലായ സാധാരണ ജനങ്ങള്‍ ഒരു നേരത്തെ അന്നത്തിന് വേണ്ടി പെടാപ്പാട് പെടുമ്പോള്‍ രാജ്യത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാതെ കോര്‍പറേറ്റുകളെ തീറ്റിപ്പോറ്റുകയാണ് ഭരണാധികാരികള്‍. ദാരിദ്ര്യം രൂക്ഷമായത് കാരണം രാജ്യത്ത് പട്ടിണി കിടന്ന് മരിക്കുന്നവര്‍ അനവധിയാണ്. എന്നാല്‍ കേന്ദ്ര ഭരണാധികാരികള്‍ രാജ്യത്തിന്റെ ഈ പരിതാപകരമായ അവസ്ഥയെ മുഖവിലക്കെടുക്കുന്നില്ലെന്നു മാത്രമല്ല, കൂടുതല്‍ ദുരിതകരമായ ആഴങ്ങളിലേക്ക് പൗരന്മാരെ തള്ളിവിടുകയും ചെയ്യുന്നു. അടുത്ത കാലത്തുണ്ടായ പല നടപടികളും ഇതിന്റെ സാക്ഷിപാത്രമാണ്.

നാം ഉല്‍പാദിപ്പിക്കുന്ന 40 ശതമാനം പച്ചക്കറികളും പഴങ്ങളും അര്‍ഹതപെട്ടവരുടെ കൈകളില്‍ എത്തുന്നില്ല. 20 ശതമാനം ധാന്യവും പാഴായി പോകുകയാണ്. നമ്മുടെ ഭക്ഷ്യവിതരണ ശൃംഖലയിലുള്ള ഇത്തരം കുറവുകള്‍ പരിഹരിച്ചാല്‍ തന്നെ കുറേ പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനാകും. ലോക ജനസംഖ്യയുടെ 30 ശതമാനം ഉള്‍ക്കൊള്ളുന്ന, ഇരുപത് ശതമാനം പേര്‍ പട്ടിണിക്കാരായ ഇതേ രാജ്യത്തുതന്നെയാണ് ആയിരക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഫുഡ്‌കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ കിടന്ന് ചീയുന്നത്. ഇതുകണ്ട് മനസ്സലിഞ്ഞ സുപ്രീംകോടതി ഇത്തരം ഭക്ഷ്യധാന്യങ്ങള്‍ നഷ്ടപ്പെടുത്താതെ ദരിദ്രര്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. അഴിമതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ആവശ്യത്തിന് ഫണ്ടുകളുടെ ലഭ്യതക്കുറവും ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങളെ പട്ടിണിയിലേക്ക് നയിക്കുന്നുണ്ടെന്നാണ് ധനതത്ത്വശാസ്ത്രജ്ഞരുടെ അഭിപ്രായം.

യൂനിസെഫ് കണക്കു പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം അഞ്ചു വയസില്‍ താഴെയുള്ള 15 ലക്ഷത്തോളം കുട്ടികള്‍ മരിക്കുന്നുണ്ട്. ഇതില്‍ പകുതിയിലേറെയും പോഷകാഹാര കുറവു മൂലമാണ്. 2015-16 വര്‍ഷങ്ങളില്‍ ദേശീയ ആരോഗ്യ സര്‍വെ പുറത്തുവന്നപ്പോള്‍ മുലപ്പാല്‍ കുടിക്കുന്നത് നിര്‍ത്തിയ കുട്ടികള്‍ക്ക് അല്ലാത്ത ആഹാരം ലഭ്യമാക്കുന്ന കുഞ്ഞുങ്ങളുടെ ശതമാനം 52.7ല്‍ നിന്നും 42.7 ആയി കുറഞ്ഞതായി സൂചിപ്പിച്ചിരുന്നു. 23 മാസമായ കുഞ്ഞുങ്ങള്‍ക്കും ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കും ലഭിക്കുന്ന ആഹാരത്തിന്റെ അനുപാതം 9.6 ശതമാനമാണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ 48.4 ശതമാനം ആളുകള്‍ക്കും മോശം ശുചിത്വനിലവാരമാണുള്ളത്. ശുചിത്വ നിലവാരം പോഷണത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊടിയ ദാരിദ്ര്യം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരില്ലെങ്കിലും വിലക്കയറ്റം ജനജീവിതത്തെ പൊറുതി മുട്ടിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ നേരത്തെ ഉള്‍പ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയാണ് മുമ്പ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിളര്‍ച്ചയും അമിതവണ്ണവും നേരിടുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വര്‍ധനയുണ്ടെന്നും അനുബന്ധ പട്ടികയിലുണ്ട്.

ഇന്ധന വില ഓരോ ദിവസവും വര്‍ധിക്കുന്ന രാജ്യത്ത് അവശ്യ സാധന വില എങ്ങനെ ഉയരാതിരിക്കാനാണ്. അതിനിടയില്‍ ജി.എസ്.ടിയുടെ അധിക ബാധ്യതകൂടി വന്നുപതിച്ചത് സാധാരണക്കാരായ പാവപ്പെട്ടവരുടെ മുതുകില്‍ തന്നെയാണ്. വിലക്കയറ്റവും ദാരിദ്ര്യവും അസമത്വവും വര്‍ധിച്ചുവരുന്ന രാജ്യത്ത് ഇതെല്ലാം നിയന്ത്രിക്കേണ്ടവര്‍ തടിച്ചുകൊഴുക്കുകയാണ്. വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച് ലോകം മുഴുവന്‍ ചുറ്റിയടിച്ചാല്‍ രാജ്യത്തെ പൗരന്മാരുടെ വിശപ്പകറ്റാനാകില്ല. അതിന് ക്രിയാത്മകമായ നടപടികളാണ് വേണ്ടത്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുന്നതിനു പകരം ഇനിയെങ്കിലും നേരായ വഴിയിലൂടെ സഞ്ചരിച്ച് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമയം കണ്ടെത്തുകയാണ് വേണ്ടത്.