രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താഴോട്ട് കുതിക്കുകയാണെന്ന നഗ്നസത്യം ഒരു സാമ്പത്തിക വിദഗ്ധന്റെയും സഹായമില്ലാതെതന്നെ ഏതൊരു ഇന്ത്യക്കാരനും ഹൃദയത്തില്‍തൊട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പതിനഞ്ച് വര്‍ഷത്തോളം പിറകോട്ടുകൊണ്ടുപോയെന്നാണ് കണക്കുകള്‍വെച്ച് വിദഗ്ധര്‍ സമര്‍ത്ഥിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷംകൂടി ഇതേ ഭരണാധികാരികള്‍ തുടര്‍ന്നാല്‍ അമ്പത് വര്‍ഷത്തേക്കാകും രാജ്യം പിന്തിരിഞ്ഞുപോകുകയെന്ന് അവര്‍ പറയുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തുമാത്രമല്ല, സാമ്പത്തിക രംഗത്തും മോദി സര്‍ക്കാര്‍ വന്‍ പരാജയമാണെന്നതിന് തെളിവാണ് നടപ്പുഭരണം. നോട്ടു നിരോധനം മുതല്‍ ചരക്കുസേവന നികുതിയും ബാങ്കിങ് രംഗത്തെ തട്ടിപ്പുകളും സമ്പന്നര്‍ക്കുവേണ്ടി കോടികള്‍ എഴുതിത്തള്ളലും പെട്രോളിയം ഉത്പന്നങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും വിലക്കുതിപ്പുമൊക്കെ വ്യക്തമാക്കുന്നത് രാജ്യം ഇനി പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവരാന്‍ കഠിനപ്രയത്‌നം വേണ്ടിവരുമെന്നാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, ഇടത്തരക്കാര്‍, പാവപ്പെട്ടവര്‍ എന്നുവേണ്ട സമൂഹത്തിലെ മഹാഭൂരിപക്ഷം ആളുകളും തീ തിന്നുകയാണ്. സാമ്പത്തിക ശാസ്ത്രജ്ഞരിലൊരാളായ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാംഗോവിന്ദ് രാജനും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും കഴിഞ്ഞദിവസം നടത്തിയ വ്യത്യസ്ത പ്രസ്താവനകള്‍ പരിശോധിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നതിന ്‌സഹായമാകും.
കേന്ദ്ര ധനമന്ത്രാലയം തന്നോട് നോട്ടുനിരോധനത്തെക്കുറിച്ച് ആരാഞ്ഞിരുന്നെന്നും എന്നാല്‍ അത് സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമാകില്ലെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും ന്യൂഡല്‍ഹി ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ രഘുരാം രാജന്‍ വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചുവെന്നും റിസര്‍വ്ബാങ്ക് പോലുള്ള ഉന്നത ധനകാര്യസ്ഥാപനങ്ങളെയും ഭരണഘടനാപദവികളെയും ഇകഴ്ത്തുകയും പിടിച്ചടക്കുകയും ചെയ്യുന്നത് നല്ലപ്രവണത അല്ലെന്നും പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ അഭിമുഖത്തില്‍ രഘുറാം രാജന്‍ പറയുകയുണ്ടായി. ജി.എസ്.ടി നടപ്പാക്കിയ രീതിയിലും തനിക്ക് വിയോജിപ്പാണുള്ളതെന്നും രാജന്‍ തുറന്നുപറഞ്ഞു. വായ്പയെടുത്ത് തിരിച്ചടക്കാത്ത എല്ലാവരെയും കുറ്റവാളികളായി കാണരുതെന്നും കുടിശിക വരുത്തിയവരില്‍ അതിന് കഴിയാത്തവരുണ്ടാകാമെന്നും എന്നാല്‍ മന: പൂര്‍വം ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് കോടികള്‍ തിരിച്ചടക്കാത്തവരെ തട്ടിപ്പുകാരായി കണ്ട് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നേരിട്ട് ദൂരദര്‍ശനിലൂടെ നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്‍ അതിന് ഒരുമാസം മുമ്പുവരെ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തിരുന്നയാള്‍ അതിന് സമ്മതിച്ചിരുന്നില്ല എന്നാണ് രഘുരാം രാജന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. പദ്ധതിയെ പിന്തുണക്കാത്തതിനാണ് രാജന് തല്‍സ്ഥാനം നഷ്ടപ്പെട്ടതെന്ന് നേരത്തെതന്നെ വ്യക്തമായതാണ്. പകരം ഗവര്‍ണറാക്കിയ മോദിയുടെ വിശ്വസ്ഥന്‍ ഉര്‍ജിത് പട്ടേലും ഒരുവര്‍ഷം ബാക്കിയിരിക്കെ കഴിഞ്ഞയാഴ്ച സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് രാജിവെച്ചുപോയിരിക്കയാണ്. മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവും ജോലി ഉപേക്ഷിച്ചുപോയി.
വര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ്പറഞ്ഞിട്ട് പത്തു ലക്ഷത്തോളം പേരാണ് വ്യവസായ മേഖലയില്‍ മാത്രം തൊഴില്‍ രഹിതരായത്. കര്‍ഷക ആത്മഹത്യ നാലു വര്‍ഷത്തിനിടെ ലക്ഷത്തിനടുത്തെത്തി. തൊഴില്‍ സുരക്ഷ പഴങ്കഥയായി. ഇറക്കുമതി കുത്തനെകൂട്ടി കയറ്റുമതി കൂപ്പുകുത്തി. റബര്‍ പോലുള്ള കേരളത്തിന്റെ വിദേശനാണ്യവിളകള്‍ക്ക് ചരിത്രത്തിലില്ലാത്ത വിധം വിലയിടിഞ്ഞു. വന്‍ വ്യവസായികളുടെ താല്‍പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെട്ടത്. 2016ല്‍ ലോകം സാമ്പത്തികമായി മുന്നേറിയപ്പോഴാണ് നോട്ടു നിരോധനവും അതിനുപുറകെയായി ജി.എസ്.ടിയും ജനങ്ങളുടെ തലയിലേക്ക് അടിച്ചിറക്കിയത്. മൊത്ത ആഭ്യന്തര ഉത്പാദനവളര്‍ച്ച രണ്ട് ശതമാനം ഇടിയുമെന്ന് ഡോ. മന്‍മോഹന്‍സിങ് നോട്ടുനിരോധന കാലത്ത് പറഞ്ഞത് അച്ചട്ടായി. ജി.ഡി.പി നിരക്ക് 7.6 ശതമാനത്തില്‍നിന്ന് 5.7 ലേക്ക് താഴ്ന്നു. തൊട്ടടുത്ത ചൈനയുടെ വളര്‍ച്ച പത്തു ശതമാനം കടന്നിരിക്കുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ 9 ശതമാനം ജി.ഡി.പി വളര്‍ച്ച നേടിയില്ലെങ്കില്‍ തൊഴില്‍രംഗം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് നീതിആയോഗ് പറയുന്നു. പൊതുമേഖലാസ്ഥാപനങ്ങള്‍ ഓരോന്നും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നവീകരിക്കുകയും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യേണ്ട സ്ഥാനത്ത് അവയോരോന്നും വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ് മോദിസര്‍ക്കാര്‍.
പൊതുതെരഞ്ഞെടുപ്പിന് കഷ്ടിച്ച് നാലുമാസം മാത്രം ബാക്കിയിരിക്കെ മോദി ലക്ഷ്യമിട്ട അച്ചേദിന്‍ (നല്ല നാളുകള്‍) ദിവാസ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. കര്‍ഷകന്‍ സൂക്ഷിക്കുന്ന വിത്തുപോലെയുള്ള റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ ഇതുവരെയും ഒരൊറ്റ സര്‍ക്കാരും കൈകടത്താന്‍ ശ്രമിക്കാതിരുന്നിട്ടും മോദി സര്‍ക്കാര്‍ അതിന് തുനിഞ്ഞത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിന്റെ സൂചനയാണ്. 3.6 ലക്ഷം കോടി രൂപയാണ് കേന്ദ്രം റിസര്‍വ് ബാങ്കില്‍നിന്ന് ഒറ്റയടിക്ക് ആവശ്യപ്പെട്ടത്. അത് സമ്മതിക്കാത്തതിന് ബാങ്കിനെതിരെ ഭരണക്കാര്‍ പരസ്യമായി രംഗത്തുവന്നു. ഈ തുക എടുത്തുനല്‍കിയാല്‍ 2008ലെ ലോക സാമ്പത്തിക മാന്ദ്യകാലത്ത് ഇന്ത്യ പിടിച്ചുനിന്നതുപോലെ ഇനിയൊരു നിര്‍ണായക സമയത്ത് രാജ്യത്തിന് കഴിഞ്ഞെന്നുവരില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് റിസര്‍വ ്ബാങ്ക് പുറത്തിറക്കിയ കണക്കുപ്രകാരം 15.4 ലക്ഷം കോടിയുടെ നിരോധിത നോട്ടില്‍ 99.3 ശതമാനവും തിരിച്ചെത്തി. പതിനായിരം കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് തിരിച്ചുകിട്ടാനുള്ളത്. പഴകിയതും കീറിയതും കള്ളപ്പണക്കാര്‍ ഉപേക്ഷിച്ചതുമായ നോട്ടുകള്‍ തന്നെ ഇത്രവരുമെന്നിരിക്കെ കൊട്ടിഘോഷിച്ച പദ്ധതി അമ്പേ പൊളിഞ്ഞു. രാജ്യത്തെ കര്‍ഷകരില്‍ മഹാഭൂരിപക്ഷവും കടക്കെണിയിലും പട്ടിണിയിലുമാണ്. അവരുടെ വിളകള്‍ക്ക് നയാപൈസയുടെ പോലും വിലയില്ലാതെ വലിച്ചെറിയുന്നു. എങ്ങനെയെങ്കിലും അവരുടെ പ്രയാസങ്ങള്‍ തീര്‍ക്കേണ്ടതിന് പകരം വന്‍കിട വ്യവസായികള്‍ക്ക് പരമാവധി സഹായം ചെയ്യുകയാണ് മോദി. മാര്‍ച്ച് 31ലെ കണക്കുപ്രകാരം രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 10.25 ലക്ഷം കോടിയാണ്. ആയിരക്കണക്കിന് കോടി രൂപ ബാങ്കുകളില്‍നിന്ന ്കടമായി വാങ്ങി തട്ടിപ്പ് നടത്തിയവര്‍ അന്യനാട്ടിലേക്ക് എളുപ്പം രക്ഷപ്പെടുന്ന അവസ്ഥയുണ്ടായി. വിജയ് മല്യയെപോലുള്ളവര്‍ക്ക് അതിന് ഒത്താശചെയ്ത് കൊടുത്തത് ധനമന്ത്രിയാണെന്ന് മല്യതന്നെ തുറന്നുപറഞ്ഞു. പകരം 2.11 ലക്ഷം കോടി രൂപ ബാങ്ക് കര്‍സോഷ്യത്തിന് ഖജനാവില്‍നിന്ന് എടുത്തുകൊടുത്തത് പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍നിന്നായിരുന്നു. ഇതിനെല്ലാം മറുപടിപറയേണ്ട പ്രധാനമന്ത്രി നാളിതുവരെ പൊതുസമ്മേളന വേദികളില്‍ സുരക്ഷാകൂട്ടിലൂടെ വന്നുപോകുന്നുവെന്നല്ലാതെ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിച്ചിട്ടില്ല. ഒരുപക്ഷേ ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകളുടെ ഫലംവെച്ച് ഭരണത്തുടര്‍ച്ച സാധ്യതയില്ലെന്ന് മോദി തിരിച്ചറിയുന്നുണ്ടാകാം.