പാലക്കാട്ട് റെയില്‍വേ കോച്ച് ഫാക്ടറി ആരംഭിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തോട് തുടരുന്ന കടുത്ത വഞ്ചനയുടെ ബാക്കിപത്രമാണ്. യു.പി.എ സര്‍ക്കാര്‍ 2008-09 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച കോച്ച് ഫാക്ടറിയാണ് പത്തു വര്‍ഷങ്ങള്‍ക്കുശേഷം കേന്ദ്ര റെയില്‍വേ മന്ത്രാലയം റദ്ദാക്കുന്നത്. കോച്ച് ഫാക്ടറിക്കു പുറമെ പെനിന്‍സുലാര്‍ സോണും അനുവദിക്കില്ലെന്ന പ്രഖ്യാപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ട ഘട്ടത്തിലാണ് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന് കത്ത് കൈമാറിയിട്ടുള്ളത്. സകല കാര്യങ്ങളിലും കേരളത്തോട് ചിറ്റമ്മ നയം സ്വീകരിക്കുന്ന മോദി സര്‍ക്കാറിനെതിരെ കൂട്ടായ പ്രതിഷേധം ശക്തമാക്കേണ്ട സന്ദര്‍ഭമാണിത്. ശീതകാല സമ്മേളനത്തിനൊരുങ്ങുന്ന പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളുടെ ഗൗരവപൂര്‍വമായ ഇടപെടലുകളാണ് ഇനി വേണ്ടത്. 2012-13 വര്‍ഷത്തെ ബജറ്റില്‍ സംയുക്ത സംരംഭമായോ പി.പി.പിയിലോ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതാണ്. കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യത്തില്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ കേരളത്തോട് മുഖം തിരിക്കുന്ന സമീപനമാണ് തുടര്‍ന്നുവരുന്നത്.

റെയില്‍വേക്ക് നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ തന്നെ സ്വന്തമായി സംവിധാനമുണ്ടെന്നും ഉടനടി മറ്റൊരു കോച്ച് ഫാക്ടറി നിര്‍മിക്കേണ്ട കാര്യമില്ലെന്നുമാണ് റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നിലപാട്. പദ്ധതിക്കായി കഞ്ചിക്കോട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പദ്ധതിയുമായി സഹകരിക്കാന്‍ ബി.ഇ. എം.എല്‍ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും റെയില്‍വേ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 161 ഏക്കര്‍ ഭൂമിയിലേക്ക് കോച്ച് ഫാക്ടറി മാറ്റി സ്ഥാപിക്കാന്‍ റെയില്‍വേ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് കഞ്ചിക്കോട്ട് ഫാക്ടറി നിര്‍മിക്കുന്ന പദ്ധതിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിറകോട്ട് പോയിരിക്കുന്നത്. രാഷ്ട്രീയ ലാഭം മാത്രം കണക്കിലെടുത്തുള്ള നീക്കമാണ് ഇതിനുപിന്നിലെന്നകാര്യം വ്യക്തമാണ്. പദ്ധതിയില്‍നിന്ന് പെട്ടെന്ന് പിന്‍വലിഞ്ഞത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. 2012-13ലെ റെയില്‍വേ ബജറ്റില്‍ പാലക്കാട് കോച്ച് ഫാക്ടറിക്കൊപ്പം പ്രഖ്യാപിച്ച ബിഹാറിലെ റെയില്‍ വീല്‍ പ്ലാന്റും റായ്ബറേലിയിലെ കോച്ച് ഫാക്ടറിയും പശ്ചിമ ബംഗാളിലെ ഡീസല്‍ കംപോണന്റ് ഫാക്ടറിയും പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായി മാത്രം സോണല്‍ ഓഫീസ് ഉള്ളതിനാല്‍ കേരളത്തിന്റെ പ്രധാന റെയില്‍ പദ്ധതികള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് എറണാകുളം കേന്ദ്രമായി പെനിന്‍സുലാര്‍ സോണ്‍ അനുവദിക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. ചെന്നെ സോണ്‍ വിഭജനവുമായി ബന്ധപ്പെട്ടുള്ള സാധ്യതാപഠനങ്ങള്‍ക്കുശേഷമാണ് കേരളം ഈ ആവശ്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചത്. എന്നാല്‍ അനാവശ്യമായ മുന്‍വിധിയോട്കൂടി മാത്രമാണ് ഇക്കാര്യത്തെ കേന്ദ്ര സര്‍ക്കാര്‍ നോക്കിക്കാണുന്നത്. യു.പി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത് കോച്ച് ഫാക്ടറിക്ക് സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ അതീവ താത്പര്യത്തോട് കൂടി മുന്നോട്ടുപോയതാണ്. ശിലാസ്ഥാപനം നടത്തി കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രയാണം തുടരവെയാണ് കൂനിന്മേല്‍ കുരു പോലെ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2012ലാണ് അന്നത്തെ കേന്ദ്ര റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. പദ്ധതി പ്രദേശത്ത് ചുറ്റുമതില്‍ പണിതതൊഴിച്ചാല്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും പിന്നീട് നടന്നിട്ടില്ല എന്നതാണ് ഖേദകരമായ വസ്തുത.
രാജ്യത്ത് ഇനി റയില്‍വേക്ക് കോച്ചുകളുണ്ടാക്കാന്‍ ഫാക്ടറികളുടെ ആവശ്യമില്ലെന്നത് കേന്ദ്ര സര്‍ക്കാറിന്റെ വിചിത്ര വാദമാണ്. കേരളത്തിന് വാഗ്ദാനം ചെയ്ത കോച്ച് ഫാക്ടറി പിന്നീട് പഞ്ചാബിലെ കപൂര്‍ത്തലക്കും ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലേക്കും ഒടുവില്‍ ഹരിയാനയിലെ സോണിപത്തിലേക്കും എത്തിനില്‍ക്കുന്നതിനു പിന്നില്‍ ശക്തമായ രാഷ്ട്രീയമുണ്ടെന്ന കാര്യം തള്ളിക്കളയാനാവില്ല. വിവിധ കാലഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാറുകളും കേരളത്തിലെ എം.പിമാര്‍ ഒറ്റക്കെട്ടായും കോച്ച് ഫാക്ടറിക്ക് വേണ്ടി സമരം നയിച്ചിട്ടും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന ഗതി തുടരുന്നത് എങ്ങനെ നീതീകരിക്കാനാവും? സെയിലിന്റെ ഓഹരി പങ്കാളിത്തത്തോടെ പദ്ധതി പുനരുജ്ജീവിപ്പിച്ചതുമുതല്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കേരളം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇത് തികച്ചും ലാഘവത്തോടെയാണ് കണ്ടത്. റെയില്‍വേ അധികൃതര്‍ ഇതുസംബന്ധിച്ച് കേരളം നല്‍കിയ കത്തിന് പുല്ലുവില പോലും കല്‍പിച്ചില്ല. പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍നിന്ന് പൊതു-സ്വകാര്യ മേഖലാപങ്കാളിത്ത പദ്ധതി എന്ന സ്ഥിതിവന്നിട്ടും വികസനത്തില്‍ ഒരനക്കം മുന്നോട്ടുപോയില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെയും പാലക്കാട്ടെയും ജനങ്ങള്‍ക്ക് ബി.ജെ.പി നല്‍കിയ സുപ്രധാന വാഗ്ദാനത്തില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിയുകയാണുണ്ടായത്. കോച്ച് ഫാക്ടറിക്കായി 145 കോടി രൂപ അനുവദിച്ചുവെന്ന് #ക്‌സ് ബോര്‍ഡുകള്‍ നിരത്തിവെച്ച് വോട്ടുതട്ടാന്‍ ശ്രമം നടത്തിയ പാലക്കാട്ടെ ബി.ജെ.പി പുതിയ തീരുമാനത്തില്‍ അപഹാസ്യരായിരിക്കുകയാണ്. കോച്ച്് ഫാക്ടറിക്ക് വകയിരുത്താന്‍ ഫണ്ടില്ലെന്ന വാദമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്നത്. ഇതു നേരത്തെ തന്നെ തിരിച്ചറിഞ്ഞായിരുന്നു സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയില്‍) പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ തുനിഞ്ഞത്. സെയില്‍ സന്നദ്ധരായി മുന്നോട്ടുവരികയും ചെയ്തു. കഞ്ചിക്കോട് ഫാക്ടറിയില്‍ നിര്‍മിക്കുന്ന കോച്ചുകള്‍ ഇന്ത്യന്‍ റയില്‍വേ വാങ്ങുമെന്ന ഉറപ്പിന്മേലാണ് നിക്ഷേപം നടത്താന്‍ അവര്‍ തയാറായത്. പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും സമാന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരും റെയില്‍ മന്ത്രാലയവും ഈ രണ്ടു നിര്‍ദേശങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിക്കുകയായിരുന്നു. റെയില്‍വേ കോച്ചുകള്‍ക്ക് പകരം മെട്രോ റയില്‍ കോച്ചുകള്‍ നിര്‍മിക്കുന്ന ഫാക്ടറിയെന്ന പുതിയ നിര്‍ദേശം ഉയര്‍ന്നുവന്നെങ്കിലും ഇക്കാര്യത്തിലും പിന്നീട് ഒരക്ഷരം ഉരിയാടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും സംസ്ഥാനത്ത് പിണറായി വിജയനും അധികാരത്തില്‍ വന്നതിനു ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി കേരളത്തോട് അവഗണാ മനോഭാവം തുടരുന്നത്. ഡിസംബര്‍ 11 മുതല്‍ ജനുവരെ എട്ടുവരെ നടക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനുമുമ്പ് കേരളത്തിലെ മുഴുവന്‍ എം.പിമാരും ഇക്കാര്യത്തില്‍ കൂട്ടായ മുന്നേറ്റത്തിന് കോപ്പുകൂട്ടണം. പാര്‍ലമെന്റിലെ ഒറ്റക്കെട്ടായ പ്രക്ഷോഭങ്ങള്‍ വിജയം വരിച്ച പാരമ്പര്യമുണ്ട്. കോച്ച് ഫാക്ടറി കെട്ടടങ്ങാതിരിക്കാന്‍ യോജിച്ച പോരാട്ടമല്ലാതെ മറ്റു പോംവഴികളൊന്നുമില്ല.