കേരളം ദര്‍ശിച്ച നൂറ്റാണ്ടിലെ മഹാപ്രളയത്തിന് ശേഷം നൂറു ദിനരാത്രങ്ങളും ഓഖി ചുഴലിക്കാറ്റ് ദുരന്തം പിന്നിട്ട് ഒരാണ്ടും തികഞ്ഞ ദിവസങ്ങളാണ് തൊട്ടടുത്തായി കടന്നുപോയത്. സംസ്ഥാനത്തിന്റെയും രാജ്യാതിര്‍ത്തികളുടെയും ജാതിമതങ്ങളുടെയും ഇടവരമ്പുകളില്ലാതെ ഒരു ജനത അഹമിഹമികയാ തോളോടുതോള്‍ ചേര്‍ന്ന് പൊരുതിയാണ് രണ്ടു ദുരന്തങ്ങളില്‍നിന്ന് ഭാഗികമായെങ്കിലും കേരളത്തെ നമുക്ക് തിരികെതന്നത്. സേനാസംവിധാനങ്ങളുടെയും മീന്‍പിടുത്തക്കാരുടെയും നിസ്വാര്‍ത്ഥരായ യുവാക്കളുടെയും മറ്റും അശ്രാന്തശ്രമഫലമായി നിരവധി മനുഷ്യരെ മരണക്കയങ്ങളില്‍നിന്ന ്‌രക്ഷിക്കാനും ലക്ഷങ്ങളുടെ സ്വത്തുവകകള്‍ സംരക്ഷിക്കാനും ഇരയായവര്‍ക്ക് താല്‍ക്കാലികമെങ്കിലും ആശ്വാസമെത്തിക്കാനും അതുവഴി കഴിഞ്ഞിരുന്നു. അതേസമയം ജല ബോംബുകളായ അണക്കെട്ടുകള്‍ അര്‍ധരാത്രി തുറന്നുവിട്ട് കൈമലര്‍ത്തിയതുപോലെ സംസ്ഥാന ഭരണകൂടം ഇപ്പോഴും നിരര്‍ത്ഥകമായ വാദമുഖങ്ങളുമായി ജനത്തെനോക്കി പരിഹസിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. കേരളത്തിന്റെ പാരിസ്ഥിതിക ബന്ധിയായ പുനര്‍നിര്‍മാണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സര്‍ക്കാരും അരിയെവിടെ എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നു ചൊല്ലി കളം കാലിയാക്കുന്നത് നിരാശാജനകവും അതീവ ദു:ഖകരവുമെന്നേ വിശേഷിപ്പിക്കേണ്ടൂ.
പ്രളയ നഷ്ടത്തെക്കുറിച്ച് സര്‍ക്കാര്‍ പലവിധ കണക്കുകള്‍ പുറത്തുവിട്ടതില്‍ ഏറ്റവും ഒടുവിലത്തേത് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്. 483 പേരാണ് പ്രളയത്തില്‍ മരണമടഞ്ഞത്. ജൂലൈയിലും ആഗസ്റ്റ് പകുതിയിലുമായി രണ്ടു ഘട്ടമായുണ്ടായ പ്രളയത്തിന്റെ ഫലമായിരുന്നു അത്. ലോക ബാങ്ക്, കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവ നാല്‍പതിനായിരം കോടി രൂപയുടെ സ്വത്തു നഷ്ടമാണ് കണക്കാക്കിയതെങ്കിലും പുനര്‍നിര്‍മാണത്തിന് അതില്‍ ഒരു നയാപൈസ പോലും പേരിന് ചില പൊടിക്കൈകള്‍ക്കപ്പുറം, സംസ്ഥാന സര്‍ക്കാരിന് ചെലവഴിക്കാനായിട്ടില്ലെന്നത് ഭീതിതമായ അറിവാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് 600 കോടി ലഭിച്ചതില്‍ ആയിടെ അനുവദിച്ച അരിയുടെയും മണ്ണെണ്ണയുടെയും തുകയായ 265.75 കോടി കിഴിച്ചാല്‍ 334.25 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിച്ചത്. ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 2700 കോടി രൂപ വരും. ഇതെല്ലാംകൂടി നോക്കുമ്പോള്‍ ഏതാണ്ട് മൂവായിരംകോടി രൂപയാണ് സര്‍ക്കാരിന്റെ പക്കലെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിച്ചെടുക്കുന്ന അഞ്ഞൂറോളം കോടിയും ഇതില്‍പെടും. എന്നാല്‍ നൂറു ദിനം പിന്നിടുമ്പോള്‍ നമുക്ക്മുന്നില്‍ പ്രത്യക്ഷപ്പെടുന്ന യാഥാര്‍ത്ഥ്യം പ്രളയബാധിതരായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിയന്തിരാശ്വാസത്തുകപോലും ഇനിയും പലര്‍ക്കും കിട്ടാനുണ്ട് എന്നതാണ്. 700 കോടി രൂപയാണ് പ്രാഥമികാശ്വാസമായി ഇരകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ഇത് കഴിച്ചാല്‍ സര്‍ക്കാരിന്റെ കയ്യില്‍ ഇനിയാകെ ഉണ്ടാവുക 2000 കോടി രൂപ മാത്രമാണ്. ചുരുങ്ങിയത് മുപ്പതിനായിരം കോടി വേണ്ടിടത്ത് അതിന്റെ പത്തിലൊരംശംപോലും പ്രാപ്യമല്ലാത്തനിലക്ക് എങ്ങനെയാണ ്‌കേരളത്തെ പുനര്‍നിര്‍മിക്കുക എന്ന ചോദ്യം ബീഭല്‍സമായി നമ്മുടെ മുമ്പില്‍ വന്നുനില്‍ക്കുന്നു.
കേന്ദ്ര സര്‍ക്കാരുമായി പരമാവധി സഹകരിച്ച് പരമാവധി തുക വാങ്ങിയെടുക്കുക എന്ന നയമാണ് ആദ്യം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും മലയാളികളും അന്യസംസ്ഥാനക്കാരും വിദേശികളുമായവരില്‍നിന്ന് കിട്ടിയ തുകക്കപ്പുറം കാര്യമായൊന്നും തരാന്‍ കേന്ദ്രം തയ്യാറായില്ല. രാഷ്ട്രീയമായ കാരണങ്ങളാല്‍ യു.എ.ഇ സര്‍ക്കാര്‍ വെച്ചുനീട്ടിയ 700 കോടി രൂപ പോലും വാങ്ങിയെടുക്കാനോ ധനസമാഹാരണത്തിന് വിദേശത്ത് മന്ത്രിമാര്‍ പോകുന്നതിന് അനുമതി നല്‍കാനോപോലും ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായില്ല. കേരളത്തോട് വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറിയെന്നതിന് കഴിഞ്ഞ കാലങ്ങളില്‍ ചെന്നൈയിലും ഗുജറാത്തിലും ഉത്തര്‍ഖണ്ഡിലും നേപ്പാളിലും മറ്റുമുണ്ടായ പ്രളയത്തിന് മോദി സര്‍ക്കാര്‍ നല്‍കിയ തുകകള്‍ തന്നെ സാക്ഷിയാണ്. യു.പി.എ സര്‍ക്കാരിന്റെ നയമനുസരിച്ചാണ് വിദേശത്തുനിന്ന് സംഭാവന സ്വീകരിക്കുന്നത് തടഞ്ഞതെന്ന വാദം വിവരാവകാശരേഖ പ്രകാരം രായ്ക്കുരാമാനം പൊളിഞ്ഞില്ലാതായിട്ടും കേരളത്തെ പരിഹസിക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
റോഡ്, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പുനര്‍നിര്‍മാണത്തിന് ബാങ്കുകളുമായി ബന്ധപ്പെട്ട് വേണ്ട സഹായം എത്തിക്കുന്നതിന് പോലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടത് കൃത്യനിര്‍വഹണ വീഴ്ചയായേ കാണാനാകൂ. പ്രളയ ദിനങ്ങളില്‍ താല്‍ക്കാലിക ക്യാമ്പുകളിലേക്കും വാടകവീടുകളിലേക്കും മാറിത്താമസിച്ചവരുടെ വാടകയും ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പറഞ്ഞിട്ട് അതുപോലും നിവര്‍ത്തിച്ചുകൊടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുന്നില്ല. പതിനായിരം കോടി രൂപയാണ് റോഡ് പുനര്‍നിര്‍മാണത്തിന് മാത്രം വേണ്ടിവരികയത്രെ. ഇത് കണ്ടെത്തുന്നതിനുള്ള ഒരുവിധ നീക്കവും സംസ്ഥാനം കൈക്കൊള്ളുന്നില്ല. വലിയ വീടുകളും സൗകര്യങ്ങളുമുള്ളവര്‍ മാത്രമാണ് സ്വന്തമായി പണം സ്വരൂപിച്ച് വീടുകള്‍ പുനര്‍നിര്‍മിച്ചത്. ബാക്കിയുള്ളവരുടെ പുനരധിവാസം ഇനിയെന്ന് പൂര്‍ത്തിയാകുമെന്ന് പോലും അധികൃതര്‍ക്ക് ഉറപ്പിക്കാനാകുന്നില്ല. ഏറ്റവും ചുരുങ്ങിയത്, ഇനിയൊരു ദുരന്തമുണ്ടായാല്‍ ഡാം മാനേജ്‌മെന്റ് ഉള്‍പ്പെടെ നേരിടേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് പോലും രൂപരേഖയുണ്ടാക്കാന്‍ ആയിട്ടില്ല. നൂറുകണക്കിന് കുടുംബങ്ങളാണ് മൂന്നു മാസം പിന്നിടുമ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ ആഗസ്റ്റ് 15ന് രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇനിയും കിടപ്പാടമൊരുക്കാന്‍ പോയിട്ട് നഷ്ടപരിഹാരം നല്‍കാന്‍ പോലും അധികാരികള്‍ക്കായിട്ടില്ല. ആകെ നടന്നുവെന്ന് പറയുന്നത് ദുരിതാശ്വാസവസ്തുക്കളായി കേരളത്തിലെത്തിച്ച സാധനങ്ങളുടെ വിതരണം മാത്രമാണ്. പക്ഷേ അതിലും ഭരണകക്ഷിക്കാരുടെ കയ്യിട്ടുവാരല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഓഖി ദുരന്തം കാരണം ജീവനും വീടും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ഇനിയും പലര്‍ക്കും കിട്ടിയിട്ടില്ല. പ്രളയബാധിതര്‍ക്ക് പലിശ രഹിതമായി നാലു ലക്ഷംരൂപ വീതം ബാങ്കുകളില്‍നിന്ന് വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും വെള്ളത്തിലെ വരയായി. വാര്‍ത്താസമ്മേളനങ്ങളും മിഥ്യാപ്രഖ്യാപനങ്ങളുംകൊണ്ടുമാത്രം ജനത്തിന്റെ അടിസ്ഥാനജീവിതത്തെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും പെട്രോളിയം വിലക്കയറ്റവുംകൊണ്ട് പൊറുതിമുട്ടിയൊരു ജനതയുടെ തലയിലേക്കാണ് ഇടിത്തീപോലെ രണ്ടു ദുരന്തങ്ങള്‍ കൂടി വന്നുവീണത്. അവരുടെ പ്രയാസങ്ങള്‍ ലഘൂകരിച്ചുകൊടുക്കാന്‍ പോലും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ പിന്നെ ബന്ധുനിയമനവും ആഢംബര കാറുകള്‍ വാങ്ങലും വഴിയുള്ള ഈ ഖജനാവുകൊള്ളക്കാരെകൊണ്ട് നാടിനെന്തുകാര്യം.