ഡോ. ഹുസൈന്‍ മടവൂര്‍

ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി 2010 ഒക്ടോബര്‍ 20ന് അംഗീകരിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2011 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി ആദ്യവാരം അന്താരാഷ്ട്ര മത സൗഹാര്‍ദ്ദ വാരമായി ആചരിച്ച് വരുന്നു. വിവിധ മതങ്ങളും വിശ്വാസങ്ങളും സംസ്‌കാരങ്ങളും തമ്മില്‍ അടുത്തറിയാനും പരസ്പരം ബഹുമാനവും സ്‌നേഹവും കാത്തുസൂക്ഷിക്കാനുമുള്ള ഒരു വിദ്യാഭ്യാസം മത വിശ്വാസികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുകയാണ് വാരാചാരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനായി മത പണ്ഡിതന്മാരുടെയും സ്ഥാപനങ്ങളുടെയും സഹകരണങ്ങളുണ്ടാവണമെന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ക്ഷേത്രങ്ങളും ചര്‍ച്ചുകളും മസ്ജിദുകളും സിനഗോഗുകളും മറ്റു ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് സര്‍വമത സംഗമങ്ങള്‍ സംഘടിപ്പിച്ചും മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും മത വിശ്വാസികളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കാനുള്ള വിവിധ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി നടത്തേണ്ടത്. എന്നാല്‍ സങ്കടകരമെന്ന് പറയട്ടെ, നമ്മുടെ മാധ്യമങ്ങളോ സാംസ്‌കാരിക പ്രവര്‍ത്തകരോ ഇങ്ങനെയുള്ള ഒരു മഹത്തായ വാരാചരണം അറിഞ്ഞില്ല. അതിനാല്‍ നമ്മുടെ നാട്ടില്‍ ഇവ്വിഷയകമായി ഒരു പരിപാടിയും നടന്നില്ല.
മത വിശ്വാസത്തിന് മാനവ കുലത്തോളം പഴക്കമുണ്ട് എന്നാണ് ചരിത്രം. മത വിശ്വാസമില്ലാത്ത ഒരു നാഗരികതയും ചരിത്രത്തിലുണ്ടായിട്ടില്ല. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പുരാതന സംസ്‌കാരങ്ങളിലെല്ലാം മതവും ദൈവ വിശ്വാസവുമുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് ഭാരതീയ സംസ്‌കാരത്തിന്റെ ആദ്യ രൂപമായിരുന്ന മോഹന്‍ ജദാരോ, ഹാരപ്പ സംസ്‌കാരങ്ങള്‍. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ ജീവിച്ച മനുഷ്യര്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള യാത്രാസൗകര്യങ്ങളോ ആശയ വിനിമയത്തിനുള്ള പൊതുഭാഷയോ ഉണ്ടായിരുന്നില്ല. എന്നിട്ടും എല്ലാ സമൂഹങ്ങളിലും മതമുണ്ടായിരുന്നുവെന്നത് മതം വെറുമൊരു സങ്കല്‍പ്പം മാത്രമല്ല മറിച്ച് അതൊരു യാഥാര്‍ത്ഥ്യം തന്നെയാണെന്നതിന്റെ ദൃഷ്ടാന്തമാണ്.
മതത്തിന്റെ അടിത്തറ ദൈവികമായ ദര്‍ശനങ്ങളായിട്ടും മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വിവിധ മതവിശ്വാസികള്‍ പരസ്പരം പോരടിക്കുകയും കലഹിക്കുകയും രക്തം ചിന്തുകയും ജീവഹാനി വരുത്തുകയും ചെയ്യുന്ന കാഴ്ച എല്ലാ മനുഷ്യ സ്‌നേഹികളെയും ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നതാണ്. മതത്തിന്റെ പേരില്‍ വര്‍ഗീയതയും ഭീകരതയും ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണ ലോക മത സൗഹാര്‍ദ്ദ വാരം കടന്ന് പോയത്. ദൈവത്തിന്റെയും ദേവാലയങ്ങളുടെയും പേരിലാണ് കലഹങ്ങളുണ്ടാവുന്നത്. ഈ പോക്ക് എല്ലാ മതങ്ങള്‍ക്കും പൊതുവെ മനുഷ്യര്‍ക്കും വന്‍ നാശങ്ങളാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ മതസൗഹാര്‍ദ്ദ വാരാചാരണത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. എല്ലാ മതങ്ങളും അംഗീകരിക്കുന്ന നന്മകള്‍ കണ്ടെത്തി പ്രചാരണം നടത്താനുളള തീവ്രശ്രമങ്ങളുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ താല്‍പര്യമാണ്.
എല്ലാ മതങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ധര്‍മ്മ ചിന്തകളും മൂല്യങ്ങളും പൊതുസമൂഹത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കൊണ്ട്‌വരാനും അതുവഴി മനുഷ്യന്റെ പൊതു നന്മക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്യുന്ന നിരവധി പ്രസ്ഥാനങ്ങള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ചിക്കാഗോയിലെ ലോക മത പാര്‍ലമെന്റാണ് ഇതില്‍ ഏറ്റവും പഴക്കമുള്ളത്. വ്യത്യസ്ഥ മതങ്ങളില്‍പെട്ട ആയിരക്കണക്കിന് പണ്ഡിതന്‍മാര്‍ പങ്കെടുക്കുന്ന മഹാസമ്മേളനങ്ങള്‍ വഴി മതസൗഹാര്‍ദ്ദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഈ സ്ഥാപനം മഹത്തായ സേവനമാണ് ചെയ്യുന്നത്. സ്വാമി വിവേകാനന്ദന്റെ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗം നടന്നത് അവിടെയായിരുന്നല്ലോ.
ഡല്‍ഹി കേന്ദ്രീകരിച്ച് സ്വാമി അഗ്‌നിവേശിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് ഓഫ് ഓള്‍ റിലീജ്യന്‍ (സര്‍വധര്‍മ്മ സസ്താന്‍) എന്ന സംഘടന ഇടക്കിടെ മത സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ നടത്തിവരുന്നുണ്ട്. അദ്ദേഹം മുന്നോട്ട്‌വെച്ച മിനിമം കോമണ്‍ പ്രോഗ്രാം എന്ന ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഫൗണ്ടേഷന്‍ ഓഫ് കമ്മ്യൂണല്‍ ഹാര്‍മണി എല്ലാ വര്‍ഷവും മതസൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും അവാര്‍ഡ് നല്‍കി ആദരിക്കുന്നുണ്ട്. ഖത്തര്‍ ഗവണ്മെന്റിനു കീഴിലുളള ദോഹ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് സെന്റര്‍ എല്ലാ കൊല്ലവും ആഗോള സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
ഓസ്ട്രിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിങ് അബ്ദുല്ല ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫെയ്ത്ത് ഡയലോഗ് അടുത്ത കാലത്ത് ലോകശ്രദ്ധ പിടിച്ച് പറ്റുകയുണ്ടായി. സഊദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവാണ് അത് സ്ഥാപിച്ചത്. പാരീസിലും വാഷിങ്ടണിലും മറ്റും ഈ കേന്ദ്രം നടത്തിയ മത സൗഹാര്‍ദ്ദ സമ്മേളനങ്ങളില്‍ എല്ലാ പ്രമുഖ മത വിഭാഗങ്ങളിലെയും നേതാക്കള്‍ പങ്കെടുക്കാറുണ്ട്. ലോക മുസ്‌ലിം സംഘടനയായ മക്കയിലെ മുസ്‌ലിം വേള്‍ഡ് ലീഗ് ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ച ശ്രദ്ധേയമായ ഫോട്ടോകളിലൊന്ന് അബ്ദുല്ല രാജാവ് സ്വാമി അഗ്‌നിവേശിനെ ഉപഹാരം നല്‍കി സ്വീകരിക്കുന്ന ചിത്രമാണ്. ജസ്റ്റിസ് ഷംസുദ്ദീന്‍, എം.ഡി നാലപ്പാട് തുടങ്ങിയവര്‍ നയിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ്, ഇന്ത്യ കുറഞ്ഞ കാലം കൊണ്ട് മതസൗഹാര്‍ദ്ദ പ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ട്. യേശുദാസ് ആണ് ഈ സംഘത്തിന്റെ പീസ് അംബാസഡര്‍.
1921 ല്‍ ശ്രീനാരായണ സ്വാമി തുടക്കം കുറിച്ച ആലുവാ അദ്വൈതാശ്രമത്തിലെ സര്‍വ മത സമ്മേളനങ്ങള്‍ എല്ലാ വര്‍ഷവും ശിവരാത്രി നാളില്‍ ഇന്നും തുടരുന്നുണ്ട്. കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ നടത്തുന്ന മത സമ്മേളനങ്ങളനങ്ങളിലും ആഘോഷങ്ങളിലും എല്ലാ മതത്തിലുംപെട്ടവരെ പ്രത്യേകം പങ്കെടുപ്പിക്കുന്നത് നമ്മുടെ നാടിന്റെ ബഹുസ്വരതയും സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്നും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നും മനുഷ്യരെന്ന നിലയില്‍ ഈ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എല്ലാവരും കൂടി ഒന്നിച്ച് പ്രഖ്യാപിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.