Connect with us

More

ക്യൂവലയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Published

on

പി.കെ.ഫിറോസ്
രാഷ്ട്രം നേരിട്ട ഗുരുതരമായ സാമ്പത്തിക ആഘാതമാണ് നോട്ട് നിരോധനം വഴി സംഭവിച്ചത്. കഴിഞ്ഞുപോയ അമ്പത് ദിനങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ഗുരുതരമായ നയരാഹിത്യത്തിന്റെയും ആസുത്രണ പാളിച്ചയുടെയും നേര്‍ചിത്രങ്ങളാണ് വരച്ചുകാട്ടിയത്. സാമ്പത്തിക രംഗത്ത് മാത്രമല്ല, രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികപരവുമായ മേഖലകളില്‍ അതിവിദൂരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഒരു നീക്കമായിരുന്നു മോദിയുടെ നോട്ട് നിരോധന നാടകം. സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ മൊത്ത അഭ്യന്തര ഉല്‍പാദനം രണ്ട് ശതമാനം കുറഞ്ഞു. കാര്‍ഷിക മേഖലയില്‍ ഭീമമായ നഷ്ടങ്ങളുണ്ടായി. കര്‍ഷകര്‍ക്ക് വിളവെടുത്ത ധാന്യങ്ങള്‍ക്ക് കമ്പോളം നഷ്ടപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് വാങ്ങല്‍ ശേഷി നഷ്ടപ്പെട്ടതോടെ ചെറുകിട കച്ചവടക്കാര്‍ ഭീമമായ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. റീട്ടെയില്‍ മേഖലയിലും ആഘാതം ചില്ലറയായിരുന്നില്ല. വ്യാവസായിക മേഖലകള്‍ കനത്ത ഇടിവിലേക്ക് വീണു. ഓഹരി കമ്പോളം താളം തെറ്റി. ഒരു ഏകാധിപതിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത നയം രാജ്യത്തിന് നല്‍കിയ ആഘാതം ചില്ലറയല്ലെന്ന് ലോകത്തെ പ്രഗത്ഭരായ സാമ്പത്തിക ചിന്തകര്‍ തുറന്നെഴുതി. പക്ഷ, എല്ലാറ്റിനും കാരണക്കാരായ നമ്മുടെ പ്രധാനമന്ത്രിക്ക് മാത്രം ഒരു കുലുക്കവുമില്ലായിരുന്നു. ബസ്സിലെ യാത്രക്കാരന്റെ പോക്കറ്റടിച്ച കഥയിലെ നായകനെ പോലെയായിരുന്നു അദ്ദേഹം. പോക്കറ്റടിക്കപ്പെട്ടതു മൂലം പണം നഷ്ടപ്പെട്ട യാത്രക്കാരന്‍ തന്റെ കയ്യില്‍ പണമില്ലെന്നറിയിച്ചതോടെ കണ്ടക്ടര്‍ അയാളെ ബസ്സില്‍ നിന്നും പുറത്താക്കി. ഇത് കണ്ട ദയനീയത തോന്നിയ പോക്കറ്റടിക്കാരന്‍ അയാളുടെ പണം താന്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞതു പോലെ, അമ്പതു ദിവസങ്ങളുടെ കൊടിയ പീഡനം അനുഭവിച്ച നൂറ്റിരുപത് കോടി ഇന്ത്യക്കാര്‍ക്ക് മോദി പുതിയ ആനുകൂല്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന രംഗം ഏറെ ദയനീയമാണെന്ന് പറയാതെ വയ്യ.
കള്ളപ്പണം ഇല്ലാതാക്കി രാഷ്ട്രത്തിന്റെ സാമ്പത്തികാവസ്ഥ മുഴുവന്‍ വെടിപ്പാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം. പക്ഷ, അമ്പതു ദിവസങ്ങള്‍ക്കു ശേഷം നിരോധിച്ച നോട്ടുകളില്‍ 97ശതമാനവും തിരിച്ച് ബാങ്കുകളിലെത്തിയതോടെ പ്രഖ്യാപനങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമായി. കേവലം മൂന്ന് ശതമാനം നോട്ടുകള്‍ മാത്രമാണ് ഇനി തിരിച്ചുവരാനുള്ളതെന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്. അപ്പോഴാണ് പ്രധാനമന്ത്രി വാക്കുകള്‍ മാറ്റി രാഷ്ട്രത്തിന്റെ ക്യാഷ് എക്കോണമിയില്‍ നിന്ന് ക്യാഷ്‌ലെസ് എക്കോണമിയിലേക്കുള്ള യാത്രയാണെന്ന പൊടിവിദ്യയുമായി വന്നത്. ഇതും ചെലവാകാതെ വന്നതോടെയാണ് പുതിയ ആനുകൂല്യങ്ങളും ചെപ്പടി വിദ്യകളുമായി പ്രധാനമന്ത്രി രംഗത്തിറങ്ങിയത്.
രാജ്യത്തെ ജനങ്ങളില്‍ 90 ശതമാനം സാധാരണക്കാരും അവരുടെ ദിവസവേതനം ഇന്നും കൈപ്പറ്റുന്നത് കറന്‍സിയിലാണെന്ന കാര്യമാണ് വിസ്മരിക്കപ്പെട്ടത്. കേവലം പതിനാറ് ശതമാനം ജനങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ ഒരിക്കലെങ്കിലും ഇലക്‌ട്രോണിക് മീഡിയ വഴി പേമെന്റുകള്‍ നടത്തിയ പരിചയമുള്ളത്. എന്നിരിക്കെ ഇന്ത്യപോലെ ഇത്രയും വൈവിധ്യം നിറഞ്ഞ ഒരു രാഷട്രത്തില്‍ ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമുള്ള തീരുമാനമെടുക്കുമ്പോള്‍ നടത്തേണ്ടിയിരുന്ന മുന്നൊരുക്കങ്ങള്‍ നടത്താതെ പോയത് ഗുരുതരമായ പാളിച്ചയായി.
കള്ളപ്പണക്കാരെ തുറുങ്കിലടക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും വെറുതെയായി. ഏഴായിരം കോടി രൂപ വായ്പയെടുത്ത വിജയ്മല്യയുടെ കടം എഴുതിത്തള്ളിയതിലൂടെ ഒരിക്കല്‍ കൂടി ഭരണകൂടം കോര്‍പറേറ്റ് പ്രീണന നയം പച്ചയായി അവതരിപ്പിച്ചു. വിവിധ ഇളവുകളിലൂടെ കോര്‍പറേറ്റ് മേഖലകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന തുകയുടെ കണക്ക് മാത്രമെടുത്താല്‍ ഇന്ത്യയുടെ മൊത്തം അഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ട് ശതമാനം വരുമത്രെ. ഈ ഇളവില്‍ യാതൊരു മാറ്റങ്ങളും വരുത്താതെ സാധാരണക്കാരന്റെ അന്നം മുട്ടിക്കുന്ന കാഴ്ച ദിനേനെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ സാധാരണക്കാര്‍ ബാങ്കുകളിലും കറന്‍സികളിലും അവര്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം ഏറെ പ്രധാനമാണ്. ഒറ്റ ദിവസത്തെ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി തകര്‍ത്തത് പൗരന്റെ ഈ വിശ്വാസമാണ്. എത്ര കാലം കഴിഞ്ഞാലും ഈ വിശ്വാസം തിരിച്ചുപിടിക്കാന്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് കഴിയില്ല. സാംസ്‌കാരികമായ ഈ ആഘാതമാണ് നോട്ട് നിരോധനം നല്‍കുന്ന ഏറ്റവും പ്രധാന ഇടിവ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് അതിനെ ഒോര്‍ഗനൈസ്ഡ് ലൂട്ട് (തീരുമാനിച്ചുറപ്പിച്ച കൊള്ള) എന്ന് വിശേഷിപ്പിച്ചത്. ഇത്രയേറെ പ്രത്യാഘാതമുള്ള തീരുമാനമെടുത്തിട്ടും ഇതിന്റെ യാതൊരു ആഘാതവും അറിയാത്ത വണ്ണം ജപ്പാനില്‍ പോയ മദ്ദളം കൊട്ടിയ പ്രധാനമന്ത്രിയുടെ മനക്കട്ടി സമ്മതിക്കുക തന്നെ വേണം.
നോട്ട് നിരോധനത്തിന് നല്‍കിയ പ്രഥമ ന്യായം വ്യാജ കറന്‍സികള്‍ക്കെതിരായ പോരാട്ടമായിരുന്നു. രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ അവതരിപ്പിച്ചതിലൂടെ ഉയര്‍ന്ന മൂല്യമുള്ള വ്യാജകറന്‍സികള്‍ ഇനിയും പെരുകാനുള്ള സാധ്യത അവശേഷിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. രാജ്യത്ത് നിലനില്‍ക്കുന്ന കള്ളപ്പണ്ത്തിന്റെ എണ്‍പത് ശതമാനവും കറന്‍സിയിലല്ല, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, സ്വത്ത് തുടങ്ങിയ രീതികളിലാണെന്ന മിനിമം എക്‌ണോമിക്‌സ് മനസ്സിലാക്കാനുള്ള ശേഷി പോലും നമ്മുടെ പ്രധാനമന്ത്രിക്കില്ലാതെ പോയത് ഏറെ ദയനീയമായി. ഭീകരര്‍ക്ക് പണം ലഭിക്കുന്നുവെന്ന് രാജ്യത്തെ മുഴുവന്‍ വിശ്വസിപ്പിച്ച് ഒരു പ്രത്യേകമായ മിത്ത് പണിതുണ്ടാക്കുകയാണ് പ്രധാനമന്ത്രി. ആ മിത്തില്‍ രാജ്യത്തിന്റെ മസ്തിഷ്‌കത്തെ ഉറക്കിക്കിടത്തി തന്റെ ഹിഡന്‍ അജണ്ടകള്‍ പുറത്തിറക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മോദി ലക്ഷ്യം വെച്ചത് സാധാരണക്കാരുടെ നാണയത്തുട്ടുകളില്‍ കോര്‍പറേറ്റുകള്‍ക്ക് കയ്യിട്ടുവാരാനുള്ള അവസരമൊരുക്കുകയാണ്. ഇതിന് അദ്ദേഹം പലപ്പോഴും വിളിക്കുന്ന ഓമനപ്പേരുകള്‍ മാത്രമാണ് ഡിജിറ്റല്‍ എക്കോണമിയും ക്യാഷ്‌ലെസ് എക്കോണമിയും.
ഏതൊരു തീരുമാനമെടുക്കുമ്പോഴും ജനങ്ങളിലേ ഏറ്റവും ദരിദ്രരെയാണ് മനസ്സില്‍ കാണേണ്ടതെന്ന രാഷ്ട്ര പിതാവിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കുന്നതിന് പകരം അംബാനിമാരെയും കോര്‍പറേറ്റുകളെയും മാത്രം മനസ്സില്‍ കണ്ടതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. അതാണ് രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ കൊള്ളയായി ഇതിനെ സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിക്കാന്‍ കാരണവും.
കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനെതിരെയുമുള്ള പോരാട്ടങ്ങള്‍ക്ക് ദീര്‍ഘമായ സാമ്പത്തികാസൂത്രണവും പരിപൂര്‍ണ്ണമായ ഗൃഹപാഠവും ആവശ്യമാണ്. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നടപ്പിലാക്കിയ പദ്ധതികള്‍ അതിലേക്കുള്ള മാര്‍ക്ഷരേഖഖളാണ്. ലോകബാങ്കും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും അതിനുവേണ്ട നിരവധി നടപടി ക്രമങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിലെ ഓരോ നടപടിയും ദീര്‍ഘകാലം ഹോംവര്‍ക്ക ചെയ്ത് നടപ്പാക്കേണ്ട സംഗതികളാണ്. ദീര്‍ഘദൃഷ്ടിയോടെ അവ നടപ്പാക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്. പക്ഷേ, ഒരു സുപ്രഭാതത്തില്‍ നോട്ട് നിരോധനമെന്ന പൊറാട്ട് നാടകം പ്രഖ്യാപിക്കുക വഴി രക്തസാക്ഷികളായ എണ്‍പതോളം സാധാരണക്കാരുടെ ആത്മാവുകളോട് നമ്മുടെ പ്രധാനമന്ത്രി എങ്ങനെ മറുപടി പറയുമെന്നാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്. പാര്‍ലമെന്റില്‍ പോലും ചര്‍ച്ചക്ക് തയാറാകാതെ ഏകാധിപതിയായി പെരുമാറുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിക്കെതിരെ ജനങ്ങള്‍ ഉയര്‍ത്തുന്ന പെരുവിരല്‍ കൂടിയാണ് എടിഎമ്മുകള്‍ക്ക് മുന്നില്‍ കാണുന്ന നീണ്ട ക്യൂ. ആ ക്യൂവിന്റെ പ്രതീകാത്മക അവതരണമാണ് യൂത്ത് ലീഗിന്റെ ക്യൂ വലയം. ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ക്യൂവലയം തീര്‍ക്കുകയാണ്.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending