Connect with us

kerala

‘സഖാക്കളെ കാലം മാറി, നിങ്ങളുടെ കോലം ആളുകൾ തിരിച്ചറിഞ്ഞു’; നജീബ് കാന്തപുരത്തിന്‌ പിന്തുണയുമായി പി.കെ. ഫിറോസ്

നീചമായ രീതിയില്‍ ബോഡി ഷെയ്മിങ് നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡി.വൈ.എഫ്.ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്.

Published

on

പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. മന്ത്രിമാരും ഭരണകക്ഷി എം.എല്‍.എമാരും നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടും അവര്‍ക്കോ അവരുടെ ഇന്റലിജന്‍സിനോ പൊലീസിനോ മനസിലാക്കാന്‍ കഴിയാത്ത ഒരു തട്ടിപ്പ് മനസിലാക്കാന്‍ നജീബിന് ത്രികാലജ്ഞാനമൊന്നുമില്ലെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.

നീചമായ രീതിയില്‍ ബോഡി ഷെയ്മിങ് നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡി.വൈ.എഫ്.ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്. സഖാക്കളെ കാലം മാറിയെന്നും നിങ്ങളുടെ കോലം ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍.ജി.ഒ എന്ന പേരില്‍ എന്‍.ജി.ഒകളുടെ കൂട്ടായ്മയുടെ പ്രതിനിധിയായി അനന്ദുകൃഷ്ണന്‍ എന്നൊരാളും സംഘവും പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരത്തെ സമീപിക്കുന്നു. മന്ത്രി ശിവന്‍കുട്ടി ഉല്‍ഘാടനം ചെയ്ത ഹെഡ് ഓഫീസും, സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ജനപ്രതിനിധികള്‍ പങ്കെടുത്ത പരിപാടികളും കാണിക്കുന്നു. 50% വിലയില്‍ സ്ത്രീകള്‍ക്ക് സ്‌കൂട്ടറും വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും നല്‍കുന്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നു.

ജനങ്ങള്‍ക്ക് ഗുണം കിട്ടുന്ന ഏതൊരു പദ്ധതിയും തന്റെ മണ്ഡലത്തിലേക്കും കിട്ടണമെന്ന് ആരുമാഗ്രഹിക്കുന്നത് പോലെ നജീബ് കാന്തപുരവും ആ പദ്ധതിയെ പിന്തുണക്കുന്നു. കുറേ ആളുകള്‍ക്ക് അതിന്റെ ഭാഗമായി സ്‌കൂട്ടര്‍ കിട്ടിയപ്പോള്‍ എല്ലാവരും ഈ പദ്ധതിയെ അഭിനന്ദിക്കുന്നു. ഇത്രയുമാണ് പെരിന്തല്‍മണ്ണയില്‍ സംഭവിച്ചത്.

എന്നാല്‍ പിന്നീട് കുറച്ചാളുകള്‍ക്ക് ലാപ്‌ടോപ്പ് കിട്ടാതായി. എം.എല്‍.എ പല തവണ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ഒടുവില്‍ എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കുന്നു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളോടൊപ്പം നിന്ന് തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നു.

സംസ്ഥാനത്തെ മന്ത്രിമാരും ഭരണകക്ഷി എം.എല്‍.എമാരും നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടും അവര്‍ക്കോ അവരുടെ ഇന്റലിജന്‍സിനോ പൊലീസിനോ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു തട്ടിപ്പ് മനസ്സിലാക്കാന്‍ നജീബിന് മാത്രം സാധിക്കണമെന്ന് പറയാന്‍ അദ്ദേഹത്തിന് ത്രികാലജ്ഞാനമൊന്നുമില്ലല്ലോ!

നജീബിന്റെ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ ആദ്യം മാര്‍ച്ച് നടത്തേണ്ടിയിരുന്നത് അഭ്യന്തര മന്ത്രിയുടെ വീട്ടിലേക്കായിരുന്നു. അതുമല്ലെങ്കില്‍ ഈ സംഘത്തിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശിവന്‍കുട്ടിയുടെ ഓഫീസിലേക്കായിരുന്നു. ഏറ്റവും ചുരുങ്ങിയത് ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയെന്ന് ആരോപണ വിധേയനായ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ വീട്ടിലേക്കെങ്കിലുമായിരുന്നു. എന്നാല്‍ അതിനൊന്നും ഡി.വൈ.എഫ്.ഐ തയ്യാറല്ല. നീചമായ രീതിയില്‍ ബോഡി ഷെയ്മിങ് ഉള്‍പ്പെടെ നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡിവൈഎഫ്‌ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്.

അപ്പോള്‍ കാര്യം വ്യക്തമാണ്. ചുരുങ്ങിയ കാലം കൊണ്ട് പെരിന്തല്‍മണ്ണയുടെ മനസ്സ് കീഴടക്കിയ നജീബ് കാന്തപുരത്തിന്റെ ജനപ്രീതി ഇല്ലാതാക്കണം. അതിന് എപ്പോഴും സഖാക്കള്‍ ചെയ്യാനുള്ളത് പോലെ ആടിനെ പട്ടിയാക്കണം.

സഖാക്കളെ കാലം മാറി. നിങ്ങളുടെ കോലം ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. നജീബിനെതിരെ കേസെടുത്തും ഓഫീസിന് മുന്നില്‍ നാല് മുദ്രാവാക്യം വിളിച്ചും പേടിപ്പിച്ച് കളയാമെന്ന് കരുതുന്നുണ്ടെങ്കില്‍ സഖാക്കളെ നിങ്ങള്‍ക്ക് തെറ്റി. അതല്ല, ഏതാനും മാസത്തിനുള്ളില്‍ ജനങ്ങള്‍ ആട്ടിപ്പായിച്ച് പ്രതിപക്ഷത്തിരുത്തും എന്നുറപ്പായ സ്ഥിതിക്ക് പഴയ കലാരൂപങ്ങള്‍ പരിശീലിക്കാനുള്ള തിടുക്കമാണ് പെരിന്തല്‍മണ്ണയില്‍ കാഴ്ചവെച്ച പ്രകടനമെങ്കില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

kerala

സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേട്; ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്

Published

on

സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ക്രമക്കേടിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സപ്ലൈകോ തേയില വിഭാഗം മുന്‍ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ടീ ടേസ്റ്റര്‍ അശോക് ഭണ്ഡാരി, ഹെലിബറിയ ടീ എസ്റ്റേറ്റ് അധികൃതര്‍ അടക്കമുള്ളവര്‍ പ്രതികളായ കേസിലാണ് ഇ.ഡി കുറ്റപത്രം. കൊച്ചി കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡമ്മി കമ്പനികളെ ഉപയോഗിച്ചാണ് ഇ-ടെന്‍ഡറില്‍ ക്രമക്കേട് നടത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്വന്തം തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന തേയില മാത്രമേ നല്‍കാന്‍ പാടുള്ളുവെന്ന വ്യവസ്ഥയിരിക്കെ ഡപ്യൂട്ടി മാനേജരും എസ്റ്റേറ്റ് ഉടമകളും ചേര്‍ന്ന് മറ്റിടങ്ങളില്‍ ഉല്‍പാദിപ്പിച്ച ഗുണനിലവാരം കുറഞ്ഞ തേയില സപ്ലൈകോയ്ക്ക് വിതരണത്തിനായി എത്തിച്ചു. വിപണി വിലയേക്കാള്‍ പത്തുമുതല്‍ പതിനഞ്ച് രൂപവരെ കൂട്ടിയാണ് സപ്ലൈകോ ഈ തേയില വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഷെല്‍ജി ജോര്‍ജടക്കമുള്ളവരുടെ എറണാകുളം, ഇടുക്കി ജില്ലകളിലായുള്ള 7.94 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. അതേസമയം ക്രമക്കേടില്‍ ആദ്യം അന്വേഷണം ആരംഭിച്ച വിജിലന്‍സ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

Continue Reading

kerala

പത്തനാപുരത്ത് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാര്‍ട്ടി; നാല് പേര്‍ പിടിയില്‍

. 460 mg എംഡിഎംഎ, 22gm കഞ്ചാവ്, 10സിറിഞ്ചുകള്‍ എന്നിവ സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തു.

Published

on

പത്തനാപുരത്ത് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാര്‍ട്ടി നടത്തിയ നാല് പേര്‍ പിടിയില്‍. തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂര്‍ സ്വദേശി വിപിന്‍ (26), കുളത്തൂര്‍ പുതുവല്‍ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരണ്‍ ( 35 ), വഞ്ചിയൂര്‍ സ്വദേശി ടെര്‍ബിന്‍ ( 21 ) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാര്‍ട്ടിയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പത്തനാപുരം എസ്എം അപ്പാര്‍ട്ട്‌മെന്റ് &ലോഡ്ജിലായിരുന്നു പ്രതികള്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. 460 mg എംഡിഎംഎ, 22gm കഞ്ചാവ്, 10സിറിഞ്ചുകള്‍ എന്നിവ സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തു.

എംഡിഎംഎ ഇന്‍ജെക്ട് ചെയ്യുന്നതിനുള്ള 10 സിറിഞ്ചുകള്‍, 23 സിപ് ലോക്ക് കവറുകള്‍, എംഡിഎംഎ തൂക്കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസ് എന്നിവയും കണ്ടെത്തി.

 

Continue Reading

kerala

പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞ സംഭവം; പരീക്ഷ എഴുതാന്‍ അനുമതി

വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മലപ്പുറം ആര്‍ഡിഡി തീരുമാനം നേരിട്ടറിയിച്ചു.

Published

on

പ്ലസ് ടൂ പരീക്ഷക്കിടെ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി. വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മലപ്പുറം ആര്‍ഡിഡി തീരുമാനം നേരിട്ടറിയിച്ചു. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പിഎം അനിലും സംഘവുമാണ് വീട്ടിലെത്തി കാര്യം അറിയിച്ചത്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം നേരിട്ടെത്തി അറിയിച്ചത്. സേ പരീക്ഷക്ക് ഒപ്പമായിരിക്കും വിദ്യാര്‍ത്ഥിനിക്ക് പരീക്ഷാ എഴുതാന്‍ അവസരം ലഭിക്കുക. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ പൊതു പരീക്ഷയായി പരിഗണിക്കും. പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കും.

പ്ലസ് ടൂ പരീക്ഷയ്ക്കിടെ മറ്റൊരു വിദ്യാര്‍ത്ഥി സംസാരിച്ചതിന്റെ പേരില്‍ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ ഇന്‍വിജിലേറ്ററായിരുന്ന അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഹബീബ് റഹ്മാനെതിരെയാണ് നടപടിയെടുത്തത്. മലപ്പുറം ഡിഡിഇ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറക്കിയത്.

ഇന്‍വിജിലേറ്ററുടേത് കടുത്ത അച്ചടക്ക ലംഘനമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ എഴുതാനുള്ള സമയം നിഷേധിച്ചത് ഗുരുതര വീഴ്ചയാണെന്നും ഇന്‍വിജിലേറ്റര്‍ പരീക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കുട്ടിയുടെ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂര്‍ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിക്കാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്.

 

Continue Reading

Trending