ഡോ രാംപുനിയാനി
ആഗോള രംഗത്ത്, ഇസ്‌ലാമിക ഭീകരത എന്ന പദം സാര്‍വത്രികമാകുകയും ഇസ്‌ലാമുമായി ബന്ധപ്പെട്ട ‘പ്രതിസന്ധി’യെക്കുറിച്ച് നിരവധി അപഗ്രഥനങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നുവരികയും ചെയ്യുകയാണ്. ഇസ്‌ലാമില്‍ ‘പ്രതിസന്ധി’ ഉണ്ടെന്നും അത് ശരിയായി അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്നുമാണ് ഒരു വാദം. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ഇസ്‌ലാം ശക്തമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതായിരുന്നു കുരിശു യുദ്ധം. അത് ബാഹ്യമായ പ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്‌ലിംകള്‍ അകത്തുനിന്നുള്ള വെല്ലുവിളി നേരിടുകയാണ്. മുസ്‌ലിംകള്‍ മുസ്‌ലിംകളാല്‍ കൊല്ലപ്പെടുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോക മുസ്‌ലിം സമൂഹത്തെ ഈ പ്രതിസന്ധി പിടികൂടിയിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംകളില്‍പെട്ടവര്‍ തന്നെ അവരുടെ ദുഷ്‌ചെയ്തികള്‍കൊണ്ട് ശത്രുക്കളേക്കാള്‍ ഇസ്‌ലാമിന് ദോഷം ചെയ്യുന്നു. സ്വന്തം മക്കളെ ആര്‍ത്തിയോടെ തിന്നുന്ന ഇസ്‌ലാമിക വേഷധാരികളാണവര്‍. മുസ്‌ലിം സമൂഹത്തിന്റെ വര്‍ത്തമാന കാലത്തെ വിവരിക്കാന്‍ ‘നല്ല മുസ്‌ലിമും ചീത്ത മുസ്‌ലിമുമെന്ന’ പദമുപയോഗിച്ച് ചിലര്‍ രണ്ട് വിഭാഗങ്ങളാക്കി അവതരിപ്പിക്കുന്നു. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഭീകരവാദ ശക്തികളില്‍ നിന്ന് യഥാര്‍ത്ഥ ഇസ്‌ലാമിന്റെ മുഖം രക്ഷിക്കേണ്ടതുണ്ട്.

അല്‍ഖാഇദയുടെ ഭീകരതയില്‍ തുടങ്ങി അപകടകരമായ അവസ്ഥയിലെത്തിയ ഐസിസ് രാഷ്ട്രീയത്തിന്റെയും അതിന്റെ നിരവധി വകഭേദങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ സമകാലിക സാഹചര്യത്തില്‍ മുസ്‌ലിംകളിലെ ആശങ്ക പരിഹരിക്കപ്പെടേണ്ടതുണ്ട്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ മാത്രമായിട്ടേയുള്ളൂ ഇത്തരമൊരവസ്ഥയിലെത്തിയിട്ട്. ഇതേക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടത് ആവശ്യമാണ്. ഭീകരവാദികള്‍ക്ക് സുരക്ഷിത സങ്കേതമായി നിലവില്‍ ഇസ്‌ലാം മാത്രം അവതരിപ്പിക്കപ്പെടുകയാണ്. മറ്റു മതങ്ങളിലെ ഭീകരവാദികളും ഈ നിലയിലോ ഇതിനേക്കാള്‍ ശക്തമായോ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഹിന്ദു മതാനുയായി സ്വാധ്വി പ്രഗ്യാ, ഗോദ്‌സെ, ബുദ്ധമതത്തിലെ അശ്വിന്‍ വിരാത്, ക്രിസ്തുമതത്തിലെ ആന്ദ്രേസ് ബെര്‍ലിങ് ബ്രെവിക് തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. വളരെക്കാലമായി രാഷ്ട്രീയം മതത്തിന്റെ മുഖംമൂടി ധരിക്കുന്നു എന്ന കാര്യം ലോകം തിരിച്ചറിയേണ്ടതുണ്ട്. എല്ലാ മതത്തിലും പ്രകടമാകുന്ന പ്രതിഭാസമാണിത്.

നിലവിലെ അവസ്ഥ കൈവരുന്നതിനു മുമ്പ് മതത്തിലെ ധാര്‍മ്മികതയും മാനദണ്ഡങ്ങളും അതിന്റെ സ്വഭാവവും തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ഒന്നാമതായി, മിക്ക മതങ്ങളിലെയും വൈദികര്‍ സാമൂഹിക ശക്തികളുമായി സഖ്യത്തിലാവുകയും പുരോഹിത സമ്പ്രദായം ശുദ്ധീകരിക്കുകയും ചെയ്തു. സഭ ഫ്യൂഡല്‍ അധികാര ശ്രേണി ശരിവെച്ചു. ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ അരാജകത്വം അടിച്ചേല്‍പിച്ചു. മതത്തിന്റെ ഈ സാമൂഹിക ഉപയോഗമാണ് വരേണ്യ ശക്തികള്‍ക്ക് അധികാരത്തിലെത്താനുള്ള വഴിയൊരുക്കിയത്.
രണ്ടാമതായി രാജാക്കന്മാര്‍ തങ്ങളുടെ രാജ്യ വിസ്തൃതി വര്‍ധിപ്പിക്കാന്‍ ജിഹാദ്, കുരിശു യുദ്ധം, ധര്‍മ്മയുദ്ധം തുടങ്ങിയ പദങ്ങളാണ് പലപ്പോഴും ഉപയോഗിച്ചത്. ഇവിടെ മതം തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഇത് അധികാരത്തിന്റെ അത്യാര്‍ത്തിയാണെന്ന് വ്യക്തമാണ്. എല്ലാ മതത്തിലെ രാജാക്കന്മാര്‍ക്കും ഒരേ ലക്ഷ്യമായിരുന്നു. അത് മതം പ്രചരിപ്പിക്കുന്നതിനായിരുന്നില്ല, മറിച്ച് മത വേഷത്തില്‍ അവരുടെ അധികാരങ്ങള്‍ വികസിപ്പിക്കുന്നതിനായിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിനു ശേഷമുള്ള ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഭൂ പ്രഭുക്കന്മാര്‍ അവരുടെ സാമൂഹിക പദവി സംരക്ഷിക്കാനും ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ അരാജകത്വം സൃഷ്ടിക്കാനും മത ചിഹ്നങ്ങളെ യഥേഷ്ടം ഉപയോഗിച്ചതായി കാണാം. ഗാന്ധിജിയെ പോലുള്ള നേതാക്കള്‍ ഇന്ത്യന്‍ മതേതര ദേശീയതയെ മുറുകെ പിടിച്ചപ്പോള്‍ സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ഗോദ്‌സെ തുടങ്ങിയവര്‍ മതത്തിന്റെ പേരിലാണ് ദേശീയത അവതരിപ്പിച്ചത്. ഈ സമയം പ്രമുഖ ഹിന്ദുവായിരുന്നയാളെ ‘ഹിന്ദു സൊസൈറ്റി’ക്കു വേണ്ടി വധിക്കുന്നിടം വരെ ഗോദ്‌സെ പോയി. സമാന തരത്തിലുള്ള ദേശീയത ബുദ്ധ മതത്തിന്റെ വേഷത്തില്‍ മ്യാന്മറിലും ശ്രീലങ്കയിലും കാണാം.

അമേരിക്ക നേതൃത്വം നല്‍കുന്ന സാമ്രാജ്യത്വം ഇസ്‌ലാമിന്റെ മറ ഉപയോഗിക്കുന്ന മറ്റൊരു പ്രതിഭാസമാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കണ്ടുകൊണ്ടിരിക്കുന്നത്. എണ്ണ സമ്പത്ത് നിയന്ത്രിക്കുന്നതിനു വേണ്ടിയാണിത്. ഇന്ധനത്തോടുള്ള അവരുടെ അത്യാര്‍ത്തി തീര്‍ക്കാന്‍ ഇസ്‌ലാമിന്റെ പേരില്‍ ഭീകരവാദികളെ പ്രമോട്ട് ചെയ്യുകയാണ്. ഇതിനായി അവര്‍ ദശലക്ഷക്കണക്കിനു ഡോളറുകളാണ് വിനിയോഗിക്കുന്നത്. മുസ്‌ലിം യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്ന അമേരിക്ക അവര്‍ക്ക് ആവശ്യമായ ആയുധങ്ങളും എത്തിക്കുന്നു. അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശം അവസാനിപ്പിക്കാന്‍ അമേരിക്ക ഇത്തരമൊരു വഴിയാണ് പ്രയോഗിച്ചച്ചത്. പിന്നീട് ആഗോള രാഷ്ട്രീയത്തില്‍ ഇതൊരു അര്‍ബുദമായി വളര്‍ന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇറാനിലെ മസ്ദഗ് സര്‍ക്കാറിനെ നേരത്തെ അമേരിക്ക അട്ടിമറിച്ചിരുന്നു. അവസാനം ആയത്തുല്ല ഖുമൈനി

അധികാരത്തിലെത്തുന്നതിലേക്കും ‘ഇസ്‌ലാമിക മൗലികവാദം’ എന്ന സംജ്ഞയിലേക്കുമാണ് ഈ സംഭവം നയിച്ചത്. ‘ഇസ്‌ലാം: പുതിയ ഭീഷണി’ എന്നാണ് ഖുമൈനി അധികാരത്തിലെത്തിയപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ ഇതേ മാധ്യമങ്ങള്‍ ‘ഇസ്‌ലാമിക തീവ്രവാദം’ എന്നാണ് വിശേഷിപ്പിച്ചത്.
അതുകൊണ്ട് ‘ആപത്കരമായ ഭീകരവാദം’ ഇസ്‌ലാമിന്റെ പേരില്‍ നേരത്തെതന്നെ തയാറാക്കിവെച്ചിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. എല്ലാ മതങ്ങളും സ്‌നേഹമാണ് പ്രചരിപ്പിക്കുന്നതെങ്കിലും വിശ്വാസികളില്‍ ചിലര്‍ വെറുപ്പാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ വ്യക്തമാകും. കബീര്‍, നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയ വിശുദ്ധ വ്യക്തികള്‍ പാവപ്പെട്ട വര്‍ക്കു വേണ്ടിയായിരുന്നു നിലകൊണ്ടിരുന്നത്. സമൂഹത്തില്‍ പരമ്പരാഗതമായി നിലകൊണ്ട കൊള്ളരുതായ്മകളില്‍ നിന്ന് അവര്‍ ജനങ്ങളെ രക്ഷിക്കുകയും സമാധാനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. അവര്‍ പദവിയും സ്വാധീനവും അധികാര ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തിയിരുന്നില്ല. ഒരു വശത്ത് ഗാന്ധിജിയും മറു വശത്ത് ഗോദ്‌സെയുമായി തുലനം ചെയ്താല്‍ ഇത് കൂടുതല്‍ വ്യക്തമാകും.