കെയ്‌റോ: ജയിലിലെ ദുരിതപൂര്‍ണമായ ജീവിതം മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും അഭിഭാഷകരും അടങ്ങിയ വിദഗ്ധ സംഘം. അന്താരാഷ്ട്ര നിയമപ്രകാരം അനുവദിക്കപ്പെട്ടതിനേക്കാള്‍ നിലവാരം കുറഞ്ഞ ജീവിത സാഹചര്യത്തിലാണ് മുര്‍സി ജയിലില്‍ കഴിയുന്നതെന്ന് സംഘം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം ആരോഗ്യപ്രശ്‌നങ്ങളുള്ള അദ്ദേഹത്തിന് ജലിലില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ല. കടുത്ത പ്രമേഹം അദ്ദേഹത്തെ തളര്‍ത്തിയിരിക്കുകയാണ്. കരള്‍ രോഗത്തിനും ചികിത്സ കിട്ടാതെ പ്രയാസപ്പെടുകയാണ്. രോഗം മൂര്‍ച്ഛിച്ച് മുര്‍സി മരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്ഷ്യന്‍, അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം പീഡനത്തിന്റെ പരിധിയില്‍ വരുന്ന സ്ഥിതിയിലാണ് മുര്‍സി ജയിലില്‍ കഴിയുന്നത്. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയാണ് തടവറയിലെ ഈ പീഡനത്തിന് ഉത്തരവാദിയെന്നും സംഘം ചൂണ്ടിക്കാട്ടി.

2011ലെ ജനകീയ വിപ്ലവത്തിനുശേഷം ജനാധിപത്യ രീതിയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ 2013ല്‍ ജൂലൈയില്‍ പട്ടാള അട്ടിമറിയിലൂടെ അധികാരഭ്രഷ്‌നാക്കുകയായിരുന്നു. ഒരു വര്‍ഷവും നാലു മാസവും മാത്രമാണ് അദ്ദേഹം അധികാരത്തിലിരുന്നത്. മുര്‍സിയുടെ സംഘടനയായ മുസ്്‌ലിം ബ്രദര്‍ഹുഡിനെ പട്ടാള ഭരണകൂടം നിരോധിക്കുകയും ചെയ്തു. അധികാരഭ്രഷ്ടനാക്കപ്പെട്ട ശേഷം അറസ്റ്റിലായ അദ്ദേഹം വിവിധ കേസുകളില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. മൂന്ന് കേസുകളില്‍ അദ്ദേഹത്തിന് തടവ് വിധിച്ചിട്ടുണ്ട്. ഈജിപ്തിലെ കുപ്രസിദ്ധമായ തോറ ജയിലില്‍ മൂന്ന് വര്‍ഷമായി മുര്‍സി ഏകാന്ത തടവിലാണ്. മുര്‍സിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും മറ്റും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ബ്രിട്ടീഷ് എംപി ക്രിസ്പിന്‍ ബ്ലന്റ് അറിയിച്ചു. മുര്‍സിയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ സംഘം അനുമതി ചോദിച്ച് അപേക്ഷം നല്‍കിയിരുന്നെങ്കിലും ഈജിപ്ഷ്യന്‍ ഭരണകൂടം നിരസിക്കുകയായിരുന്നു.