കോഴിക്കോട്: സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കര്‍ശനമായി നിരീക്ഷിക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിച്ച് നിര്‍ണയിക്കുന്നതിനുള്ള നിരക്കുകള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ടികളുടെ യോഗം വിളിച്ചു ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന പ്രചാരണ ഉപാധികളുടെ നിരക്കുകള്‍ യോഗത്തില്‍ നിശ്ചയിച്ചു. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫീസറായ കലക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം.കെ രാജന്‍ നിരക്കുകള്‍ സംബന്ധിച്ചുള്ള വിശദീകരണം നടത്തി.

ഒരു സ്ഥാനാര്‍ഥിക്ക് ലോകസഭാ മണ്ഡലത്തില്‍ ചെലവാക്കാവുന്ന പരമാവധി തുക 70 ലക്ഷമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരവ്‌ചെലവ് കണക്കുകള്‍ക്ക് മാത്രമായി സ്ഥാനാര്‍ഥി പ്രത്യേകം ബാങ്ക് എക്കൗണ്ട് ആരംഭിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഈ എക്കൗണ്ടിലൂടെ മാത്രമായിരിക്കണം.

10,000 രൂപയില്‍ അധികം വരുന്ന പണമിടപാടുകള്‍ ചെക്ക്/ഡ്രാഫ്റ്റ്/എക്കൗണ്ട് ട്രാന്‍സ്ഫര്‍ എന്നിവയിലൂടെ മാത്രമായിരിക്കണം. പൊതുസ്ഥലങ്ങളിലുള്ള ചുമരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ മാറ്റുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ടികള്‍ക്ക് അറിയിപ്പ് നല്‍കി. ഇവ മാറ്റാത്ത പക്ഷം ആയത് മാറ്റുന്നതും ഇതിന് ചെലവായ നിശ്ചിത തുക രാഷ്ട്രീയ പാര്‍ടികളില്‍ നിന്നോ സ്ഥാനാര്‍ഥിയില്‍ നിന്നോ നോട്ടീസ് നല്‍കിയ ശേഷം ഈടാക്കും. ഈ തുക അടച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാലിക്കേണ്ട വിവിധ നിയമവശങ്ങളെ കുറിച്ചും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.