പാരീസ്: ഫ്രഞ്ച് ലീഗില്‍ കളിക്കുന്നത് ലോക സൂപ്പര്‍ താരങ്ങളാണ്. മെസിയും നെയ്മറും ഡി മരിയയുമെല്ലാം. പക്ഷേ ഇത്തവണയും ലീഗിലെ മികച്ച താരം കിലിയന്‍ എംബാപ്പേ തന്നെ. പി.എസ്.ജിക്കായി ഫ്രഞ്ച് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി 25 ഗോളുകള്‍ കരസ്ഥമാക്കിയ ഫ്രഞ്ചുകാരന്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ലീഗിലെ വലിയ പുരസ്‌ക്കാരം സ്വന്തമാക്കുന്നത്.

പോയ സീസണില്‍ നേരിയ വിത്യാസത്തില്‍ ഫ്രഞ്ച് ലീഗ് കിരീടം നഷ്ടമായ പി.എസ്.ജി ഇത്തവണ വളരെ നേരത്തെ തന്നെ കിരീടം ഉറപ്പാക്കിയവരാണ്. എംബാപ്പേക്കൊപ്പം സീസണില്‍ മെസിയും ടീമിനൊപ്പമുണ്ടായിരുന്നു. പക്ഷേ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായത് ടീമിന് ആഘാതമായിരുന്നു. ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാര്‍ പൂര്‍ത്തീകരിച്ച എംബാപ്പേ ക്ലബില്‍ തുടരുമോ എന്ന് വ്യക്തമല്ല. റയല്‍ മാഡ്രിഡുമായി അദ്ദേഹം പുതിയ കരാര്‍ സംസാരിച്ചതായാണ് വൈകി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.