ലണ്ടന്‍: മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. 257 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 44.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജോറൂട്ട്, ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ എന്നിവരുടെ ബാറ്റിങ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ആദ്യ മത്സരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഇംഗ്ലണ്ട് 86 റണ്‍സിന് സ്വന്തമാക്കിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കോഹ്‌ലി 72 പന്തില്‍ എട്ട് ബൗണ്ടറി ഉള്‍പ്പെടെ 71 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് 10 ഓവറില്‍ 49 റണ്‍സും ഡേവിഡ് വില്ലി ഒമ്പത് ഓവറില്‍ 40 റണ്‍സും വഴങ്ങി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.