ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം ജയിച്ചതോടെ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി. നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വന്തം കാണികള്‍ക്ക് മുന്നില്‍ പരമ്പര വിജയിക്കുന്ന ബംഗ്ലദേശിന് തിരിച്ചടിയായി ഈ തോല്‍വി. ആദ്യ ഏകദിനം ഇംഗ്ലണ്ട് ജയിച്ചിരുന്നു. രണ്ടാം ഏകദിനം ബംഗ്ലാദേശ് ജയിച്ചതോടെയാണ് അവസാന ഏകദിനം നിര്‍ണ്ണായകമായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ആറിന് 278 എന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിയത്. മുഷ്ഫിഖുര്‍ റഹീം(67) സാബിര്‍ റഹ്മാന്‍(49) തമീം ഇഖ്ബാല്‍(45) ഇംറുല്‍ കയീസ്(46) എന്നിവരാണ് ബംഗ്ലാദേശിന് വേണ്ടി സ്‌കോര്‍ ചെയ്തത്. സാംബില്ലിങ്‌സ്(62) ബെന്‍ ഡക്കറ്റ്(63) ബെന്‍ സ്റ്റോക്ക്(47) എന്നിവരുടെ മികവില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. രണ്ടാം ഏകദിനത്തില്‍ കളിക്കളത്തില്‍ വെച്ച് ഇംഗ്ലീഷ് -ബംഗ്ലാദേശ് കളിക്കാര്‍ തമ്മില്‍ വാക്ക്‌പോരില്‍ ഏര്‍പ്പെട്ടത് വിവാദമായിരുന്നു. നേരത്തെ സിംബാബ്‌വെ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവര്‍ ബംഗ്ലാദേശില്‍ പരമ്പര തോറ്റിരുന്നു.