മുംബൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ തയാറെടുക്കുന്ന ഇംഗ്ലീഷ് ഓപണര്‍ ഹസീബ് ഹമീദിന് ഇന്ത്യ അന്യദേശമല്ല. ഹസീബിന്റെ പിതാവ് ഇസ്്മാഈല്‍ ഗുജറാത്തിലെ ബാറക് സ്വദേശിയാണ്. ഇന്ത്യയില്‍ വെച്ച് 2004ലാണ് ഹസീബ് ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ പഠിച്ചത്. മൂത്ത സഹോദരന്‍ സഫ്‌വാനോടൊത്ത് ബാന്ദ്രയില്‍ കളിക്കാനെത്തിയപ്പോള്‍ അവിടെ പ്രാക്ടീസിനെത്തിയ സച്ചിനെ ആദ്യമായി കാണുന്നത്. അന്ന് ഏഴു വയസായിരുന്നു ഹസീബിന്റെ പ്രായം. സഹോദരനൊപ്പം കൂട്ടു വന്ന ഹസീബിന് അന്ന് സച്ചിനൊപ്പം ഫോട്ടോയെടുക്കാനായതാണ് വലിയ നേട്ടം. സച്ചിനെ കാണാന്‍ നിറയെ ആളുകളെത്തിയതാണ് ക്രിക്കറ്റിന്റെ ജനപ്രീതി ഹസീബിന് മനസിലാക്കാനായത്.

അന്നാണ് ക്രിക്കറ്റാണ് തന്റെ ഭാവിയെന്ന് ഹസീബ് മനസിലാക്കിയതെന്ന് സഹോദരന്‍ സഫ്‌വാന്‍ പറയുന്നു. ബാറ്റിങ്ങിന്റെ ആദ്യ പാഠങ്ങള്‍ മുംബൈയിലെ മൈതാനങ്ങളില്‍ നിന്നുമാണ് ഹസീബ് അഭ്യസിച്ചത്. 2010ല്‍ തന്റെ 13-ാമത്തെ വയസില്‍ ഹസീബ് മുംബൈയിലെ ബോംബെ സ്‌കൂള്‍ ഓഫ് ബാറ്റ്‌സ്മാന്‍ഷിപ്പില്‍ പരിശീലനം നേടിയത്. ഹസീബിന്റെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്ത് റിട്ടയേര്‍ഡ് പൊലീസുകാരനും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അംഗവുമായ ഇഖ്ബാല്‍ ഷെയ്ഖും തമ്മിലുള്ള ബന്ധമാണ് ഹസീബിന് ബാറ്റിങ് പ്രാക്ടീസ് ലഭിക്കാന്‍ കാരണം.

കോച്ച് വിദ്യാ പരാദ്കറില്‍ നിന്നും ബാറ്റിങിന്റെ ടെക്‌നിക്കുകള്‍ മൂന്നു മാസത്തോളം ഹസീബ് അഭ്യസിച്ചു. രാവിലേയും വൈകുന്നേരവുമായി നാലു മണിക്കൂറോളം ഹസീബ് പ്രാക്ടീസ് ചെയ്തിരുന്നതായി പരാദ്കര്‍ പറയുന്നു. സന്നാഹ മത്സരങ്ങളില്‍ മികച്ച രീതിയില്‍ ബാറ്റു വീശിയ ഹസീബ് മിക്ക അവസരങ്ങളിലും പുറത്തായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഈ രീതിയില്‍ കളി തുടര്‍ന്നാല്‍ താമസിയാതെ ഇംഗ്ലീഷ് ദേശീയ ടീമില്‍ എത്തുമെന്ന് താന്‍ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നതായി പരാദ്കര്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഹസീബിനെ ഇംഗ്ലീഷ് ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയതറിഞ്ഞ് ഏറെ അഭിമാനം തോന്നിയതായും അദ്ദേഹം പറഞ്ഞു. 14-ാമത്തെ വയസിലാണ് ഹസീബ് ഇംഗ്ലണ്ടിലെ ബോള്‍ട്ടന്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഫാണ്‍വര്‍ത് സോഷ്യല്‍ സര്‍ക്കിളിനു വേണ്ടിയാണ് അദ്ദേഹം കളിച്ചത്. താമസിയാതെ ലങ്കാഷയര്‍ അക്കാഡമിയില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 2012ല്‍ എത്തി. മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ആഷ്‌ലി ഗൈല്‍സായിരുന്നു അവിടെ പരിശീലകന്‍. ആഷ്‌ലി ഗൈല്‍സ് മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഹസീബിന്റെ കഴിവുകളെ കുറിച്ച് വാനോളം പുകഴ്ത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനൊപ്പം ശ്രീലങ്കയില്‍ ത്രിരാഷ്ട്ര പരമ്പരക്കെത്തിയ ഹസീബ് മുംബെയില്‍ സ്പിന്നിനെതിരെ ബാറ്റ് ചെയ്യാനുള്ള പരിശീലനത്തിനായി എത്തിയിരുന്നു. നെറ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ട തനിക്ക് അത്ഭുതം തോന്നിയതായി പഴയ പരിശീലകന്‍ പരാദ്കര്‍ പറയുന്നു. ലങ്കയില്‍ ബുദ്ധിമുട്ടേറിയ പര്യടനമായിരുന്നെങ്കിലും അണ്ടര്‍ 19 ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡില്‍ നിന്നും ചിലത് സ്വായത്തമാക്കാന്‍ പര്യടനം സഹായിച്ചു. ബംഗ്ലാദേശ് പര്യടനത്തില്‍ ബെന്‍ ബക്കറ്റിനൊപ്പമായിരുന്നു അലസ്റ്റര്‍ കുക്ക് ഇന്നിങ്‌സ് ആരംഭിച്ചിരുന്നത്. പക്ഷേ ഇന്ത്യയിലെ ഗ്രൗണ്ടുകളില്‍ മികവ് പ്രകടിപ്പിക്കാന്‍ ഹസീബിനാവുമെന്നതിനാല്‍ ഇത്തവണ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുമെന്നാണ് ഹസീബ് കരുതുന്നത്. ഈ സാഹചര്യത്തില്‍ രാജ്‌കോട്ടില്‍ കുടുംബക്കാര്‍ക്കു മുന്നില്‍ അരങ്ങേറാനാവുമെന്ന് ഹസീബ് സ്വപ്‌നം കാണുന്നു. ഇംഗ്ലീഷ് കൗണ്ടിയില്‍ 2ം ഫസ്റ്റ്ക്ലാസ് മത്സരങ്ങളിലായി 1455 റണ്‍സ് നേടിയ ഹസീബിന്റെ ബാറ്റിങ് ശരാശരി 48.50 ആണ്. നാല് സെഞ്ച്വറികളും ഒമ്പത് അര്‍ധ ശതകങ്ങളും ഈ 19കാരന്‍ സ്വന്തമാക്കിയിട്ടുണ്ട്.