തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാര്‍ മുള്‍മുനയില്‍ നില്‍ക്കുന്നതിനിടെ മന്ത്രി ഇ.പി ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിവാദനിയമനങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വിവാദ നിയമനങ്ങള്‍ റദ്ദാക്കുന്നതില്‍ ഒതുങ്ങുന്നതല്ല നടപടികളെന്ന് സൂചന നല്‍കിക്കൊണ്ട് കോടിയേരിയുമായി കേന്ദ്രനേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

ഇതേതുടര്‍ന്ന് വിശദീകരണം തേടാനാണ് ജയരാജനെ കോടിയേരി ഇന്നലെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തിയത്. പതിനഞ്ച് മിനിറ്റ് മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ജയരാജന്‍ തന്റെ ഭാഗം വിശദീകരിച്ചു. വകുപ്പിലെ മുഴുവന്‍ നിയമനങ്ങളുടെയും വിവരങ്ങള്‍ നല്‍കണമെന്ന് കോടിയേരി നിര്‍ദേശിച്ചു. എന്നാല്‍ ചര്‍ച്ചക്ക് ശേഷം പുറത്തിറങ്ങിയ ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. നിയമനങ്ങള്‍ റദ്ദാക്കിയാലും അഴിമതിയും സ്വജനപക്ഷപാതവും കുറ്റമല്ലാതാകുന്നില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെയും മുന്നണിയുടെയും പിന്തുണ ജയരാജന് നഷ്ടമായിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ബന്ധുനിയമനത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ജയരാജനെ ശാസിച്ചിരുന്നു. ജയരാജന്‍ ചെയ്തത് തെറ്റുതെന്നെയാണെന്നും തിരുത്തണമെന്നും തുറന്നടിച്ച് എന്‍.സി.പി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രനും ഇന്നലെ രംഗത്തെത്തി.
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവിധ വകുപ്പുകളില്‍ നടത്തിയ അനധികൃത നിയമനങ്ങളെല്ലാം നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് റദ്ദാക്കിയേക്കും. എന്നാല്‍ ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാവ് മുരളീധരനും നല്‍കിയ പരാതി വിജിലന്‍സ് പരിശോധിക്കുകയാണ്. പരാതിയിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമനം റദ്ദാക്കല്‍ നടപടി തടസമാകില്ല. ജയരാജനെതിരെ വിജിലന്‍സ് ഉടന്‍തന്നെ ത്വരിതാന്വേഷണം ആരംഭിക്കും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷമായിരിക്കും വിജിലന്‍സ് അന്വേഷണം ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതേസമയം ബന്ധുനിയമന വിവാദത്തില്‍ സി.പി.എം കേന്ദ്രനേതാക്കള്‍ ഉറച്ച നിലപാടിലാണ്. വിവാദമായ എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
നിയമനങ്ങള്‍ പുനഃപരിശോധിച്ചും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുത്തും പാര്‍ട്ടിയുടെ വിശ്വാസ്യതയും പ്രതിച്ഛായയും വീണ്ടെടുക്കണമെന്നും സംസ്ഥാന നേതൃത്വത്തോടു കേന്ദ്രനേതാക്കള്‍ നിര്‍ദേശിച്ചു. സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട യോഗമെന്നതിനാല്‍ കേന്ദ്രനേതാക്കളിലാരെങ്കിലും നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനും സാധ്യതയുണ്ട്. യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രിമാരായ കെ.എം മാണിക്കും കെ. ബാബുവിനുമെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ തന്നെ അവരുടെ രാജിക്കായി മുറവിളി കൂട്ടിയ എല്‍.ഡി.എഫിന് ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചാല്‍ പിടിച്ചുനില്‍ക്കാനാവില്ല. പ്രതിപക്ഷത്തിനാകട്ടെ സ്വാശ്രയ സമരത്തിനൊപ്പം ശക്തമായ സമരായുധമാണ് ലഭിച്ചിരിക്കുന്നത്.