ലണ്ടന്‍: ഇന്ന് ടെന്‍ഷന്‍ ലിവര്‍പൂളിനാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവരിന്ന് സതാംപ്ടണുമായി കളിക്കുന്നു. വിജയം മാത്രമാണ് മുദ്രാവാക്യം. പക്ഷേ മുഹമ്മദ് സലാഹ് ഇല്ല. വിര്‍ജില്‍ വാന്‍ ഡിജിക് ഇല്ല. പ്രശ്‌നങ്ങളുണ്ട്. പക്ഷേ ജുര്‍ഗന്‍ ക്ലോപ്പെയിലെ പരിശീലകന് തോല്‍വി സഹിക്കാനാവില്ല. പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കാര്‍ നാല് പോയിന്റ് ലീഡിലാണ്. പക്ഷേ ഒരു മല്‍സരം മാത്രമാണ് അവര്‍ക്ക് ബാക്കി. ലിവറിന് രണ്ട് മല്‍സരങ്ങള്‍ ശേഷിക്കുന്നു. രണ്ടും ജയിച്ചാല്‍ പിന്നെ സിറ്റി അവസാന മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്യണമെന്ന് പ്രാര്‍ത്ഥിക്കുക.

അതേ സമയം ഇന്ന് ലിവര്‍ തോല്‍ക്കുന്ന പക്ഷം സിറ്റി വിജയികളായി മാറും. അവസാന മല്‍സരത്തിന് പ്രസക്തിയുമുണ്ടാവില്ല. ലിവര്‍ സീസണില്‍ രണ്ട് കിരീടങ്ങള്‍ ഇതിനകം സ്വന്തമാക്കിയിരിക്കുന്നു. കറബാവോ കപ്പും എഫ്.എ കപ്പും. നാല് കിരീടങ്ങള്‍ എന്ന ലക്ഷ്യത്തില്‍ രണ്ട് കിരീടങ്ങള്‍ കണ്‍മുന്നിലുണ്ട്. പ്രീമിയര്‍ ലീഗ് അതില്‍ പ്രധാനം. അതിന് ശേഷം മാസാവസാനത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡുമായി പോരാട്ടമുണ്ട്. ഇതിനകം നേടിയ രണ്ട് കിരീടങ്ങളും ചെല്‍സിയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചായിരുന്നു. ഭാഗ്യത്തിന്റെ കൃത്യമായ അകമ്പടി.