ഡാനി ആല്‍വെസിന്റ മികച്ച പ്രകടനത്തോടെ യുവന്റസ് റോം മൊണോക്കോക്കെതിരെ കുറിച്ചത് മറ്റൊരു ഗംഭീര വിജയം. റോം മൊണോക്കോയെ സ്വന്തം തട്ടകത്തില്‍ 2-1 ന് മറികടന്ന് യുവന്റസ് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി നേടിയ 4-1ന്റെ മികച്ച പ്രകടത്തോടെയാണ് യുവന്റസിന്റെ ഫൈനല്‍ പ്രവേശം. മികച്ച ഗോളിലൂടെ കളിയാരാധകരെ വിസ്്മയിപ്പിച്ച ആല്‍വസ് തന്നെയായിരുന്നു യുവന്റസിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും.

44ാം മിനിറ്റിലെ ആല്‍വസിന്റെ ഗോളിന് പുറമെ മരിയോ മാന്‍സുകിച്ചാണ് മൊണോക്കോയുടെ വല കുലുക്കിയത്. യുവതാരം കെയ്‌ലിന്‍ എംബാപയുടെയുടെ വകയായിരുന്നു മൊണോക്കോയുടെ ഗോള്‍. ചൊവ്വാഴ്ച രാത്രി നടന്ന രണ്ടാം പാദ സെമിയിലാണ് യുവന്റസ് വിജയമാവര്‍ത്തിച്ചത്.

മൊണോക്കോയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഗോണ്‍സാലോ ഹിഗ്വെയ്‌ന്റെ ഇരട്ട ഗോളില്‍ യുവന്റസ് 2-0 ന് ജയിച്ചിരുന്നു. ഇന്ന് നടക്കുന്ന അത്‌ലറ്റികോ മാഡ്രിഡ്- റയല്‍ മാഡ്രിഡ് പോരാട്ടത്തില്‍ ആര് ജയിക്കുമെന്നാണ് ഇനി അറിയേണ്ടത്. മാഡ്രിഡ് മാമാങ്കത്തിലെ വിജയിയുമായാണ് യുവന്റസിന്റെ ഫൈനലില്‍ പോരാട്ടം.

ബാഴ്‌സലോണ കരാര്‍ പുതുക്കാതെ മാറ്റി നിര്‍ത്തിയ ആല്‍വസ് നിരന്തരം ഗോള്‍ വല കുലുക്കുന്നത് ക്ലബ്ബിനെ മാറ്റിച്ചിന്തിപ്പിക്കുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്. ബാഴ്‌സലോണ ജഴ്‌സിയിലും ആല്‍വസ് മികച്ച പ്രകടനം കാഴ്്ച വെക്കുന്ന ഈ താരത്തെ കൈവിടാന്‍ ബാഴ്‌സലോണയും ഇനി ഒരുവട്ടം കൂടി ആലോചിക്കുമെന്നുറപ്പ്.