ബഗല്‍കോട്ട്: ബാങ്ക് ക്യൂവില്‍ നിന്ന മുന്‍ സൈനികന് പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ മര്‍ദ്ദനം. കര്‍ണാടകയില്‍ ബഗല്‍കോട്ടിലെ ബാങ്കിനു മുന്നിലെ ക്യൂവില്‍ 55കാരനായ നന്ദപ്പയ്ക്കാണ് ദുരനുഭവമുണ്ടായത്. ബാങ്കിന്റെ വാതില്‍ തുറന്നപ്പോള്‍ അകത്തു കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മര്‍ദ്ദനം. ക്യൂവിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

പണം പിന്‍വലിക്കാനായി ക്യൂവില്‍ മുന്‍ നിരയിലായിരുന്ന സൈനികനെ ബാങ്ക് കവാടത്തിനടത്ത് തടയുകയും പലതവണ ക്രൂരമായി മര്‍ദ്ദിച്ച് പിന്നോട്ട് തള്ളുന്നതുമാണ് ദൃശ്യത്തിലുള്ളത്. മര്‍ദ്ദനം തുടരാനൊരുങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ ക്യൂവിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് അനുനയിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം പുറത്തുവന്നതിനു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.