കേരളത്തിലെ മദ്യനിയന്ത്രണം പരാജയമെന്ന് വരുത്തിത്തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. നിലവിലെ മദ്യനയം അട്ടിമറിച്ച് കേരളത്തില്‍ മദ്യം ഒഴുക്കാന്‍ മദ്യലോബികള്‍ക്ക് വീണ്ടും അവസരമൊരുക്കുന്നതിനാണ് മദ്യനിയന്ത്രണത്തിന് ശേഷം ലഹരി കേസുകളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവ് ഉണ്ടായെന്ന് എക്‌സൈസ് വകുപ്പു തന്നെ പ്രചരിപ്പിക്കുന്നത്.

മദ്യനിയന്ത്രണത്തിന് ശേഷം മയക്കുമരുന്ന് ഉപഭോഗം പതിന്‍മടങ്ങ് വര്‍ധിച്ചുവെന്ന വകുപ്പ് മന്ത്രിയുടെയും എക്‌സൈസ് കമ്മീഷണറുടെയും അഭിപ്രായങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എക്‌സൈസിന്റെ വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നുണ്ട്. 2015-16ല്‍ അബ്കാരി നിയമം അനുസരിച്ച് 16,917 കേസുകളിലായി 20,702.43 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തെങ്കില്‍ 2016 -17 ല്‍ കേസുകളുടെ എണ്ണം 25423 ആയി വര്‍ധിച്ചിട്ടും 2,892.72 ലിറ്റര്‍ സ്പിരിറ്റ് മാത്രമാണ് പിടിച്ചെടുക്കാനായത്. മുന്‍വര്‍ഷത്തെക്കാള്‍ 86 ശതമാനത്തിന്റെ കുറവ്. കൃത്യമായി പറഞ്ഞാല്‍ 17803.83 ലിറ്ററിന്റെ കുറവുണ്ടായി.
കഞ്ചാവ് കേസുകളുടെ കാര്യത്തിലും സ്ഥിതി സമാനമാണ്. 2015-16 ല്‍ 1708 കേസുകളില്‍ 920.892 കിലോ കഞ്ചാവാണ് പിടികൂടിയത്. 2016-17ല്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണം 3835 ആയി ഉയര്‍ന്നെങ്കിലും 920.663 കിലോ കഞ്ചാവ് മാത്രമാണ് പിടികൂടാനായത്. അതായത് മുന്‍വര്‍ഷത്തെക്കാള്‍ 193 ഗ്രാം കുറവ്. ഈ വസ്തു മറച്ചുവെച്ചാണ് ഇന്ത്യയുടെ മയക്കുമരുന്നു ഭൂപടത്തില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍പ്പോലും ഇല്ലാത്ത കേരളത്തെ ലഹരിയുടെ താവളമാണെന്ന് എക്‌സൈസ് വകുപ്പ് തന്നെ ചിത്രീകരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ മദ്യ ഉപഭോഗത്തില്‍ 34.27 ശതമാനത്തിന്റെ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതിന് പുറമെ, പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2016 ഏപ്രില്‍ മാസത്തേക്കാള്‍ 2017 ഏപ്രില്‍ മാസത്തില്‍ മദ്യവില്‍പ്പനയിലും ഉപഭോഗത്തിലും 94,48,542 ലിറ്ററിന്റെ (30.34 ശതമാനം) അത്ഭുതകരമായ കുറവ് രേഖപ്പെടുത്തി. ഇവയൊന്നും അംഗീകരിക്കാതെ മദ്യനിയന്ത്രണം ഫലപ്രദമല്ലെന്ന് സ്ഥാപിക്കുവാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പ്രത്യേക വകുപ്പായി എക്‌സൈസ് വകുപ്പ് മാറിയിരിക്കുകയാണ്. മദ്യലോബികളുടെ താല്‍പര്യത്തിന് വഴങ്ങി മദ്യനിയന്ത്രണം വന്‍ പരാജയമാണെന്ന് വരുത്തിതീര്‍ക്കാന്‍ ലഹരി കേസുകളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവ് കാണിക്കാന്‍ സാമര്‍ത്ഥ്യം കാണിച്ച എക്‌സൈസ് വകുപ്പ്, പിടിച്ചെടുത്ത സ്പിരിറ്റിന്റെയും കഞ്ചാവിന്റെയും ജയില്‍ ശിക്ഷ വാങ്ങി കൊടുത്ത പ്രതികളുടെയും കണക്കുകള്‍ ബോധപൂര്‍വം മറച്ചുവെക്കുകയായിരുന്നുവെന്ന് ആല്‍ക്കഹോളിക് ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്ത്യ(അഡിക്) അഡിക് ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്‍മുള വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. എക്‌സൈസ് വകുപ്പ് 2016-17 ല്‍ മൊത്തം കൈകാര്യം ചെയ്ത 89723 കേസുകളില്‍ 60465 കേസുകളും (67.39 ശതമാനം) പുകയില നിരോധന നിയമ പ്രകാരമുള്ളതായിരുന്നു. 25423 (28.34 ശതമാനം) അബ്കാരി കേസുകളെടുത്തപ്പോള്‍ 3835 (4.27 ശതമാനം) കേസുകള്‍ മാത്രമായിരുന്നു മയക്കുമരുന്നുമായി ബന്ധപ്പെട്ട് എടുത്തത്.