തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബാബു എന്ന് വിളിപ്പേരുള്ള ആളെയാണ് അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം ഡി.വൈ.എസ്.പി പി. പ്രദീപ് അറിയിച്ചു. തിരിച്ചറിയില്‍ പരേഡ് നടത്താനുള്ളതിനാല്‍ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് തയാറായിട്ടില്ല.തിരൂര്‍ മംഗലം പുല്ലൂണി സ്വദേശിയായ ബാബു എന്ന വിളിപ്പേരുള്ള പ്രജീഷ് ആണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രധാന പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്. ഒരു വര്‍ഷം മുമ്പ് ഇസ്‌ലാം സ്വീകരിച്ച ഫൈസലിനെ ഇക്കഴിഞ്ഞ 19ന് പുലര്‍ച്ചെ അഞ്ചിന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ വ്യക്തി ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു.

രണ്ടു ബൈക്കുകളിലായി എത്തിയ നാലുപേരാണ് ഫൈസലിനെ വെട്ടിയത്. കേസിലെ സാക്ഷികള്‍ക്ക് മുമ്പില്‍ തിരിച്ചറിയല്‍ പരേഡിനായി കൊണ്ടുപോവാനുള്ളതിനാല്‍ മുഖംമറച്ചാണ് പ്രതിയെ സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോയത്.അന്വേഷണത്തിന്റെ ഭാഗമായി മറ്റു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഇതുവരെ അറസ്റ്റിലായവരെല്ലാം ഹിന്ദു തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരാണ്.