Connect with us

india

വ്യാജ കഫ് സിറപ്പ്; മധ്യപ്രദേശില്‍ രണ്ട് കുട്ടികളും രാജസ്ഥാനില്‍ ഒരു കുട്ടിയും മരിച്ചു

മധ്യപ്രദേശില്‍ 11ഉം രാജസ്ഥാനില്‍ മൂന്ന് കുട്ടികളുമാണ് ഇതുവരെ മരിച്ചത്.

Published

on

വ്യാജ കഫ് സിറപ്പ് ആയ കോള്‍ഡ്‌റിഫ് കഴിച്ചുള്ള മരണ സംഖ്യ ഉയരുന്നു. മധ്യപ്രദേശില്‍ രണ്ട് കുട്ടികളും രാജസ്ഥാനില്‍ ഒരു കുട്ടിയും മരിച്ചു. ഇതോടെ മരണ സംഘ്യ 14 ആയി ഉയര്‍ന്നു. മധ്യപ്രദേശില്‍ 11ഉം രാജസ്ഥാനില്‍ മൂന്ന് കുട്ടികളുമാണ് ഇതുവരെ മരിച്ചത്. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരവും ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോള്‍ഡ്‌റിഫ് മരുന്ന് കഴിച്ച കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ വൃക്കകള്‍ തകരാറിലായതായും കോള്‍ഡ്‌റിഫില്‍ അടങ്ങിയിട്ടുള്ള വിഷാംശമാണ് മരണത്തിലേക്ക് നയിച്ചതെന്നും പരിശോധനയില്‍ വ്യക്തമായി. മരുന്നിന്റെ സാമ്പിളുകളില്‍ 48.6 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന ഉയര്‍ന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്നും ഒപ്പം എഞ്ചിന്‍ ഓയിലുകളും അടങ്ങിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

മധ്യപ്രദേശില്‍ കുട്ടികള്‍ക്ക് കോള്‍ഡ്‌റിഫ് മരുന്ന് നിര്‍ദേശിച്ച പരേഷ്യയിലെ ശിശുരോഗവിദഗ്ധനായ ഡോ. പ്രവീണ്‍ സോണി പിടിയിലായിരുന്നു. നിരോധിച്ച ശേഷവും ഡോക്ടര്‍ ഈ മരുന്ന് കുട്ടികള്‍ക്ക് നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് അറസ്റ്റ്. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാഗം കുട്ടികളെയും ചികിത്സിച്ചത് ഡോ. പ്രവീണ്‍ സോണിയുടെ ക്ലിനിക്കിലായിരുന്നു. മരണത്തിന് കാരണമായ കോള്‍ഡ്‌റിഫ് കഫ് സിറപ്പ് നിര്‍മിച്ച ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്.

മധ്യപ്രദേശിനെ കൂടാതെ, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളും കോള്‍ഡ്‌റിഫ് നിരോധിച്ചിട്ടുണ്ട്. കോള്‍ഡ്‌റിഫ് മരുന്ന് കഴിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് കൂടുതലും മരിച്ചത്. കഫ് സിറപ്പ് കഴിച്ചുള്ള മരണത്തില്‍ രാജ്യവ്യാപകമായി അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന പുരോഗമിക്കുകയാണ്. തുടക്കത്തില്‍തന്നെ വേണ്ട നടപടികളോ പരിശോധനയോ ഉണ്ടാവാത്തതാണ് മരണസംഖ്യ കൂടാന്‍ കാരണമെന്ന ആരോപണം ശക്തമാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

india

ഓണ്‍ലൈന്‍ ഗെയിം ‘ റെഡി അണ്ണ’ വഴി 84 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് ; 12 പേര്‍ പിടിയില്‍

സാക്കിനാക്കയിലെ ഒരു ഹോട്ടലില്‍ സബ് ഇന്‍സ്‌പെക്ടര്‍ സാഗര്‍ ജാദവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

Published

on

നവിമുംബൈ: നിരോധിത ഓണ്‍ലൈന്‍ ഗെയിം ആപ്പ് ‘റെഡി അണ്ണ’ ഉപയോഗിച്ച് രാജ്യത്താകെ 84 കോടി രൂപയുടെ വന്‍സൈബര്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ 12പേരെ നവിമുംബൈ പോലീസ് സൈബര്‍ വിഭാഗം അറസ്റ്റ് ചെയ്തു. രാജ്യത്ത് മൊത്തം 393 കേസുകളിലാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുംബൈയില്‍ നടന്ന പ്രത്യേക ഓപ്പറേഷനില്‍ മുഹമ്മദ് മസൂദ് അബ്ദുള്‍ വസീം (28), അബ്ദുള്ള ലാരെ അഹമ്മദ് ഷെയ്ഖ് (24), നൂര്‍ ആലം ആഷിഖ് അലി ഖാന്‍ (42), മനീഷ് കോട്ടേഷ് നന്ദല (30) എന്നിവരെ പൊലീസ് പിടികൂടി. ഇവരില്‍ രണ്ടുപേര്‍ ദുബായില്‍ താമസിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമക്കി. സാക്കിനാക്കയിലെ ഒരു ഹോട്ടലില്‍ സബ് ഇന്‍സ്‌പെക്ടര്‍ സാഗര്‍ ജാദവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രധാന പ്രതികളായി ബെംഗളൂരു സ്വദേശി വസീമിനെയും ദുബായില്‍ താമസിക്കുന്ന മൊഹ്‌സിനിനെയും സഫറിനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വസീമില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, പാസ്‌പോര്‍ട്ട്, യുഎഇ ഐഡി കാര്‍ഡ്, ഏഴ് സിം കാര്‍ഡുകള്‍ തുടങ്ങിയ രേഖകളും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ പേരില്‍ വന്‍ തുക വാഗ്ദാനം ചെയ്ത് ആളുകളെ വലയിലാക്കുകയായിരുന്നു സംഘത്തിന്റെ രീതി. കേസില്‍ മറ്റ് നാല് പ്രതികളെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

Continue Reading

india

വ്യാജ ആരോപണമാണിത്, ഒരു വ്യക്തിയെ പോലും താന്‍ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല; മധ്യപ്രദേശില്‍ അറസ്റ്റിലായ മലയാളി വൈദികന്‍

ക്രിസ്ത്യാനികള്‍ക്ക് ഒപ്പമെന്ന് പറയുന്ന ബിജെപി നേതാക്കള്‍ രഹസ്യമായി ആക്രമണം നടത്തുന്നു എന്നും ഫാദര്‍ പറഞ്ഞു.

Published

on

ഒരു വ്യക്തിയെ പോലും താന്‍ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും വ്യാജ ആരോപണത്തിലാണ് തന്നെ ജയിലില്‍ അടച്ചതെന്നും മധ്യപ്രദേശില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഫാദര്‍ ഗോഡ്‌വിന്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ വിശ്വഹിന്ദു പരിഷത്തും ബജരംഗ്ദളുമാണ്. ക്രിസ്ത്യാനികള്‍ക്ക് ഒപ്പമെന്ന് പറയുന്ന ബിജെപി നേതാക്കള്‍ രഹസ്യമായി ആക്രമണം നടത്തുന്നു എന്നും ഫാദര്‍ പറഞ്ഞു.

വൈദികനെതിരെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പോലീസ് വ്യക്തത വരുത്തുന്നില്ല. പല സംഘടനകളുമായി ചേര്‍ന്ന് നിന്ന് മതപരിവര്‍ത്തനം നടത്തി എന്ന ആരോപണം മാത്രമാണ് നിലവിലുള്ളത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

25 വര്‍ഷമായി മധ്യപ്രദേശിലും മറ്റു വടക്കേ ഇന്ത്യന്‍ സംസ്ഥാങ്ങളിലും പ്രവര്‍ത്തിച്ചു വരുകയായിയരുന്നു. ഗോഡ്വിന്‍ കഴിഞ്ഞ മാസം 25നാണ് അറസ്റ്റിലാവുന്നത്. മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൈദികനെ ഇത്തരത്തില്‍ കേസില്‍ പെടുത്തുന്നതിന് പിന്നില്‍ മറ്റ് ചില സംഘടനകളുടെ താല്പര്യമുണ്ടെന്ന് സിഎസ്‌ഐ ആരോപിച്ചു. സഭയുടെ അധികാരികള്‍ മധ്യപ്രദേശില്‍ എത്തിയിരുന്നു.

 

Continue Reading

india

റോഡുകളില്‍ നിന്ന് തെരുവുനായകളെ മാറ്റണം; സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി

ഹൈവേകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നീ പരിസരങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ ഉടന്‍ നീക്കണം.

Published

on

തെരുവുനായ വിഷയത്തില്‍ റോഡുകളില്‍ നിന്ന് തെരുവുനായകളെ നീക്കം ചെയ്യാന്‍ സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി. സുപ്രിം കോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് ഇടക്കാല ഉത്തരവ്. ഹൈവേകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നീ പരിസരങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ ഉടന്‍ നീക്കണം.

ദേശീയ പാതകളില്‍നിന്ന് കന്നുകാലികളെയും നായകളെയും മാറ്റണം. ഇതിന് സര്‍ക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം നായകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍ ആയിരിക്കും. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായുള്ള പദ്ധതികള്‍ വിശദീകരിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് 8 ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം. നായകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയുള്ള ഫെന്‍സിങ് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

Continue Reading

Trending