രാഹുല്‍ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ ലീഗിന്റെ പതാകക്ക് വിലക്കെന്നും അത് ഉയര്‍ത്താന്‍ നേതൃത്വം അനുവദിച്ചില്ലെന്നുമുള്ള വ്യാജ വാര്‍ത്ത നല്‍കി ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അറിയിച്ചു.

വ്യാജ വാര്‍ത്തക്ക് ശക്തിപകരാന്‍ താന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ഹരിത പതാക അഴിച്ചുമാറ്റിയതെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അസംബന്ധമാണെന്നും ഇതിനെതിരേ എറണാകുളം സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായും വേണുഗോപാല്‍ അറിയിച്ചു. തനിക്ക് അപകീര്‍ത്തികരമായ തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മീഡിയ വണ്‍ ചാനലിന് എതിരേയും നിയമ നടപടി സ്വീകരിക്കും.

പരാജയ ഭീതിപൂണ്ട എതിര്‍പക്ഷം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ അതേപടി ഏറ്റുപിടിക്കുന്നത് മാധ്യമ ധാര്‍മ്മികതക്ക് ചേര്‍ന്നതല്ലെന്നും സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.