ടെക്‌സസ്: ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ഇ.സി.ജി.സുദര്‍ശന്‍ അന്തരിച്ചു. എണ്‍പത്താറു വയസായിരുന്നു. അമേരിക്കയിലെ ടെക്‌സസില്‍ വച്ചായിരുന്നു അന്ത്യം.

ഒന്‍പത് തവണ നൊബേല്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തിയാണ് ഡോ.ജോര്‍ജ് സുദര്‍ശനനന്‍ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചത്.

1931 ല്‍ കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കല്‍ ഐപ്പ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മ വര്‍ഗീസിന്റെയും മകനായാണ് അദ്ദേഹം ജനിച്ചത്. കോട്ടയം സി.എം.എസ് കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ്, മദ്രാസ് സര്‍വകലാശാലയിലുമായിരുന്നു ഉന്നതപഠനം. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ 1952 മുതല്‍ ’55 വരെ റിസര്‍ച്ച് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. 1957 ല്‍ ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റായ അദ്ദേഹം 1958 ല്‍ അവിടെനിന്നു തന്നെ പി.എച്ച്.ഡി നേടി. 59 ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനായി.

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലും ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് മാത്തമാറ്റിക്‌സ് സയന്‍സിലും പ്രവര്‍ത്തിച്ചിരുന്നു. ഭൗതികശാസ്ത്ര സമസ്യകളും ഇന്ത്യന്‍ വേദാന്തവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങള്‍ ആയിരുന്നു. ഈ കാലഘട്ടത്തിന് രാജ്യം നല്‍കിയ ഏറ്റവും വലിയ ഭൗതികശാസ്ത്ര പ്രതിഭയാണ് ഓര്‍മ്മയായയത്.