ഡല്‍ഹി: വിവാദ കര്‍ഷക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലിനെതിരെ രാജ്യത്താകമാനം കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലില്‍ പാസാക്കാനൊരുങ്ങുന്നത്.

ബില്ല് എത്തുന്നതോടെ രാജ്യസഭയില്‍ ഇന്ന് കനത്ത പ്രതിഷേധം ഉയരുമെന്ന് ഉറപ്പാണ്. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. 243 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 122 വോട്ടുകള്‍ ആവശ്യമാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് 105 വോട്ടുകളുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 100 വോട്ടുകളും. 10 എംപിമാര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

ബിജെപിയുടെ ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയായ അകാലിദള്‍, കര്‍ഷക ബില്ലുകളോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചാബില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നു പിന്‍വലിച്ചിരുന്നു. ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ അകാലിദള്‍ അവരുടെ മൂന്ന് അംഗങ്ങള്‍ക്കും വിപ് നല്‍കിയിട്ടുണ്ട്. ബില്ലിനെതിരെ ആര്‍എസ്എസിന്റെ കര്‍ഷക സംഘടന പോലും രംഗത്തെത്തിയിരുന്നു.

കര്‍ഷക എതിര്‍പ്പ് അവഗണിച്ച് ബില്ല് സഭ പാസാക്കുകയാണെങ്കില്‍ ഭാവിയില്‍ ബിജെപിക്ക് ഇത് വലിയ തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തല്‍.