ഗുരുഗ്രാമം: ഭാര്യ വീട്ടില്‍ നിന്ന് വഴക്കിട്ടുപോയതിന്റെ പേരില്‍ യുവാവ് മകളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. ന്യൂഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാമിലാണു സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത്. അതീവ ഗുരുതരാവസ്ഥയില്‍ കുട്ടി ചികിത്സയിലാണ്.

ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു യുവാവ്. യുവാവുമായി വഴക്കിട്ട ഭാര്യ ഒരു വയസ്സുള്ള മകള്‍ക്കൊപ്പം ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടക്ക് പുറത്തുപോയി മദ്യപിച്ച് തിരിച്ചുവന്ന യുവാവ് തുടര്‍ന്ന് മൂന്നു വയസ്സുകാരിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ വീടുവിട്ടു പോയി. പിറ്റേന്ന് രാവിലെ പത്തോടെ തിരികെയെത്തിയ ഭാര്യയാണ് മകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒളിവിലായ പിതാവിനെ പിന്നീട് പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ പോക്‌സോ ആക്ട് ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ജ് സ്വദേശിയാണ് യുവാവ്.