ചെന്നൈ: സേലം ജില്ലയില്‍ നവജാത ശിശുവിനെ വിറ്റ് പിതാവ് ഓട്ടോ വാങ്ങിയതായി പരാതി. 1.20 ലക്ഷം രൂപക്കാണ് കുട്ടിയെ വിറ്റത്. സേലം നെത്തിമേട് ഗ്രാമത്തിലാണു സംഭവം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിജയ്-സത്യ ദമ്പതികള്‍ക്കു രണ്ട് പെണ്‍ മക്കളുണ്ട്. സത്യ കഴിഞ്ഞ മാസം മൂന്നാമതൊരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കി. നവംബര്‍ 15 മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു പിതാവ് വിജയ് കുട്ടിയെ ഈറോഡ് സ്വദേശി നിഷയ്ക്കു വിറ്റതായി കണ്ടെത്തി. പല കൈകള്‍ കൈമാറി കുട്ടി ഇപ്പോള്‍ ആന്ധ്രപ്രദേശിലെ ദമ്പതികളുടെ കൈവശമാണെന്നു പൊലീസിനു വിവരം ലഭിച്ചു.

നിഷയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിക്കടത്ത് ഇടനിലക്കാരിയായ ഗോമതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇടനിലക്കാരെ റിമാന്‍ഡ് ചെയ്തു. കുട്ടിയെ വിറ്റ പണം കൊണ്ട് വിജയ് ഓട്ടോ വാങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ വിജയ് മുങ്ങി.

സമീപ ജില്ലയായ നാമക്കലില്‍ ഒരു വര്‍ഷം മുമ്പ് കുട്ടിക്കടത്ത് റാക്കറ്റിനെ പൊലീസ് പിടികൂടിയിരുന്നു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.