Connect with us

gulf

ഫിഫ ലോകകപ്പ്: നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല

ഫിഫ ലോകകപ്പ് സുരക്ഷയുടെ ഭാഗമായി സന്ദര്‍ശകരെ നിയന്ത്രിച്ച് ഖത്തര്‍.

Published

on

അശ്റഫ് തൂണേരി

ദോഹ: ഫിഫ ലോകകപ്പ് സുരക്ഷയുടെ ഭാഗമായി സന്ദര്‍ശകരെ നിയന്ത്രിച്ച് ഖത്തര്‍. ഇതുപ്രകാരം നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ വിവിധ സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെക്കും. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വാദിസെയില്‍ ഏരിയയിലെ സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താസമ്മേനത്തില്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം മാധ്യമവിഭാഗം മേധാവിയും പബ്ലിക് റിലേഷന്‍സ് ഡയരക്ടറുമായ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍മുഫ്ത, ചാമ്പ്യന്‍ഷിപ്പുകളുടെ സുരക്ഷാനിയന്ത്രണ കമാന്‍ഡറുടെ ഓഫീസ് ഡയരക്ടര്‍ കേണല്‍ ജാസിം അല്‍സഈദ് എന്നിവരാണ് ഇക്കാര്യം വിശദീകരിച്ചത്. ഫിഫ ലോക കപ്പ് വിജയകരമായി നടത്താന്‍ സന്ദര്‍ശകരെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. ഖത്തറിലെ പൗരന്മാര്‍ക്കും താമസവിസയുള്ളവര്‍ക്കും ഖത്തര്‍ വിസയുള്ള ജിസിസി പൗരന്‍മാര്‍ക്കും നിയന്ത്രണം ബാധകമാവില്ല. 2022 ഡിസംബര്‍ 23 മുതല്‍ സന്ദര്‍ശന വിസകള്‍ വീണ്ടും അനുവദിക്കും.

അതേസമയം, വീടുകളിലെ ആയമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള വ്യക്തിഗത റിക്രൂട്ട്മെന്റ് വിസക്കാര്‍ക്കും മറ്റു പ്രത്യേക പ്രവേശന അനുമതിയുള്ളവര്‍ക്കും ഇളവുകളുണ്ടാവും. ഔദ്യോഗിക ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള അംഗീകാരത്തെ അടിസ്ഥാനമാക്കി പ്രത്യേക മാനുഷിക പരിഗണന ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്കും ഇളവുണ്ട്. ഇവര്‍ക്ക് വിമാനത്താവളം വഴിയുള്ള പ്രവേശനം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ രാജ്യത്ത് പ്രവേശിക്കാനാവും. കൂടാതെ ജനുവരി 23 വരെ രാജ്യത്ത് താമസിക്കാനും ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് കഴിയുമെന്നും മന്ത്രാലയം വിശദീകരിച്ചു. ആഭ്യന്ത്രമന്ത്രാലയം പബ്ലിക് റിലേഷന്‍സ് റീച്ച്ഔട്ട് ഓഫീസ് കോഡിനേറ്റര്‍ ഫൈസല്‍ഹുദവി പരിഭാഷ നിര്‍വ്വഹിച്ചു.

gulf

സൗഹൃദത്തിന്റെ അപൂര്‍വ്വ വേദിയൊരുക്കി അബുദാബി കെഎംസിസി; സമാധാന സംരക്ഷണമാണ് പ്രധാന ദൗത്യം: സാദിഖലി ശിഹാബ്

അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: സമാധാന സംരംക്ഷണവും സൗഹൃദവുമാണ് പ്രവര്‍ത്തന വീഥിയിലെ പ്രധാന അജണ്ടയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷവും പരത്തുന്ന വിഷവാക്കുകളല്ല, മറിച്ചു സ്‌നേഹവും സാഹോദര്യവും പരസ്പര വിശ്വാസവുമുള്ള പ്രവര്‍ത്തനരീതിയാണ് സമൂഹത്തിന് ആവശ്യം.കേരളത്തിലെ വിവിധ ജില്ലകളില്‍നടത്തിയ സൗഹൃദയാത്രയില്‍നിന്നും ലഭിച്ച ആത്മവിശ്വാസം വളരെ വലുതാണ്. വിവിധ മതവിഭാഗങ്ങളിലുള്ളവരും വ്യത്യസ്ഥ മേഖലകളിലുള്ളവരും അന്ന് നല്‍കിയ പിന്തുണ കേരളം സമാധാന കാംക്ഷികളുടെ നാടാണെന്ന യാഥാര്‍ത്ഥ്യമാണ് വ്യക്തമാക്കുന്നത്.

എന്നാല്‍ ഇതിനം ഭംഗം വരുത്തുന്നവരെ ഒറ്റപ്പെടുത്തുകയും മതവിഭാഗങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുകയും വേണം. മനുഷ്യത്വവും സ്‌നേഹ സമ്പന്നതയും ചിലര്‍ക്കങ്കിലും കൈമോശം വന്നതാണ് ഇന്നിന്റെ ദൗര്‍ഭാഗ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെവി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.

ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും സമാധാനത്തിന്റെയും ശാന്തിയുടെയും പാതയില്‍നിന്നും പിറകോട്ട് സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നും സമാധാനത്തിന്റെ ഉറക്ക്പാട്ട് തന്നെയാണ് മുസ്ലിംലീഗ് പ്രസ്ഥാനം എന്നും ആലപിക്കുകയെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുസ്ലിംസമൂഹം എക്കാലവും തീവ്രവാദത്തിന് എതിരാണ്. അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ സര്‍വ്വരംഗങ്ങളിലും ഒളിച്ചോടേണ്ടിവരുമെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ഥ വിഷയങ്ങളുമായി സമൂഹത്തില്‍ തീവ്രത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സമാധാന ജീവിതത്തിന് എതിര്‍പ്രവര്‍ത്തിക്കുന്നവരാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എത്രതവണ പരാചയപ്പെട്ടാലും സമാധാനത്തിന്റെ പാതയില്‍നിന്ന് വ്യതിചലിക്കുകയോ താല്‍ക്കാലിക നേട്ടത്തിനുവേണ്ടി മുസ്ലിംലീഗ് തീവ്രചിന്താഗതിക്കാരുമായി സമരസപ്പെടുകയോ ചെയ്യുകയില്ലെന്ന് കഴിഞ്ഞകാലങ്ങളിലൂടെ ഏവര്‍ക്കും ബോധ്യപ്പെട്ടതാണ്. ആ നിലപാട് തന്നെയായിരിക്കും മുസ്ലിംലീഗ് സ്വീകരിക്കുക.

എല്ലാവിഭാഗം മതസ്ഥരെയും മതങ്ങള്‍ക്കുള്ളിലെ വ്യത്യസ്ഥ വീക്ഷണമുള്ളവരെയും ഒന്നിച്ചിരുത്താന്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന് മാത്രമാണ് കഴിയുകയുള്ളുവെന്ന് ഡോ.എംകെ മുനീര്‍ എംഎല്‍എ പറഞ്ഞു.

പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുമെന്ന് പരിപാടിയില്‍ പങ്കെടുത്തുസംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, വര്‍ക്കിംഗ പ്രസിഡണ്ട് യു അബ്ദുല്ല ഫാറൂഖി, സ്വാമി ആത്മദാസ് യമി, ഫാദര്‍ എല്‍ദോ എം പോള്‍, ഫാദര്‍ ജിജോ ജോസഫ്, പ്രൊഫ. ഗോപിനാഥ് മുതുകാട്, ഷാജഹാന്‍ മാടമ്പാട്ട്, അബ്ദുല്‍ഹക്കീം ഫൈസി, ഹുസൈന്‍ സലഫി, സേവനം പ്രതിനിധി രാജന്‍ അമ്പലത്തറ,എംപിഎം റഷീദ്, ടികെ അബ്ദുല്‍സലാം, സിംസാറുല്‍ ഹഖ് ഹുദവി, വിഗ്‌നേഷ് അങ്ങാടിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ പികെ അഹമ്മദ് ബല്ലാകടപ്പുറം നന്ദി രേഖപ്പെടുത്തി.

Continue Reading

gulf

ആഗോള ഇസ്ലാമിക ചിന്തകന്‍ യൂസുഫുല്‍ ഖര്‍ദാവി വിടവാങ്ങി

അസുഖബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്.

Published

on

അശ്‌റഫ് തൂണേരി

ദോഹ: ആഗോള മുസ്ലിം പണ്ഢിത സഭാ സ്ഥാപക അധ്യക്ഷനും ലോക പ്രശസ്ത ഇസ്ലാമിക ചിന്തകനും എഴുത്തുകാരനുമായ യൂസുഫുല്‍ ഖര്‍ദാവി (96) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്. ഈജിപ്ഷ്യന്‍ ഖത്തരി കവിയായ അബ്ദുര്‍റഹിമാന്‍ യൂസുഫ് ഇഹാം അല്‍ഖര്‍ദാവി മകനാണ്. ഈജിപ്ത് സ്വദേശിയാണെങ്കിലും ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ സ്ഥിരതാമസക്കാരനാണ്. 120ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2004ല്‍ കിംഗ് ഫൈസല്‍ അന്തര്‍ദേശീയ പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടി.

ലോകരാജ്യങ്ങളിലെ ലക്ഷക്കണക്കിന് പ്രേക്ഷരുടെ ശ്രദ്ധേനേടിയ അല്‍ജസീറ അറബിക് ചാനല്‍ സംപ്രേഷണം ചെയ്ത ഖര്‍ദാവിയുടെ ‘അശ്ശരീഅ വല്‍ഹയാത്ത്’ (മതനിയമങ്ങളും ജീവിതവും) എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ഓണ്‍ലൈന്‍ മേഖലയില്‍ ഇസ്ലാമിക വിഷയങ്ങള്‍ ഗഹനമായി അവതരിപ്പിച്ച ഇസ്ലാം ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഈജിപ്തിലെ ഗരീബിയ ഗവര്‍ണ്ണറേറ്റിലെ സാഫ്ത് തുറാബില്‍ ജനിച്ച അദ്ദേഹം രണ്ടാം വയസ്സില്‍ അനാഥനായി. താന്‍തയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇസ്ലാമിക ദൈവശാസ്ത്രത്തില്‍ കൈറോ അല്‍അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നും മറ്റൊരു ബിരുദവും കരസ്ഥമാക്കി. ഖുര്‍ആന്‍ ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും അറബ് ഭാഷയില്‍ പ്രാവീണ്യവും സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിനുള്ള പങ്ക് എന്ന വിഷയത്തില്‍ അല്‍അസ്ഹറില്‍ നിന്ന് തന്നെ പി.എച്ഛ്.ഡിയും നേടി.

1961ല്‍ ഖത്തറിലെത്തിയ അദ്ദേഹമാണ് ഖത്തര്‍ സര്‍വ്വകലാശാലയില്‍ ഇസ്ലാമിക പഠനവിഭാഗത്തിന് കീഴില്‍ ശരീഅ വിഭാഗത്തിന് തുടക്കമിട്ടത്. അതേവര്‍ഷം തന്നെ ഖത്തര്‍ സര്‍വ്വകലാശാലയില്‍ ശരീഅ, സുന്ന ഇസ്ലാമിക പഠന ഗവേഷണ കേന്ദ്രവും കോളെജും ആരംഭിച്ചു. അള്‍ജീരിയയിലെ ഇസ്ലാമിക സര്‍വ്വകലാശാലയില്‍ ശാസ്ത്രീയ സമിതി ചെയര്‍മാനായിരുന്നു. ഐയര്‍ലണ്ട് കേന്ദ്രമായി പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലെ മുസ്ലിം ന്യൂനപക്ഷത്തിന് പിന്തുണയേകുന്ന യൂറോപ്യന്‍ ഫത്വ കൗണ്‍സില്‍ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹം യു.കെയിലെ പ്രോസ്പകടസ് മാഗസിനും അമേരിക്കയിലെ ഫോറിന്‍പോളിസി മാഗസിനും വായനക്കാരില്‍ നടത്തിയ സര്‍വ്വേയില്‍ ലോകത്തെ 100 പൊതുബുദ്ധിജീവികളില്‍ ഒരാളായും ഇടം നേടി.

Continue Reading

gulf

സൗഹൃദത്തിന്റെ ഒത്തുകൂടല്‍; സാദിഖലി തങ്ങള്‍ 25ന് അബുദാബിയില്‍

സെപ്റ്റംബര്‍ 25ന് രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും എത്തുന്നുണ്ട്.

Published

on

അബുദാബി: സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി ഒരുക്കുന്ന പരിപാടി 25ന് ഞായറാഴ്ച അബുദാബിയില്‍ നടക്കും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാഥിതിയായി സംബന്ധിക്കുന്ന പരിപാടിയില്‍ വിവിധ മത നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.

സെപ്റ്റംബര്‍ 25ന് രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും എത്തുന്നുണ്ട്.മുസ്ലിംലീഗ് പ്രസിഡണ്ട് പദവി ഏറ്റെടുത്തശേഷം ആദ്യമായി അബുദാബിയിലെത്തുന്ന തങ്ങളുടെ പരിപാടി തികച്ചും വ്യത്യസ്ഥവും മാതൃകാപരവുമായിരിക്കുമെന്ന് സംസ്ഥാന കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍,നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് യു.അബൂദുല്ല ഫാറൂഖി ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ പികെ അഹമ്മദ്,എന്നിവര്‍ വ്യക്തമാക്കി.

കേരളത്തിന്റെ മതസാഹോദര്യം ഊട്ടിയുറപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പാണക്കാട് കുടുംബവും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മതേതര സമൂഹത്തിന്റെ പ്രതീക്ഷയാണ്.ഓരോകാലഘട്ടങ്ങളിലും വിശിഷ്യാ കലുഷിതമായ സാഹചര്യങ്ങളില്‍പോലും സമാധാനത്തിന്റെ സന്ദേശവുമായി സയ്യിദ് കുടുംബം നടത്തിയ സേവനങ്ങള്‍ പാണക്കാട് സയ്യിദ് കുടുംബം മേതേതര കേരളത്തിന് സമര്‍പ്പിച്ച സംഭാവന ചരിത്രത്തില്‍ ഇടംനേടിയതാണ്.

അബുദാബിയിലെത്തുന്ന തങ്ങളെ സ്വീകരിക്കുന്നതിനും പരിപാടിയുടെ വിജയത്തിനുമായി 101 അംഗ സ്വാഗതം സംഘമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ജില്ലാമണ്ഡലംപഞ്ചായത്ത് കമ്മിറ്റികള്‍ കണ്‍വെന്‍ഷനുകളും പ്രചാരണ പരിപാടികളും നടന്നുവരുന്നു.ഭാരവാഹികളായ മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Continue Reading

Trending