കോഴിക്കോട്: കരള്‍മാറ്റ ശസ്ത്രക്രിയക്ക് പണമില്ലാതെ പ്രയാസമനുഭവിച്ച രോഗിക്ക് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ ഇടപെടലില്‍ ലഭിച്ചത് 40 ലക്ഷം രൂപ. കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന തലശ്ശേരി സ്വദേശി നൗഷാദിനാണ് രണ്ടരമണിക്കൂര്‍ കൊണ്ട് 40 ലക്ഷം രൂപ അക്കൗണ്ടില്‍ ലഭിച്ചത്്.

20 ലക്ഷത്തോളം രൂപ ആവശ്യമുണ്ട് എന്നാണ് ഫിറോസ് അറിയിച്ചിരുന്നത്. ഓട്ടോ ഡ്രൈവറാണ് നൗഷാദ്. മൂന്ന് മക്കളാണ്. ഇളയമകള്‍ കരഞ്ഞുകണ്ട് പിതാവിനെ സഹായിക്കണമെന്ന് പറയുന്ന വീഡിയോയില്‍ തന്നെയാണ് ഫിറോസും സഹായാഭ്യര്‍ത്ഥന നടത്തിയത്. നൗഷാദിന്റെ മകനാണ് കരള്‍ നല്‍കുന്നത്. രോഗിയുടെ വിവരം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ച് ഫിറോസ് വീട്ടിലെത്തുമ്പോഴേക്കും 40 ലക്ഷം രൂപ അക്കൗണ്ടിലെത്തിയതിനാല്‍ ഇനി പണം അയക്കേണ്ടതില്ലെന്ന് ഫിറോസ് അറിയിക്കുകയായിരുന്നു.

തനിക്കെതിരെ എന്തെല്ലാം വിവാദങ്ങള്‍ ഉണ്ടായാലും ജനങ്ങള്‍ക്ക് താന്‍ പറയുന്നതിലുള്ള വിശ്വാസമാണിത് സൂചിപ്പിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. തന്റെ വാക്കുകളില്‍ ചിലപ്പോള്‍ വീഴ്ച്ചകള്‍ വന്നിട്ടുണ്ടാവാം. എന്നാല്‍ പ്രവര്‍ത്തികളില്‍ വീഴ്ച്ച വരാതെ നോക്കാറുണ്ടെന്നും ഫിറോസ് പറഞ്ഞു. സഹായം ആവശ്യപ്പെട്ടുകൊണ്ട് ബുധനാഴ്ച്ചയാണ് ഫിറോസ് വീഡിയോ പോസ്റ്റ് ചെയ്തത്.