ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം രാജ്യത്തിന് ആപത് സൂചന നല്‍കുന്നതാണെന്ന് ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.
ബി.ജെ.പി സൃഷ്ടിക്കുന്ന ഭീഷണി നേരിടാന്‍ രാജ്യത്തെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി മാത്രം വര്‍ഗീയത ഇളക്കിവിടുന്നവര്‍, വര്‍ഗീയ പ്രചാരണത്തിന്റെ അനന്തര ഫലം നോക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. രാഷ്ട്രീയകാര്യസമിതി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങിയ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷതവഹിച്ചു. പാര്‍ട്ടിയെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഗോവയില്‍ റമസാനു ശേഷം ചിന്തന്‍ ശിബിരം സംഘടിപ്പിക്കാനും തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക നേതാക്കള്‍ , അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കും. ന്യൂനപക്ഷങ്ങളുടെ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാറിനു മുമ്പാകെ വയ്ക്കേണ്ട അവകാശപത്രികയും ചിന്തന്‍ ശിബിരത്തില്‍ തയ്യാറാക്കും.
പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. മുസഫര്‍ നഗര്‍ കലാപ ഇരകള്‍ക്ക് ബൈത്തുറഹ്മ പദ്ധതി പ്രകാരം കൂടുതല്‍ ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കുമെന്നും, ഡല്‍ഹിയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനത്തിന് യോജിച്ച സ്ഥലം അന്വേഷിച്ചുവരികയാണെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ. ഇഖ്ബാല്‍ അഹമ്മദ്, ദസ്തകീര്‍ ഇബ്രാഹിം ആഗ, ദേശീയ സെക്രട്ടറിമാരായ ഖുര്‍റം അനീസ് ഉമര്‍, നയീം അക്തര്‍, സിറാജ് ഇബ്രാഹിം സേട്ട്, അസി. സെക്രട്ടറിമാരായ കൗസര്‍ ഹയാത്ത് ഖാന്‍, അബ്ദുല്‍ ബാസിത്, ഷമീം സാദിഖ്, ഡോ. മതീന്‍ ഖാന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു.