യുണൈറ്റഡ് നേഷന്‍സ്: 2019ല്‍ ലോകത്ത് 93.1 കോടി ടണ്‍ ഭക്ഷണം പാഴായെന്ന് യു.എന്നിന്റെ റിപ്പോര്‍ട്ട്. ഭൂമിയിലുള്ളവരെ മുഴുവന്‍ ഏഴുതവണ ഊട്ടാനുള്ള ഭക്ഷണം വരുമിത്. ഇതില്‍ 61 ശതമാനം വീടുകളില്‍നിന്നാണ് പാഴായത്. ആഗോള ഭക്ഷ്യ ഉത്പാദനത്തിന്റെ 17 ശതമാനവും ഇക്കാലയളവില്‍ പാഴായി. അതേസമയം, 2019ല്‍ ഇന്ത്യയില്‍ പാഴായത് 6.8 ടണ്‍ കോടി ഭക്ഷ്യവസ്തുക്കളാണ്.

ഇന്ത്യയില്‍, ആളൊന്നിന് 50 കിലോഗ്രാം എന്ന തോതില്‍ ഒരുവര്‍ഷം ഗാര്‍ഹിക ഭക്ഷ്യമാലിന്യമുണ്ടാകുന്നു. യു.എസിലിത് 59ഉം ചൈനയില്‍ 64ഉം കിലോഗ്രാമാണ്.

2019ല്‍ 69 കോടി ആളുകള്‍ പട്ടിണിയിലായെന്നിരിക്കെയാണ് ഇത്രയും ഭക്ഷണം പാഴായിരിക്കുന്നത്. കോവിഡ് വ്യാപനംമൂലം ആഗോളതലത്തില്‍ പട്ടിണിനിരക്ക് ഇനിയും കുത്തനെ ഉയരുമെന്നാണ് മുന്നറിയിപ്പ്.