ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ബ്രോങ്ക്‌സിലെ അപ്പാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അഗ്നിബാധയില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഒരു നവജാത ശിശുവും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നാലു പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ഒരു വയസ്സുമുതല്‍ 50 വയസ് വരെ പ്രായമുള്ളവരാണ് മരിച്ചവരും പരുക്കേറ്റവരുമെന്ന് ന്യൂയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മീഷണര്‍ ഡാനിയല്‍ നൈജര്‍ പറഞ്ഞു.

160-ഓളം അഗ്‌നിശമന സേനാംഗങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സ്ഥലത്തുണ്ടായിരുന്നത്. ബ്രോങ്ക്‌സിലെ ഒരു അഞ്ചുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. ‘ഇന്ന് നിരവധി കുടുംബങ്ങള്‍ തകര്‍ന്നുപോയിരിക്കുന്നു,’ മേയര്‍ ഡി ബ്ലാസിയോ പറഞ്ഞു. ഈ സംഭവത്തെ ‘നഗരം കണ്ടതില്‍ ഏറ്റവും ഭയങ്കരമായ അഗ്‌നിബാധ’ യാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ബ്രോങ്ക്‌സിലെ ഈ വിനാശകരമായ തീപിടുത്തം ഞങ്ങള്‍ വളരെ അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, തീയണയ്ക്കാന്‍ ആദ്യമെത്തിയ എല്ലാവര്‍ക്കും നന്ദി. അതോടൊപ്പം ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ദുഃഖമറിയിക്കുന്നു’ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോ ട്വീറ്റ് ചെയ്തു.

നിയന്ത്രണവിധേയമായ തീ പടര്‍ന്നത് രാത്രി ഏഴു മണിക്ക് മുന്‍പായിരുന്നുവെന്ന് അഗ്‌നിശമന സേനാ വിഭാഗം പറഞ്ഞു. വ്യാഴാഴ്ച രാത്രി അതിശൈത്യവും കാറ്റും മൂലം താഴ്ന്ന താപനിലയാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കെട്ടിടത്തിന് ലിഫ്റ്റ് ഉണ്ടായിരുന്നില്ല. എന്നാല്‍, അരികില്‍ ഫയര്‍ എക്‌സിറ്റുകള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പലരും ഈ വഴിയാണ് രക്ഷപ്പെട്ടതും. കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നുതുടങ്ങിയതെന്ന് അഗ്‌നിശമന സേന അറിയിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ അവര്‍ സ്ഥലത്തെത്തിയെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും പറഞ്ഞു. എങ്ങനെയാണ് തീ പിടിച്ചതെന്ന് ഇതുവരെ നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മീഷണര്‍ പറഞ്ഞു. 2007 ലാണ് ഏറ്റവും അവസാനമായി ബ്രോങ്ക്‌സില്‍ വന്‍ തീപിടിത്തമുണ്ടായതെന്ന് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. അന്ന് ഒന്‍പത് കുട്ടികളടക്കം പത്തു പേരാണ് മരിച്ചത്. റൂം ഹീറ്ററില്‍ നിന്നാണ് തീ പടര്‍ന്നത്.