ജന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ വിശദീകരണവുമായി കാതോലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. കെസിബിസിക്ക് കന്യാസ്ത്രീയില്‍ നിന്ന് പരാതി ലഭിച്ചിരുന്നില്ലെന്ന് സൂസെപാക്യം പറഞ്ഞു. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ സമാന്തരമായ അന്വേഷണം സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണം നടക്കുമ്പോള്‍ ചിലരെ വേട്ടക്കാരനായും ചിലരെ ഇരയായും ചിത്രീകരിക്കുന്നത് ശരിയല്ല. രണ്ട് വശത്ത് ഉള്ളവര്‍ സഭയുടെ ഭാഗമായതിനാല്‍ ആര് തോറ്റാലും അതിന്റെ അപമാനവും വേദനയും സഭ ഏറ്റെടുക്കണം. സഭ ആരോടും പക്ഷപാതം കാണിച്ചിട്ടില്ല. ന്യൂണ്‍ഷോക്ക് അടക്കം കന്യാസ്ത്രീകള്‍ പരാതി നല്‍കിയത് വൈകിയാണെന്ന വിമര്‍ശനവും സൂസൈപാക്യം ഉന്നയിച്ചു.