തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനമോടിച്ചിരുന്നത് ശ്രീരാം വെങ്കട്ടരാമന്‍ തന്നെയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന യുവതിയുടെ മൊഴി. നേരത്തെ താനാണ് വാഹനമോടിച്ചത് എന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞിരുന്നു. ശ്രീരാം വെങ്കട്ടരാമനും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചത് വിവാദമായ സാഹചര്യത്തിലാണ് പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തത്. ഇതിനിടെയാണ് വാഹനം ഓടിച്ചത് ശ്രീരാം തന്നെയാണെന്ന യുവതിയുടെ വെളിപ്പെടുത്തല്‍.

ശ്രീരാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് തുടക്കം മുതല്‍ നടത്തുന്നത്. അപകടമുണ്ടായ ഉടന്‍ തന്നെ ശ്രീരാമിന്റെ കൂടെയുണ്ടായിരുന്ന യുവതിയെ പൊലീസ് വിട്ടയച്ചിരുന്നു. ശ്രീരാം വെങ്കട്ടരാമന്റെ രക്തപരിശോധന നടത്താന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. രക്തപരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീരാമിനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ദേഹപരിശോധന നടത്താന്‍ മാത്രമാണ് പൊലീസ് പറഞ്ഞതെന്നും ഡോക്ടര്‍ വ്യക്തമാക്കി.