കൊച്ചി: എറണാകുളത്ത് വ്യാപാരികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സി.പി.ഐ നേതാക്കള്‍ അറസ്റ്റില്‍. സിപിഐ എറണാകുളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോഷി (54), എറണാകുളം ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഹഷീര്‍ (44) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് ഇവരുടെ ഭീഷണിയും പണം തട്ടിയെടുക്കലും അരങ്ങേറിയിരുന്നത്.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ അറേബ്യന്‍ ഹോട്ടലുടമ പരീതിന്റെ പരാതിയിലാണ് ഇവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ സ്ഥിരമായി ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കുകയും പൈസ കൊടുക്കാതെ പോകുകയും ചെയ്യുമായിരുന്നു. പണം ചോദിച്ചാല്‍ ഭക്ഷണത്തിനു നിലവാരം കുറവാണെന്നും കോര്‍പ്പറേഷന് പരാതി നല്‍കി ഹോട്ടല്‍ പൂട്ടിക്കുമെന്നുമായിരുന്നു ഭീഷണി.

കഴിഞ്ഞ ഓഗസ്റ്റ് 27ന് ഇവര്‍ പണം ആവശ്യപ്പെട്ട് ഹോട്ടലിലെത്തി. പണം നല്‍കാന്‍ ഉടമ വിസമ്മതിച്ചപ്പോള്‍ ബലമായി പണം തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണു ഹോട്ടലുടമ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബഹളം ഒഴിവാക്കാന്‍ മിക്ക സ്ഥാപനങ്ങളും പണം കൊടുത്ത് ഒഴിവാക്കുകയാണ് പതിവെന്നും പരീത് പറയുന്നു.