നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: മലപ്പുറത്തിന്റെ മനസ്സ് വര്‍ഗീയമല്ലെന്നും സൗഹാര്‍ദ്ദത്തിന്റെ മനസും ഉന്നതമായ സംസ്‌ക്കാരവുമാണ് അവിടെയുള്ളതെന്നും  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍.
സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സിവില്‍ സര്‍വ്വീസ് അസ്തിത്വം അതിജീവനം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കഴിഞ്ഞ പാര്‍ലമെന്റ് ഉപ തെരഞ്ഞെടുപ്പില്‍ 45ഓളം വേദികളില്‍ താന്‍ മലപ്പുറത്ത് പ്രസംഗിച്ചിരുന്നു. ഒരു സംഘര്‍ഷവും എവിടേയും കണ്ടില്ല. ഏറ്റവും മികച്ച ആഥിത്യമര്യാദയുള്ളവരാണ് മലപ്പുറത്തുകാര്‍.
തെരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയോ കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെടുകയോ  ചെയ്തിട്ടില്ല.  കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോയത് കേരള നിയമസഭയെ സംബന്ധിച്ചടുത്തോളം വലിയ നഷ്ടമാണ്. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ മതനിരപേക്ഷ കക്ഷികള്‍ക്കൊപ്പം നിന്ന് രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഡല്‍ഹയില്‍ അദ്ദേഹത്തിന് കഴിയും.
എസ്.ഇ.യു സമ്മേളനത്തിന് താന്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില അപവാദ പ്രചരണങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായി. തനിക്ക് മുസ്‌ലിം ലീഗ് പാര്‍ട്ടിയുമായി വര്‍ഷങ്ങളായ വ്യക്തിബന്ധമാണുള്ളത്. മുസ്‌ലിം ലീഗ് എം.എല്‍.എമാരുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളത്. ഇത്തവണ നിയമസഭയിലുള്ള മുസ്‌ലിംലീഗിന്റെ എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും മികച്ച പ്രഭാഷകരാണ്. നാടിന്റെ വികസനത്തിനായി അവരുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.   മുസ്‌ലിം ലീഗ് ഒരിക്കലും ദേശീയ വിരുദ്ധ പ്രസ്ഥാനമല്ല.
ദേശീയതയെ ഉയര്‍ത്തികാട്ടുന്ന പ്രസ്ഥാനമാണ്. സി.എച്ചിനെ പോലൊരു മഹാനെ കേരളത്തിന് സംഭാവന ചെയ്ത പാര്‍ട്ടിയാണ് മുസ്‌ലിംലീഗെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് സമൂഹം അടുത്തകാലത്തൊന്നും നിലവില്‍ വരില്ല. വര്‍ഗ്ഗ സമരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഒരുപാട് കാലം ഇനിയും വേണ്ടിവരും. കമ്മ്യൂണിസം എന്നത് ഒരു ആദര്‍ശമാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിക്ക് മാറ്റംവരണം. 50 ശതമാനം വോട്ട് ലഭിക്കാത്തവര്‍ക്ക് ജനപ്രതിനിധിയാവാന്‍ അര്‍ഹതയില്ല. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് 31 ശതമാനം വോട്ട് മാത്രമാണ് ഉള്ളത്.
ഭൂരിപക്ഷത്തിന്റെ പ്രതിനിധിയല്ലാത്തവര്‍ക്ക് രാജ്യത്തെ എങ്ങനെ നയിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. യോഗത്തില്‍ എസ്.ഇ.യു സംസ്ഥാന ട്രഷറര്‍ സിബി മുഹമ്മദ് അധ്യക്ഷത വഹിച്ചു.