പഞ്ചാബ്: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ നിറുത്തിയടത്തുനിന്ന് തുടങ്ങി ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒഡീഷക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചാണ് ഒരിക്കല്‍ കൂടി രാജ്യത്തിന് വേണ്ടി കളിക്കാന്‍ താന്‍ തയ്യാറാണെന്ന് തെളിയിച്ചത്. ഉന്‍മുക്ത് ചന്ദിനൊപ്പം ഓപ്പണറായി ഇറങ്ങിയ ഗംഭീര്‍ 147 റണ്‍സാണ് നേടിയത്. 232 പന്തില്‍ നിന്ന് 18 ഫോറിന്റെ അകമ്പടിയോടെയാണ് ഗംഭീറിന്റെ ഇന്നിങ്‌സ്. ഗംഭീറിന്റെ മികവില്‍ ഡല്‍ഹി 428 റണ്‍സെടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ഗംഭീറിന്റെ ഉജ്വല സെഞ്ച്വറി.

തുടര്‍ച്ചയായി നിരവധി അര്‍ദ്ധ സെഞ്ച്വറികള്‍ക്ക് ശേഷമാണ് ഗംഭീര്‍ സെഞ്ച്വറിയിലേക്കെത്തുന്നത്. കെ.എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗംഭീര്‍ തിരിച്ചെത്തിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഗംഭീറിന്റെ മടങ്ങിവരവ്. കൊല്‍ക്കത്ത ടെസ്റ്റില്‍ കളിക്കാന്‍ ഇടം ലഭിച്ച ഗംഭീര്‍ ഒരു അതിവേഗ അര്‍ധ ശതകം നേടി തിരിച്ചുവരവ് ശ്രദ്ധേയമാക്കി. ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമില്‍ ഗംഭീര്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇനി പകരക്കാരനായല്ല, അന്തിമ ഇലവനില്‍ തന്നെ ഗംഭീര്‍ ഇടം നേടുമോ എന്നാണ് ആരാധക പക്ഷം.