വാഴക്കാട്‌: എടവണ്ണപ്പാറ വാഴക്കാടില്‍ കഞ്ചാവു വിതരണ ശൃംഖലയ്‌ക്കെതിരെ പൊലീസ് നടത്തിയ നടപടിയില്‍ പിടിലായവരുടെ എണ്ണം 41 ആയി. ഇന്നലെ രാവിലെ വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടപടി തുടങ്ങിയത്. പിടിയിലായവരില്‍ 24 പേര്‍ വിദ്യാര്‍ഥികളാണ്. വാഴക്കാട് സമീപ പ്രദേശങ്ങളിലെ വിവിധ കോളജുകളില്‍ പഠിക്കുന്നവരാണ് മിക്കവരും. ഇന്നലെ 19 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഡിവൈഎസ്പി പി.എം. പ്രദീപ്, സിഐ മുഹമ്മദ് ഹനീഫ, വാഴക്കാട് എസ്‌ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. ഇന്നലെ രാത്രി വരെ 38 പേരെയും ഇന്ന് ഉച്ചയോടെ മൂന്നുപേരെയുമാണ് പിടികൂടിയത്. കഞ്ചാവ് എത്തിച്ചു നല്‍കുന്നതിനു നേതൃത്വം നല്‍കിയ അന്യസംസ്ഥാനക്കാരനും സംഘത്തിലുണ്ട്. എടവണ്ണപ്പാറയെ കഞ്ചാവു വിതരണക്കാര്‍ ഇടത്താവളമാക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് നടപടി തുടങ്ങിയത്. എടവണ്ണപ്പാറ പെട്രോള്‍പമ്പിന് സമീപം കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാര്‍ഥിയെ സംശയകരമായ നിലയില്‍ പിടികൂടിയതാണ് കഞ്ചാവ് സംഘത്തെ പിടികൂടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.