രാമപുരം : സിലിണ്ടറില്‍നിന്ന് പാചകവാതക ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് വിറകടുപ്പില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗാന്ധിപുരം വെട്ടുവയലില്‍ സെബിന്‍ എബ്രാഹം (29) മരിച്ചു. കഴിഞ്ഞ 18-നായിരുന്നു അപകടം. വിവാഹം നടന്നിട്ട് ഒരു മാസം പൂര്‍ത്തിയാകുന്ന ദിവസത്തിലായിരുന്നു മരണം. സെബിനും അമ്മ ആനിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

പുതിയ പാചക വാതക സിലിണ്ടറിലേക്ക് സ്റ്റൗ ബന്ധിപ്പിച്ചപ്പോഴായിരുന്നു അപകടം. ചോര്‍ച്ച പരിഹരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ തൊട്ടടുത്ത വിറകടുപ്പില്‍നിന്ന് തീപടരുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അടുക്കളയിലേക്ക് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.

സെബിന് എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അമ്മ അപകടനില തരണം ചെയ്തു. സെബിന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. ഭാര്യ: ദിയ