വാഷിങ്ടണ്‍: ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി അമേരിക്കന്‍ പാര്‍ലമെന്റ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലോകത്ത് പലയിടത്തും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ് ഇന്ത്യയില്‍ ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളും ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്കു നേരെയുണ്ടായ ആക്രമണങ്ങളും ചര്‍ച്ചാവിഷയമായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ഹരോള്‍ഡ് ട്രെന്‍ഡ് ഫ്രാങ്ക്‌സ് സഭയില്‍ സംസാരിക്കുന്നതിനിടെയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയത്. അഭിപ്രായ സ്വാതന്ത്ര്യം ലോകത്താകമാനം ഹനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ സ്വന്തം അഭിപ്രായം പങ്കുവെക്കുന്നതു പോലും അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും ഇടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.