ന്യൂഡല്‍ഹി: ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പാമ്പുകടിയേറ്റ് അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെയാണ് കൊടും ക്രൂരതക്കിരയാക്കിയത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ സ്വകാര്യ ആസ്പത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പാമ്പു കടിയേറ്റതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നില ഗുരുതരമായതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെയെത്തിയ ആസ്പത്രി ജീവനക്കാരനും മറ്റു നാലു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബലം പ്രയോഗിച്ച് കുട്ടിക്ക് ഇഞ്ചക്ഷന്‍ ചെയ്ത ശേഷം വായ് പൊത്തുകയും കൈകള്‍ കെട്ടി വെക്കുകയും ചെയ്ത ശേഷമായിരുന്നു ആക്രമണം.

പെണ്‍കുട്ടിയുടെ മുത്തശ്ശി ആസ്പത്രി അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആസ്പത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആസ്പത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.