ഭോപ്പാല്‍: ഗാന്ധി ഘാതകരുടെ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദു മഹാസഭ ‘ഗോഡ്‌സെ ലൈബ്രറി’ സ്ഥാപിച്ചു. ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭയുടെ ഗ്വാളിയോറിലെ ഓഫീസിലാണ് വായനശാലയുടെ പ്രവര്‍ത്തനം. ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കുകയും ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിനമായി ആചരിച്ചതിനും പിന്നാലെയാണ് ഹിന്ദു മഹാസഭ അദ്ദേഹത്തിന്റെ പേരില്‍ പുതിയ ലൈബ്രറിയും തുറന്നത്.

ഗോഡ്‌സെയുടെയും അദ്ദേഹത്തിന് പ്രചോദനമേകിയ നേതാക്കളുടെയും ചിത്രങ്ങളില്‍ മാലയിട്ടാണ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ ഞായറാഴ്ച വായനശാല അനാവരണം ചെയ്തത്. ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്‌ഗേവാര്‍, മദന്‍ മോഹന്‍ മാള്‍വ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളാണ് വായനശാലയിലുള്ളത്. ഗാന്ധി ഘാതകനായ നാരായണ്‍ ആപ്‌തെയുടെ ചിത്രവും ഗോഡ്‌സെയ്‌ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായനശാലയില്‍ പുസ്തകങ്ങളുടെ അനാവരണം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്‍മദിനമായ ജനുവരി 23ന് നടക്കും. അതേസമയം മഹാത്മാ ഗാന്ധിയുടെ ഘാതകരെ മഹത്വവത്കരിക്കുന്നതിനെതിരേ നടപടി സ്വീകരിക്കാതെ മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.