ഐ ലീഗ് ചാമ്പ്യന്മാരാകാന്‍ ഒരു പോയിന്റിന്റെ ദൂരം മാത്രമിരിക്കെ ഗോകുലം കേരളക്ക് സീസണിലെ ആദ്യ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ശ്രീനിധി എഫ് സിയോടാണ് ഗോകുലം പരാജയപ്പെട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോല്‍വി. ഇതോടെ കിരീടത്തിനായി ഗോകുലം ഇനിയും കാത്തിരിക്കണം.

19ാം മിനുട്ടില്‍ ലാല്‍റൊമാവിയയിലുടെയാണ് ശ്രീനിധി ആദ്യം സ്‌കോര്‍ ചെയ്തത്. സമനില ഗോളിനായുള്ള ഗോകുലത്തിന്റെ ശ്രമത്തിനിടെയാണ് ശ്രീനിധി രണ്ടാം ഗോള്‍ കണ്ടെത്തിയത്. ലാല്‍റോംമാവിയ തന്നെയാണ് വീണ്ടും ഗോള്‍ നേടിയത്. പിന്നാലെ 37ാം മിനുട്ടില്‍ ലാല്‍റോംമാവിയ മൂന്നാം ഗോള്‍ നേടി തന്റെ ഹാട്രിക് തികച്ചു. ഇതോടെ ശ്രീനിധി കളത്തില്‍ സമ്പൂര്‍ണ ആധിപത്യം കരസ്ഥമാക്കി.

47ാം മിനുട്ടില്‍ ഗോകുലം ഒരു ഗോള്‍ മടക്കി നല്‍കി തിരിച്ചുവരവിന് ശ്രമിച്ചു. നായകന്‍ ശരീഫ് മുഹമ്മദിന്റെ ബൂട്ടില്‍ നിന്നായിരുന്നു ആ ഗോള്‍. പക്ഷേ 54ാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ശരീഫിന് മടങ്ങേണ്ടി വന്നു. ഇതോടെ ഗോകുലത്തിന്റെ സാധ്യതകള്‍ മങ്ങി തുടങ്ങി.

പരാജയപ്പെട്ടെങ്കിലും ഗോകുലം തന്നെയാണ് പോയിന്റ് ടേബിളില്‍ മുകളില്‍. അടുത്ത മത്സരത്തില്‍ സമനില നേടിയാല്‍ പോലും ഗോകുലത്തിന് കിരീടം സ്വന്തമാക്കാവുന്നതാണ്. മെയ് 14ന് രാത്രി ഏഴിനാണ് അടുത്ത മത്സരം. മുഹമ്മദന്‍സിനെയായിരിക്കും ഗോകുലം കേരളം നേരിടുക.