കോഴിക്കോട്: ക്യാപ്റ്റന്‍ സുശാന്ത് മാത്യുവിന്റെ പ്രതികരണമനുസരിച്ച്് ഗോളടിക്കലാണ് ഐ ലീഗില്‍ നാളെ ആദ്യമായി ഹോംഗ്രൗണ്ടിലിറങ്ങുന്ന ഗോകുലം കേരള എഫ്‌സി താരങ്ങളുടെ പ്രധാന ഉന്നം. ആദ്യ കളി തോറ്റെങ്കിലും ആത്മവിശ്വാസത്തോടെയാണ് ഗോകുലം കേരള എഫ്‌സി നാട്ടിലെ മത്സരത്തിനായി കോഴിക്കോട്ടെത്തിയിരിക്കുന്നതെന്ന് കോച്ച് ബിനോ ജോര്‍ജ് കോഴിക്കോട്ട് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

ഇഎംഎസ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനം നടത്തിയ ടീം തിങ്കളാഴ്ച രാത്രി എട്ടിന് ചെന്നൈ സിറ്റി എഫ്‌സിയെ തറപറ്റിക്കാനുള്ള അടവുകളൊരുക്കുകയാണ്. ഗോകുലം ഷില്ലോങ്ങ് ലജോങ്ങിനോടു കൊടിയ തണുപ്പില്‍ കളിച്ചു തോറ്റാണ് ടീം തുടങ്ങിയത്. പൊരുതിനിന്ന ടീം ഒടുവില്‍ ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു. തോല്‍വി ടീമിനെ ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്ന് പരിശീലകന്‍ ബിനോ ജോര്‍ജ് പറയുന്നു. ‘കാലാവസ്ഥയാണ് തിരിച്ചടിയായത്. രാത്രി കടുത്ത തണുപ്പിലായിരുന്നു കളി. അതും 10, 12 ഡിഗ്രി സെല്‍ഷ്യസില്‍. വിലപ്പെട്ട പോയിന്റാണ് നഷ്ടമായത്്. കോഴിക്കോട്ട് മികച്ച കളി പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് താരങ്ങള്‍. രണ്ട് മണിക്കൊക്കെ കോഴിക്കോട്ട് കളിക്കുന്നതിലും ആശങ്കയുണ്ട്്. കാണികളുടെ കാര്യത്തിലും താരങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തിലും സമയക്രമം ബാധിക്കാനിടയുണ്ട്്്. പരിശീലകന്‍ പറഞ്ഞു.

കാല്‍പ്പന്തുകളി കളിയുടെ ഈറ്റില്ലമായ മലബാറില്‍നിന്നു കേരളത്തിന് പുതിയ പ്രതീക്ഷയായെത്തുന്ന ഫുട്‌ബോള്‍ ടീമിന് ഇവിടുത്തെ കാണികളുടെ കാര്യത്തിലും വലിയ പ്രതീക്ഷയാണുള്ളതെന്ന്് ക്ലബ് പ്രസിഡണ്ട് പ്രവീണ്‍ പറഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തെ ശ്രദ്ധേയമായ ടീമായി മാറുകയാണ് ലക്ഷ്യമെന്നും ആദ്യ നാല് സ്ഥാനക്കാരില്‍ ഇടം നേടാനാണ് ശ്രമമെന്നും പ്രവീണ്‍ പറഞ്ഞു.

കേരളീയര്‍ക്ക് പുറമെ വിദേശികളും അടങ്ങുന്നതാണ് ടീം. തനിക്ക് കേരള താരങ്ങളെ ഉള്‍പെടുത്താനായിരുന്നു താല്‍പര്യമെന്നും എന്നാല്‍ റിസള്‍ട്ട് എന്താണെന്നതാണ് ടീമിന്റെ ‘ഭാവിക്കു മുന്നിലെ പ്രധാന ചോദ്യമെന്നതിനാല്‍ വിദേശ താരങ്ങളെയും പരിചയ സമ്പന്നരെയും ഉള്‍പെടുത്തുകയായിരുന്നുവെന്നും കോച്ച് പറയുന്നു. ടീമിന്റെ ക്യാപ്റ്റന്‍ മുന്‍ ഐഎസ്എല്‍ താരം സുശാന്ത് മാത്യുവിന്റെ കാര്യത്തില്‍ കോച്ചിന് വലിയ പ്രതീക്ഷയുണ്ട്്്. സുശാന്തിന്റെ പ്രായത്തിന്റെ കാര്യത്തില്‍ ചോദ്യങ്ങളുയര്‍ന്നെങ്കിലും പരിചയസമ്പത്തിനാണ് താന്‍ മുന്‍ഗണന നല്‍കിയതെന്ന് കോച്ച് പറഞ്ഞു.

മഹാരാഷ്ട്ര സന്തോഷ് ട്രോഫി താരമായ മലപ്പുറം തിരൂര്‍ ഇര്‍ഷാദ് തൈവളപ്പിലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇര്‍ഷാദിന്റെ പ്രകടനത്തിലും വലിയ പ്രതീക്ഷയുണ്ടെന്ന് കോച്ച് പറഞ്ഞു. മറ്റ് അംഗങ്ങള്‍ മുഹമ്മദ് റാഷിദ് (മുന്‍ എംജി യൂണിവേഴ്‌സിറ്റി ക്യാപ്റ്റന്‍), നിഖില്‍ ബര്‍ണാഡ് (മുന്‍ ബംഗളൂരു എഫ്്.സി), പ്രിയന്ത് സിങ് (മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ), ബിലാല്‍ ഖാന്‍ (എഫ്.്‌സി പൂനെ സിറ്റി ), പി.എ. അജ്മല്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ), എസ്. ഷിനു (ജൂനിയര്‍ ഇന്ത്യ), പവോട്ട് ലക്കോറ (ജൂനിയര്‍ ഇന്ത്യ), സന്ദു സിങ് (ബംഗാള്‍ സന്തോഷ് ട്രോഫി ), ഡാനിയല്‍ അഡോ (ഘാന ), ഇമ്മാനുവല്‍(നൈജീരിയ), ജി. സഞ്ജു (എംജി യൂണിവേഴ്‌സിറ്റി ), ഫ്രാന്‍സിസ് അംബാനേ (കാമറൂണ്‍ ), വിക്കി(മണിപ്പൂര്‍ ), ഉസ്മാന്‍ ആഷിഖ് (കേരള സന്തോഷ് ട്രോഫി താരം),ബായി കമോ സ്റ്റീഫന്‍ (അഫ്ഗാനിസ്താന്‍ ), ഫൈസല്‍ സയേസ്റ്റീഹ് ( മോഹന്‍ ബഗാന്‍ ), എംബെല്ലെ (കോംഗോ ), മമാ(മിസോറാം ), റോഹിത് മിര്‍സ ( മോഹന്‍ബഗാന്‍ ), ഷുഹൈബ് (ജൂനിയര്‍ ഇന്ത്യ), ആരിഫ് ഷെയ്ക്ക് (ഡിഎസ്‌കെ ശിവാജിയന്‍സ് ), ഉര്‍ണോവ ഗുലാം (ഉസ്‌ബെക്കിസതാന്‍ ), ഖാലിദ് അല്‍ സലൈഹ്. മികച്ച കളിക്കാരിലൂടെ കളി മികവുമായാണ് ഗോകുലം കേരള എഫ്‌സി കേരളത്തില്‍ സാന്നിധ്യമറിയിക്കുകയെന്ന് കോച്ച് പറഞ്ഞു.കേരളത്തിലെ മികച്ച താരങ്ങളെ കണ്ടെത്തി ടീമിന്റെ ‘ാഗമാക്കിയതിനൊപ്പം ദേശീയ, അന്തര്‍ദേശീയ തലത്തിലെ മികവുള്ള താരങ്ങളെയും ടീമിലെടുത്ത് കരുത്തു വര്‍ധിപ്പിച്ചിട്ടുണ്ട്.

തുടക്കം മുതല്‍ കേരളത്തിലെ മികച്ച ടീമും ദേശീയ തലത്തില്‍ രണ്ടു വര്‍ഷത്തിനകം മുന്‍നിര ടീമും ആയി മാറുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഫുട്‌ബോള്‍ അക്കാഡമി ഉള്‍പ്പെടെ കേരളത്തിന്റെ കളി സാധ്യതകളില്‍ മുഴുവന്‍ ഊന്നിയുള്ളതായിരിക്കും ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍. കളിമിടുക്കുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി അക്കാദമി പ്രവര്‍ത്തിക്കും. കോച്ചുമാര്‍ക്ക് പരിമിതികളുണ്ട്്. നാളെ താരങ്ങള്‍ ഉണ്ടായെങ്കിലേ കളി മെച്ചപ്പെടുത്താനാവൂ. കോച്ച് പറഞ്ഞു. വിദേശ താരങ്ങളടക്കം എല്ലാവരും പരിക്കില്ലാതെ ആരോഗ്യ കാരങ്ങളിലും പൂര്‍ണ ഫിറ്റാണെന്ന് ടെക്‌നിക്കല്‍ ഡയറക്ടര്‍ സിഎം രഞ്ജിത് പറഞ്ഞു.

കോച്ചിന്റെ മികവില്‍ തങ്ങള്‍ക്ക് തികഞ്ഞ വിശ്വാസമാണെന്ന് സുശാന്ത് മാത്യു പറഞ്ഞു. ഐഎസ്എലിനോട് സമാനമായ എല്ലാ നിലവാരവും ഐലീഗിനുണ്ട്്്. എന്നാല്‍ ചില ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും സുശാന്ത് പറഞ്ഞു.
മുഖാമുഖത്തില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കെ പ്രേമനാഥ്, സെക്രട്ടറി വിപുല്‍നാഥ്, കെസി റിയാസ് തുടങ്ങിയവരും സംസാരിച്ചു.