കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4725 രൂപയുമായിരുന്നു വില. സ്വര്‍ണവില കുതിച്ചുയര്‍ന്ന് 42,000 രൂപയിലെത്തിയ ശേഷം ഇതുവരെ 4720 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ 26 ദിവസത്തിനിടെയാണ് വലിയ വിലക്കുറവിലേക്കെത്തിയത്. ഈ ദിവസങ്ങളില്‍ അന്താരാഷ്ട്ര സ്വര്‍ണ വില 2081 ഡോളറില്‍ നിന്നും 1965ലേക്ക് എത്തിയിട്ടുണ്ട്. 116 ഡോളറിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും രൂപ 74.89ല്‍ നിന്നും 72.96ലേക്കെത്തി കരുത്തായതാണ് ആഭ്യന്തര വിപണിയില്‍ വലിയ വിലക്കുറവായി പ്രതിഫലിക്കുന്നത്. രൂപ വീണ്ടും കരുത്ത് പ്രകടിപ്പിച്ച് 72ലേക്ക് എത്തുമെന്നാണ് സൂചനകള്‍. ഓണവിപണി സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40 – 50 ശതമാനത്തോളം വില്പന കുറവായിരുന്നെങ്കിലും വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ.

അതിനിടെ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ലോകരാജ്യങ്ങള്‍ സാമ്പത്തിക മേഖലയില്‍ വലിയ ഇടപെടലുകള്‍ നടത്തി വിപണി ശക്തിപ്പെടുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ വലിയ കുറവുണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ലോകരാജ്യങ്ങള്‍ വലിയ ഇടപെടലുകള്‍ നടത്തിയാല്‍ സ്വര്‍ണവിപണിയില്‍ അത് വലിയ പ്രതിഫലനമുണ്ടാക്കാനാണ് സാധ്യത.