കൊച്ചി:സ്വര്‍ണവില ഒന്നരമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,840 രൂപയായി. കോവിഡ് വാക്‌സിന്‍ ഉള്‍പ്പെടെ ആഗോള ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. 40 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,730 രൂപയായി. ജനുവരി ഒന്നിന് 37,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് 37,520 രൂപയായി വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്നലെ മാറ്റം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്ന് വീണ്ടും മുന്നേറ്റം രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞമാസം 37,680 രൂപ വരെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വര്‍ധിച്ചിരുന്നു. തുടര്‍ന്ന് താഴോട്ട് പോയ സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.