ന്യൂഡല്‍ഹി : സ്വര്‍ണക്കടത്തുകേസിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളത്തില്‍ എംപിമാരായ ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍, ഡീന്‍ കുര്യാക്കോസ്
എന്നിവര്‍ എഴുതിനല്‍കിയ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് സിങ് താക്കൂറാണ് മറുപടി നല്‍കിയത്.

അന്വേഷണ വിവരങ്ങള്‍ പുറത്തുപറയാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചത്.  30 കിലോസ്വര്‍ണമാണ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ല. അത് അന്വേഷണത്തെ ബാധിക്കും. കേസിലെ മുഖ്യപ്രതിയ്ക്ക് ഉന്നത സ്വാധീനം ഉണ്ട്. ഉന്നത സ്വാധീനം കേസിന്റെ നടപടികളെ സ്വാധീനിക്കാതിരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും എടുത്തിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിച്ചെന്നും സ്വര്‍ണക്കടത്തുകേസില്‍ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുമെന്ന് ഉറപ്പുനല്‍കുന്നതായും ധനകാര്യസഹമന്ത്രി അറിയിച്ചു.

അതേസമയം, ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ല സ്വര്‍ണക്കടത്തു നടന്നതെന്ന കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ വാദങ്ങളെ തള്ളുന്ന പരാമര്‍ശവും കേന്ദ്രം നടത്തി. ജൂലൈ 20 ന് ഇത്തരത്തില്‍ സ്വര്‍ണക്കടത്തു നടക്കുന്നുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിക്കുകയും ഇക്കാര്യം കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നതായും സര്‍ക്കാര്‍ അറിയിച്ചു. സ്വര്‍ണ കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴി തന്നെയാണ്. ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണം കടത്തുന്ന കാര്യം കസ്റ്റംസാണ് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്. 30 കിലോ സ്വര്‍ണം ആണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

എന്നാല്‍, ഡിപ്ലോമാറ്റിക് ബാഗെന്ന് സാങ്കേതികമായി മാത്രമേ പറയാന്‍ കഴിയൂ. നയതന്ത്ര പ്രതിനിധിയുടെ മേല്‍വിലാസത്തില്‍ വന്ന ഒരു ബാഗേജ് എന്ന തരത്തില്‍ അതിന് ഒരു ഡിപ്ലോമാറ്റിക് പരിവേഷം നല്‍കിയെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞിരുന്നത്.

2015 മുതല്‍ 2020 വരെ കേരളത്തില്‍ വലിയ തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്തതിന്റെ കണക്കുകളും കേന്ദ്രം നല്‍കിയിട്ടുണ്ട്. 2015-16 ല്‍ 2452 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചത്. 2016-17-ല്‍ 921 കിലോയും 2017-18 1996 2018-19ല്‍ 2946കിലോയും 2019-20-ല്‍ 2829കിലോയും 2020 മുതല്‍ ഇതുവരെ 123കിലോയും എന്നാണ് കേന്ദ്രം ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിവരം.