കോഴിക്കോട്: സ്വര്‍ണക്കടത്ത് തടയാന്‍ ശ്രമിച്ച ഡിആര്‍ഐ വിഭാഗം ജീവനക്കാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ട് താത്കാലിക ജീവനക്കാര്‍ പിടിയില്‍. ശുചീകരണ തൊഴിലാളികളെയാണ് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് ഹാളില്‍ എത്താതെ സ്വര്‍ണം പുറത്ത് എത്തിക്കാന്‍ ഇവര്‍ സഹായിച്ചുവെന്നാണ് നിഗമനം.

സ്വര്‍ണ്ണക്കടത്ത് സംഘമാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചത്. രണ്ട് പേര്‍ക്ക് ഗുരതരമായ പരിക്കേറ്റു. സംഘത്തിലെ ഒരാള്‍ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് താത്കാലിക ജീവനക്കാര്‍ പിടിയിലായത്. വിമാനത്താവളത്തില്‍ പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഘമാണ് അക്രമണം നടത്തിയത്. ബൈക്കിലെത്തിയ ഡിആര്‍ഐ സംഘം ഇന്നോവ കാറിന് കൈ കാട്ടിയപ്പോള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓഫീസര്‍ ആല്‍ബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ നജീബ് എന്നിവര്‍ക്ക് പരിക്കേറ്റു. നജീബിന്റെ പരിക്ക് സാരമുള്ളതാണ്.